ചെലവ് ചുരുക്കാൻ കെഎസ്ആർടിസി; കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ട്രിപ്പുകൾ റദ്ദാക്കും

 ചെലവ് ചുരുക്കാൻ കെഎസ്ആർടിസി; കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ട്രിപ്പുകൾ റദ്ദാക്കും

കൊല്ലം: കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കാനും അനാവശ്യ ചെലവുകൾ കുറയ്ക്കാനും വേണ്ടിയുള്ള നയത്തിന്റെ ഭാഗമായി കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കും. ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും യൂണിറ്റ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ അറിയിക്കുന്നതിനുവേണ്ടി യൂണിറ്റ് മേധാവികൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് ലഭിക്കാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും പുനഃക്രമീകരിച്ച് സർവീസ് നടത്തണം. എന്നിട്ടും നിശ്ചിത വരുമാനം ലഭിച്ചില്ലെങ്കിൽ അത് റദ്ദാക്കണമെന്നും നിർദേശത്തിൽ പറയുന്നു. കിലോമീറ്ററിന് എഴുപതു രൂപയിൽ കൂടുതൽ വരുമാനം നേടുന്ന അഡീഷണൽ സർവീസുകളോ ട്രിപ്പുകളോ നടത്തുന്നതിന് യൂണിറ്റ് മേധാവികൾക്ക് അനുമതിയുണ്ടാകും. തീരെ വരുമാനം കുറഞ്ഞ ട്രിപ്പുകൾ നടത്തിയാൽ അതിന് ഉത്തരവാദിയായവർ കാരണം ബോധിപ്പിക്കേണ്ടിവരും.

യൂണിറ്റുകളിലെ അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളുടെയും വിവിധ വിഭാഗം മേധാവികളുടെയും യോഗം ചേർന്ന് അവരുടെ നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി ചീഫ് ഓഫീസിലേക്ക്‌ അയയ്ക്കണം. കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരുടെയും ബസിന്റെയും കുറവുണ്ടെങ്കിൽ അതും അറിയിക്കണം. ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി ബസ്‌ സ്റ്റേഷനുകളിൽ പേ ആൻഡ് പാർക്ക് സംവിധാനം ഒരുക്കണം. പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്താനും നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *