വയോധികയെ ആക്രമിച്ച് കവർന്നത് സ്വർണമാല; പിടിയിലായ ഓട്ടോഡ്രൈവർ ജീവകാരുണ്യപ്രവർത്തകൻ

 വയോധികയെ ആക്രമിച്ച് കവർന്നത് സ്വർണമാല; പിടിയിലായ ഓട്ടോഡ്രൈവർ ജീവകാരുണ്യപ്രവർത്തകൻ

കോഴിക്കോട്: കഴിഞ്ഞ ദിവസം വയോധികയായ യാത്രക്കാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന് പൊലീസ്. സംഭവത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ ഇയാളാണ് പ്രതിയെന്ന് ആദ്യം കണ്ടെത്തിയെങ്കിലും ഉണ്ണികൃഷ്ണന്‍ കുറ്റം നിഷേധിക്കുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ കുറ്റം നിഷേധിച്ചതോടെ പോലീസും ഒന്നും സംശയത്തിലായി. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും ചോദ്യംചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ഉണ്ണികൃഷ്ണന്‍ തന്റെ ഓട്ടോയില്‍ കയറിയ വയനാട് സ്വദേശിനിയായ 69-കാരിയെ ആക്രമിച്ച് രണ്ടുപവന്റെ സ്വര്‍ണമാല കവര്‍ന്നത്. ഇതിനുശേഷം വയോധികയെ റോഡില്‍ തള്ളി ഇയാള്‍ കടന്നുകളയുകയുംചെയ്തു. ഓട്ടോയില്‍നിന്നുള്ള വീഴ്ചയില്‍ പരിക്കേറ്റ ഇവര്‍ ഒരുമണിക്കൂറോളമാണ് വഴിയരികില്‍ കിടന്നത്. ഇതിനിടെ ചിലരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ബസില്‍ കയറി കൂടരഞ്ഞിയിലെ സഹോദരന്റെ വീട്ടിലെത്തിയശേഷമാണ് ആശുപത്രിയില്‍ ചികിത്സതേടിയത്.

സംഭവദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് 69-കാരി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയത്. തുടര്‍ന്ന് നാല് സ്ത്രീകള്‍ക്കൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോകാന്‍ തീരുമാനിച്ചു. മഴ പെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന സ്ത്ര്ീകള്‍ മേലപാളയത്തെ ഹോട്ടലില്‍ കയറി. ഇതിനിടെയാണ് അതുവഴിയെത്തിയ ഉണ്ണികൃഷ്ണന്റെ ഓട്ടോയില്‍ 69-കാരി കയറിയത്. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്ക് പോകാനാണ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴിമാറി സഞ്ചരിച്ചു. വഴിമാറിയെന്ന് മനസിലായതോടെ ഓട്ടോ നിര്‍ത്താന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ കൂട്ടാക്കിയില്ല. ഇതിനുപിന്നാലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഡ്രൈവര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുക്കുകയും ഇവരെ ഓട്ടോയില്‍നിന്ന് തള്ളിയിട്ട് കടന്നുകളയുകയായിരുന്നു.

നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുകയും സ്ത്രീസുരക്ഷയില്‍ വെല്ലുവിളി ഉയര്‍ത്തിയതുമായ സംഭവത്തില്‍ അതീവഗൗരവത്തോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. വയോധികയുടെ പരാതി ലഭിച്ചതിന് പിന്നാലെ കേസില്‍ അന്വേഷണം നടത്താനായി ജില്ലാ പോലീസ് മേധാവി പ്രത്യേകസംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് നഗരത്തിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പോലീസ് അരിച്ചുപെറുക്കി. നഗരത്തില്‍ രാത്രി ഓടുന്ന ഓട്ടോകളുടെ പട്ടികയും പരിശോധിച്ചു. ഒടുവില്‍ ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉണ്ണികൃഷ്ണനാണെന്ന് വ്യക്തമായത്.

അതേസമയം, സ്ഥിരം മദ്യപിക്കുമെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തകനാണ് പ്രതിയെന്നത് പോലീസിനെ ഞെട്ടിച്ചു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ ഇടപെട്ടിരുന്നതായാണ് പോലീസ് പറയുന്നത്. അതിനാല്‍തന്നെ പ്രതി ആദ്യം കുറ്റം നിഷേധിച്ചപ്പോള്‍ പോലീസിനും സംശയമായി. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

എം.സി.സി.ക്ക് സമീപത്തുനിന്നും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്ക് ഓട്ടോയില്‍ കയറിയ യാത്രക്കാരിയെ വഴിതെറ്റിച്ച് ചിന്താവളപ്പ്, പാവമണി റോഡ് വഴി മുതലക്കുളം ഭാഗത്തേക്കാണ് പ്രതി സഞ്ചരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവിടെവെച്ചാണ് കഴുത്തിലണിഞ്ഞിരുന്ന രണ്ടുപവന്റെ മാല പൊട്ടിച്ചത്. ഇത് തടയാന്‍ ശ്രമിച്ചതോടെ വയോധികയെ ആക്രമിച്ച് ഓട്ടോയില്‍നിന്ന് തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ വയോധികയ്ക്ക് രണ്ടുപല്ലുകള്‍ നഷ്ടമായി. താടിയെല്ലിനും പരിക്കേറ്റു.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഡി.ഐ.ജി. രാജ്പാല്‍ മീണയുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ അനൂജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ടൗണ്‍ അസി. കമ്മീഷണര്‍ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും ചേര്‍ന്നാണ് കേസില്‍ പ്രതിയെ പിടികൂടിയത്.

ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ്, സബ് ഇന്‍സ്‌പെക്ടര്‍ പി.കെ.ഇബ്രാഹിം, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമ്മണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, ടൗണ്‍ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ മുരളീധരന്‍,എ.മുഹമ്മദ് സിയാദ്, ബൈജു നാഥ്.എം, സീനിയര്‍ സിപി ഒ ശ്രീജിത്ത് കുമാര്‍ പി,രജിത്ത്,സിപിഒ ജിതേന്ദ്രന്‍ എന്‍, രഞ്ജിത്ത്.സി, പ്രജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ജില്ലയില്‍ വ്യക്തമായ രേഖകളില്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളെ സംബന്ധിച്ച് പോലീസിന് തെളിവുകള്‍ ലഭിച്ചതായും ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.ഐ.ജി. രാജ്പാല്‍ മീണ അറിയിച്ചു. ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് ഓട്ടോ ഓടിക്കുന്നവരെക്കുറിച്ചും സ്റ്റാന്‍ഡില്‍ കയറാതെ കറങ്ങിനടന്ന് യാത്രക്കാരില്‍നിന്ന് കൂടുതല്‍ പണം ആവശ്യപ്പെടുന്നതായുള്ള പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേയും നടപടി കര്‍ശനമാക്കുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *