വന്‍ കുതിപ്പില്‍ മഞ്ഞലോഹം; സ്വർണവിലയിൽ വർധനവ്; 600 രൂപ വർധിച്ച് പവന് 53730 രൂപയിലെത്തി
കൊച്ചി: സംസ്ഥാനത്തിന് സ്വർണത്തിന്റെ വിലയിൽ വർദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 53720 രൂപയാണ്. പവന് 600 രൂപയും ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ട വില 6715 രൂപയാണ്. ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ 58000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 51000 രൂപ കൈയ്യില്‍ കിട്ടും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചാഞ്ചാടിയിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് 600 രൂപയാണ് പവന്മേല്‍ വര്‍ധിച്ചിരിക്കുന്നത്. ഇതോടെ 54000ത്തിലേക്ക് അടുക്കുകയാണ് പവന്‍ വില.
ഈ മാസം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് കഴിഞ്ഞ ഏഴാം തിയ്യതി ആയിരുന്നു. പവന് 54080 രൂപയായിരുന്നു അന്ന്. പിന്നീട് ഘട്ടങ്ങളായി വില കുറഞ്ഞെങ്കിലും ഇന്നത്തെ വര്‍ധനവ് സൂചിപ്പിക്കുന്നത് സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തുമെന്നാണ്. പലിശ നിരക്കിലുള്ള ആശങ്കയാണ് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്താന്‍ കാരണം.
കേന്ദ്ര ബാങ്കുകള്‍ വൈകാതെ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്ന പ്രചാരണം വിപണികളിലുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നും ബോണ്ടുകളില്‍ നിന്നുമുള്ള വരുമാനം കുറയും. ഇത് മുന്‍കൂട്ടി കണ്ട് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. ആവശ്യക്കാര്‍ കൂടുമെന്ന് ഉറപ്പായതോടെ സ്വര്‍ണവില കുതിച്ചു. അതേസമയം, ഈ പ്രവണത എല്ലാ ദിവസവും തുടരണമെന്നില്ല. മറിച്ചുള്ള പ്രചാരണം വന്നാല്‍ വില കുറയും.
18, 22, 24 ക്യാരറ്റിലാണ് സാധാരണ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത്. 22 ക്യാരറ്റിലുള്ള സ്വര്‍ണമാണ് കേരളത്തില്‍ പ്രിയം. വില വര്‍ധിച്ച സാഹചര്യത്തില്‍ 18 ക്യാരറ്റിലുള്ള സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. വ്യത്യസ്തമായ ഡിസൈനിലുള്ള ആഭരണങ്ങള്‍ 18 ക്യാരറ്റില്‍ ലഭിക്കുന്നതും ആകര്‍ഷകമാക്കുന്നു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് സംവിധാനം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ വില കൂടിയാലും ആശങ്കപ്പെടേണ്ടതില്ല.
രൂപയുടെ കാര്യം പരുങ്ങലിലാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 83.59ലെത്തി. രൂപ വലിയ ഇടിവ് തുടരുന്നത് വ്യാപാര കമ്മി വര്‍ധിപ്പിക്കുകയും സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിക്ക് കാരണമാകുകയും ചെയ്യും. ഡോളര്‍ സൂചിക ഉയരത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. 105.57 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. കഴിഞ്ഞ ദിവസത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ നാമമാത്രമായ ഇടിവ് വന്നിട്ടുണ്ട്.
എണ്ണവില ഉയര്‍ന്ന അളവില്‍ തുടരുന്നതാണ് മറ്റൊരു വെല്ലുവിളി. ബ്രെന്റ് ക്രൂഡ് ബാരലിന് 85.58 ഡോളറാണ് പുതിയ വില. അമേരിക്കയുടെയും യുഎഇയുടെയും എണ്ണവിലയും ഉയര്‍ന്ന് നില്‍ക്കുന്നു. ലബ്‌നാന്‍-ഇസ്രായേല്‍ യുദ്ധത്തിന് സാധ്യതയുണ്ട് എന്ന പ്രചാരണം എണ്ണ വില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമാണ്. മാത്രമല്ല, ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ആവശ്യം വര്‍ധിച്ചിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന അളവില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ട് രാജ്യങ്ങളാണിത്.