ബിഎസ്പി നേതാവിന്റെ കൊലപാതകം; ചെന്നൈയിൽ പ്രതിഷേധം പുകയുന്നു; പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം
ചെന്നൈ: ബിഎസ്പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായത് യഥാർഥ പ്രതികളല്ലെന്ന് വിമർശനം. സംഭവത്തിൽ ചെന്നൈയിൽ ബിഎസ്പി പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ.ആംസ്ട്രോങിനെ ചെന്നൈയിലെ വീടിന് അടുത്ത് വച്ചാണ് ആറംഗസംഘം കൊലപ്പെടുത്തിയത്.
ആംസ്ട്രോങ്ങിനെ കൊലപാതകത്തെ അപലപിച്ച ബിഎസ്പി അധ്യക്ഷ മായാവതി, പ്രവർത്തകരോട് സംയമനം പാലിക്കാൻ നിർദേശിച്ചു. സംസ്ഥാനത്തെ ശക്തമായ ദലിത് ശബ്ദമായ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയവരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മായാവതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കൊലപാതകത്തിൽ ഇതുവരെ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് അറിയിച്ചു. പ്രതികൾ കൊലപാതകശേഷം രക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
എന്നാൽ പിടിയിലായവർ യഥാർഥ പ്രതികളല്ലെന്ന് ഇന്ത്യാ മുന്നണി നേതാവും ദലിത് പാർട്ടിയായ വിസികെയുടെ അധ്യക്ഷനുമായ എം.പി.തിരുമാവളൻ ആരോപിച്ചത് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരത്തെ, രാഹുൽ ഗാന്ധിയും ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ അപലപിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് ഇതോടെ ശക്തിയേറി.
കൊലപാതകം നടത്തിയവരെ രാത്രി തന്നെ പിടികൂടിയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വ്യക്തമാക്കി. ബിഎസ്പി നേതാവിന്റെ കൊലപാതകത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും സ്റ്റാലിൻ അറിയിച്ചു. ആംസ്ട്രോങ്ങിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മായാവതി നാളെ ചെന്നൈയിൽ എത്തും.