ദളപതി ആരാധകർക്ക് സന്തോഷവാർത്ത; വിജയ് അഭിനയം തുടരും ?

 ദളപതി ആരാധകർക്ക് സന്തോഷവാർത്ത; വിജയ് അഭിനയം തുടരും ?

ചെന്നൈ: തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുള്ള നടനാണ് വിജയ്. താരത്തിന്റെ ഓരോ സിനിമയുടെയും റിലീസ് അന്യഭാഷാചിത്രമെന്ന പേരിൽ അല്ല, സ്വന്തം ചിത്രമെന്ന രീതിയിലാണ് കേരളത്തിലും പ്രദർശനത്തിന് എത്തുന്നത്. വിജയ് ആരാധകരെ ഏറെ സങ്കടത്തിലാക്കിയ വാർത്തയായിരുന്നു നടൻ വിജയ് സിനിമ കരിയ‌ർ‌ അവസാനിപ്പിക്കുന്നു എന്നത്. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനാല്‍ തന്‍റെ ചലച്ചിത്ര കരിയറിന് താല്‍ക്കാലികമായി വിരാമം ഉണ്ടായിരിക്കും എന്നാണ് ദളപതി വിജയ് നേരത്തെ അറിയിച്ചിരുന്നത്. ​ഗോട്ട്, ദളപതി 69 എന്നീ സിനിമകളായിരിക്കും തന്റെ അവാസന സിനിമകളെന്നും ഔദ്യോ​ഗികമായി തന്നെ അറിയിച്ചിരുന്നു.

എന്നാൽ ചെറിയ ട്വിസ്റ്റിന് സാധ്യതയുള്ള റിപ്പോ‌ർട്ടുകളാണ് ഇപ്പോള്‍ വരുന്നത്. വിജയ് ചലച്ചിത്ര രംഗത്ത് തുടർന്നേക്കും എന്നാണ് തമിഴ് മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ദളപതി 70 ന് വേണ്ടി കഥകള്‍ കേള്‍ക്കുന്നുവെന്നും രണ്ട് സംവിധായകരുടെ കഥകള്‍ താരത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നും അവയുടെ ഫൈനല്‍ ഡ്രാഫ്റ്റിന് അനുസരിച്ച് സിനിമയുടെ പ്രീ പ്രൊഡക്ഷൻ വ‍ർ‌ക്കുകൾ ആരംഭിക്കുമെന്നുമാണ് റിപ്പോ‌ർട്ട്.

മാത്രമല്ല, സംവിധായകന്‍ അറ്റ്ലി, സംവിധായകന്‍ ഷങ്കര്‍ എന്നിവരുടെ കഥകള്‍ വിജയ്ക്ക് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നാണ് വിവരം. ശങ്കറിനൊപ്പം ഉള്ളത് ഒരു പൊളിറ്റിക്കൽ ത്രില്ലറാണെന്നും പറയപ്പെടുന്നു. അതേസമയം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിലാണ് വിജയ്. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ മാസം തമിഴക വെട്രിക് കഴകം പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടക്കുകയും ചെയ്തിരുന്നു. പാർട്ടി സമ്മേളനം സംഘടിപ്പിച്ച് രാഷ്ട്രീയ അടിത്തറ ശക്തമാക്കാനാണ് തമിഴക വെട്രിക് കഴകം ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *