ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; ജാ​ഗ്രതാ നിർദ്ദേശം

 ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; ജാ​ഗ്രതാ നിർദ്ദേശം

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചത്. പാലക്കാടും വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

എന്താണ് വെസ്റ്റ് നൈല്‍?

ക്യൂലക്‌സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ്.

രോഗപ്പകര്‍ച്ച
ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ മലപ്പുറം ജില്ലയില്‍ 6 വയസകാരന്‍ വെസ്റ്റ് നൈല്‍ ബാധിച്ച് മരണമടഞ്ഞിരുന്നു.

രോഗലക്ഷണങ്ങള്‍

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *