യുട്യൂബ് കണ്ടുപഠിച്ച ഹിപ്നോട്ടിസം പരീക്ഷിച്ചത് സഹപാഠികളിൽ; അധ്യാപകരും രക്ഷകർത്താക്കളും മുൾമുനയിൽ നിന്നത് ഒരു പകൽ മുഴുവൻ
തൃശൂർ: യുട്യൂബ് കണ്ടുപഠിച്ച ഹിപ്നോട്ടിസം സഹപാഠികളിൽ പരീക്ഷിച്ചതോടെ ഒരു പകൽ മുഴുവൻ മുൾമുനയിൽ നിന്നത് സ്കൂളിലെ അധ്യാപകരും രക്ഷകർത്താക്കളും. ഹിപ്നോട്ടിസത്തിന് വിധേയരായ മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും ബോധരഹിതരായി വീഴുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദ്യം സംഭവമെന്തെന്ന് ആർക്കും മനസ്സിലായിരുന്നില്ല. കൊടുങ്ങല്ലൂരിലുള്ള പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് പത്താം ക്ലാസുകാരുടെ ഹിപ്നോട്ടിസം നാടിനെ തന്നെ നടുക്കിയത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളും ക്ലാസ് മുറിയിൽ ബോധമറ്റ് വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബോധമറ്റു വീണ പത്താം ക്ലാസുകാരായ വിദ്യാർത്ഥികളെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് മുഖത്ത് വെള്ളം തളിച്ച് വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കുട്ടികളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബോധരഹിതരായ കുട്ടികൾക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം ആർക്കും മനസിലായിരുന്നില്ല. ആശുപത്രിയിൽ ആദ്യം എത്തിച്ചത് മൂന്ന് പേരെയായിരുന്നു. ഇവരുടെ രക്തവും ഇ.സി.ജിയും മറ്റും പരിശോധിച്ചു. മറ്റ് ടെസ്റ്റുകളും നടത്തി. പിറകെയാണ് മറ്റൊരു കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ ആദ്യം ആശുപത്രിയിൽ എത്തിയ കുട്ടികൾ സാധാരണ നിലയിലേക്കെത്തി.
ഒടുവിൽ ആശുപത്രിയിലെത്തിച്ച കുട്ടിയെ ഡ്യൂട്ടി ഡോക്ടർ സ്‌പെഷ്യാലിറ്റി ആശുപത്രിയായ എ.ആർ. മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. വൈകിട്ടോടെ എല്ലാവരും സാധാരണ നിലയിലേക്ക് എത്തിയതോടെയാണ് രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും നാട്ടുകാർക്കും ആശ്വാസം വീണത്.
നാലുപേരുടെയും സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയാണ് കൗതുകത്തിനായി യൂട്യൂബ് കണ്ട് ഹിപ്‌നോട്ടിസം പരീക്ഷിച്ചതാണത്രെ വിനയായത്. തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പിൽ പിടിച്ച് വലിച്ചായിരുന്നത്രെ ഹിപ്‌നോട്ടിസം.