റബർ കർഷകർക്ക് നല്ലകാലം; കിലോയ്ക്ക് 40 രൂപ കൂടി; കേരളത്തില്‍ വില 206; കുരുമുളകും കൊക്കോയും വിലയിടിയുന്നു
കോട്ടയം: റബർ കർഷകർക്ക് ഇപ്പോൾ നല്ലകാലമാണ്. രാജ്യാന്തര വിപണിയിലേക്കാള്‍ റബറിന്റെ ആഭ്യന്തര വില കിലോയ്ക്ക് 40 രൂപ കൂടിയതോടെ ടയര്‍ വ്യവസായികള്‍ ഇറക്കുമതി ആവശ്യം ശക്തമാക്കി. വാങ്ങല്‍ താത്പര്യം ഗണ്യമായി കൂടിയതോടെ ഷീറ്റ് ലഭ്യത കുറയുകയും കിലോക്ക് 206 രൂപ വരെ നല്‍കി റബര്‍ വാങ്ങാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുണ്ണ സാഹചര്യമാണ്. കപ്പല്‍, കണ്ടെയ്നര്‍ എന്നിവയുടെ ക്ഷാമത്താൽ ഇറക്കുമതി കരാര്‍ ഉറപ്പിച്ച കമ്പനികള്‍ക്ക് ചരക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
ബാങ്കോക്കില്‍ 167 രൂപയാണ് വില. കേരളത്തില്‍ റബര്‍ ബോര്‍ഡ് വില 206ല്‍ എത്തിയെങ്കിലും മഴ ശക്തമായതോടെ ടാപ്പിംഗ് നിലച്ചതിനാല്‍ വിപണിയില്‍ വിട്ടുനിന്ന് വില കുറയ്ക്കാനുള്ള തന്ത്രങ്ങള്‍ പാളി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്താരാഷ്ട്ര, ആഭ്യന്തര വിലകളിലെ അന്തരം 40 രൂപയിലെത്തുന്നത്.
റബര്‍ വില 200 കടന്നതോടെ സബ്‌സിഡി ഇനത്തില്‍ കോടികളുടെ ലാഭമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്.റബറിന് 180 രൂപയാണ് തറവില നിശ്ചയിച്ചിട്ടുള്ളത്. വില കൂടിയതോടെ തറവില 210-220 രൂപയാക്കണമെന്ന ആവശ്യം കര്‍ഷക സംഘടനകള്‍ ശക്തമാക്കിയിട്ടുണ്ട്.
കുരുമുളക് വില കുറയുന്നു
ആഗോളതലത്തില്‍ കുരുമുളക് ക്ഷാമം ശക്തമായതിനാല്‍ സ്റ്റോക്കുള്ള ചരക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ താത്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ആഗോള തലത്തില്‍ ഡിമാന്‍ഡ് കുറഞ്ഞതോടെ വില ഇടിഞ്ഞു. മഴ മൂലം ഉത്തരേന്ത്യയിലും ഡിമാന്‍ഡ് കുറവാണ്. മസാല കമ്പനികള്‍ വാങ്ങുന്ന തോത് കുറച്ചതും വിനയായി.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില 8825ല്‍ നിന്ന് 8300 ഡോളറായി. വിയറ്റ്‌നാം 7400ല്‍ നിന്ന് 7000 ഡോളറായി. ബ്രസീല്‍ 7400ല്‍ നിന്ന് 7200 ഡോളറിലേക്ക് താഴ്ന്നു. ഇന്തോനേഷ്യയില്‍ വില 8000ല്‍ നിന്ന് 7800 ഡോളറായി. ഇതോടൊപ്പം ശ്രീലങ്കന്‍ മുളകിന്റെ വരവും കൂടി. ഇതു തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും കുരുമുളക് വില ഇടിയും. എന്നാല്‍ നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ഉത്സവ സീസണോടെ വില കുതിച്ചുയരുമെന്ന പ്രതീക്ഷയില്‍ സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് പിടിച്ചു വെക്കുകയാണ്.
കൊക്കോ വിലയും ഇടിയുന്നു
കുതിച്ചുയര്‍ന്ന കൊക്കോ വില 550 രൂപയിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ 450ല്‍ നിന്ന് 680 രൂപ വരെ ഉയര്‍ന്ന ശേഷമാണ് കുത്തനെ ഇടിഞ്ഞത്. മഴകാരണം ജലാംശം കൂടിയതും വില ഇടിച്ചു. ഫംഗസ് ബാധ കാര്‍ഷിക മേഖലയില്‍ ആശങ്കയായി. അടുത്ത സീസണിലെ ഉത്പാദനത്തെ ഇത് ദോഷകരമായി ബാധിച്ചേക്കും.