തിരുവനന്തപുരത്ത് മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചു; മുത്തച്ഛൻ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ. മണ്ണന്തലയിലെ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അതേസമയം, കുട്ടിയെ മുത്തച്ഛൻ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛൻ അഭിജിത് പറഞ്ഞു. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിക്കുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഈ മാസം 24 നായിരുന്നു കുട്ടിക്കെതിരെ ആക്രമണം നടന്നത്. അമ്മയുടെ രണ്ടാനച്ഛൻ കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് പൊള്ളിച്ചത്. ജോലിക്ക് പോയതിനാൽ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു.