കളിയിക്കാവിള കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ; ഏഴരലക്ഷം രൂപ കണ്ടെടുത്തു, അഞ്ചുലക്ഷം കുഴിച്ചിട്ട നിലയിൽ
തിരുവനന്തപുരം∙ കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപു കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. ഒളിവിലുള്ള മുഖ്യപ്രതി സുനിലിന്റെ സുഹൃത്ത് പ്രേമചന്ദ്രനാണ് പിടിയിലായത്. സുനിലും പ്രേമചന്ദ്രനും ചേർന്നാണ് മുഖ്യപ്രതി അമ്പിളിയെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടതെന്നാണ് പൊലീസ് നിഗമനം. ഇവരുടെ നിർദേശപ്രകാരമാണ് കൊലപാതകം നടന്നതെന്നാണ് സംശയം.
മോഷ്ടിച്ച പത്തുലക്ഷം രൂപയിൽ അഞ്ചുലക്ഷം രൂപ പ്രതിയുടെ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിലാണ് പോലീസ് കണ്ടെടുത്തത്. ബുധനാഴ്ച രാത്രി ഒരുമണിക്കു ശേഷം അന്വേഷണസംഘം നാല് ടാക്സി വാഹനങ്ങളിലായി പ്രതിയുടെ വീട്ടിലെത്തിയാണ് പണം കണ്ടെത്തിയത്. അയൽവാസിയുടെ വീട്ടിൽനിന്ന് രണ്ടരലക്ഷം രൂപയും കണ്ടെത്തി. ബാക്കി തുകയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
കുടുംബശ്രീയിൽനിന്നു വായ്പ ലഭിച്ച തുകയാണെന്നു പറഞ്ഞാണ് അയൽവാസിയുടെ വീട്ടിൽ സൂക്ഷിക്കാൻ നൽകിയിരുന്നത്. സജിയുടെ ഭാര്യയെ വിളിച്ചുവരുത്തി നടത്തിയ ചോദ്യംചെയ്യലിലാണ് പണം വീട്ടിലുണ്ടെന്ന് ഇവർ പറഞ്ഞത്.കൊലപാതകദിവസം സജികുമാർ വീട്ടിലുണ്ടായിരുന്നുവെന്നാണ് ഭാര്യ അന്വേഷണസംഘത്തോട് ആദ്യം പറഞ്ഞത്. സംശയമുണ്ടെങ്കിൽ മൊബൈൽഫോൺ ടവർ പരിശോധിക്കാനും ആവശ്യപ്പെട്ടു.
സജികുമാർ കൊലപാതകം നടത്തിയതായി സമ്മതിക്കുന്ന മൊഴിയുടെ ശബ്ദരേഖ അന്വേഷണസംഘം കേൾപ്പിച്ചതോടെ സജി വീട്ടിലില്ലായിരുന്നുവെന്നും മൊബൈൽഫോൺ വീട്ടിൽ വച്ചിട്ടാണ് പോയതെന്നും ഇവർക്കു സമ്മതിക്കേണ്ടിവന്നു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് പണം വീട്ടിലുണ്ടെന്നു സമ്മതിച്ചത്. ആദ്യം അഞ്ചു ലക്ഷം രൂപ മാത്രമേയുള്ളൂവെന്നു പറഞ്ഞെങ്കിലും ഒടുവിൽ മുഴുവൻ പണത്തിന്റെയും വിവരം നൽകി. പണത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് സജികുമാർ ആദ്യംമുതൽ പറഞ്ഞിരുന്നത്.
പാറമട വ്യവസായിയായ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ മലയം ചൂഴാറ്റുകോട്ട സ്വദേശി സജികുമാർ(55) എന്ന ചൂഴാറ്റുകോട്ട അമ്പിളിയെ മാർത്താണ്ഡം കോടതി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട ദീപുവിന്റെ വാഹനത്തിലുണ്ടായിരുന്ന പണത്തിൽനിന്നുള്ള ഏഴരലക്ഷം രൂപ സജിയിൽനിന്ന് തമിഴ്‌നാട് പോലീസ് കണ്ടെടുത്തു.