ഇതിഹാസപ്പോരിലും പാകിസ്ഥാനെ വീഴ്ത്തി! കിരീടമുയര്‍ത്തി ഇന്ത്യ

 ഇതിഹാസപ്പോരിലും പാകിസ്ഥാനെ വീഴ്ത്തി! കിരീടമുയര്‍ത്തി ഇന്ത്യ

ബിര്‍മിങ്ഹാം: ഇതിഹാസ പോരാട്ടത്തിലും ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ആധിപത്യം. ഇതിഹാസ താരങ്ങളുടെ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യ ചാമ്പ്യന്‍സിന്. ഫൈനലില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ 5 വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ ചാമ്പ്യന്‍സ് കിരീടം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യ 19.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്താണ് വിജയവും കിരീടവും സ്വന്തമാക്കിയത്.

വിജയം തേടിയിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ അമ്പാട്ടി റായിഡു അര്‍ധ സെഞ്ച്വറി നേടി. താരം 30 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതം 50 റണ്‍സെടുത്തു.

പിന്നാലെ എത്തിയ ഗുര്‍കീരത് സിങ് 34 റണ്‍സുമായി ഒരറ്റം കാത്തു. ആറാമനായി എത്തിയ യൂസുഫ് പഠാന്‍ 16 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും തൂക്കി 30 റണ്‍സ് വാരിയതോടെ കളി ഇന്ത്യ കൈവിടില്ലെന്നു ഉറപ്പിച്ചു. ക്യാപ്റ്റന്‍ യുവരാജ് സിങ് (15), ഇര്‍ഫാന്‍ പഠാന്‍ (5) എന്നിവര്‍ പുറത്താകാതെ നിന്നു.

നേരത്തെ 36 പന്തില്‍ മൂന്ന് സിക്‌സുകള്‍ സഹിതം 41 റണ്‍സെടുത്ത ഷൊയ്ബ് മാലിക്കിന്റെ ബാറ്റിങാണ് പാകിസ്ഥാനെ രക്ഷിച്ചത്. ഷൊയ്ബ് മഖ്‌സൂദ് 12 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 21 റണ്‍സെടുത്തു. ഓപ്പണര്‍ കമ്രാന്‍ അക്മല്‍ 24 റണ്‍സും മിസ്ബ ഉള്‍ ഹഖ് 18 റണ്‍സും കണ്ടെത്തി. വാലറ്റത്ത് സുഹൈല്‍ തന്‍വീര്‍ 9 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 19 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യക്കായി അനുരീത് സിങ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വിനയ് കുമാര്‍, പവന്‍ നേഗി, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *