കുവൈത്ത് ദുരന്തം; മരിച്ചവരുടെ എണ്ണം 50 ആയി; 23 മലയാളികളുടെ അടക്കം 31 മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ 10.30ഓടെ കൊച്ചിയിലെത്തിക്കും

 കുവൈത്ത് ദുരന്തം; മരിച്ചവരുടെ എണ്ണം 50 ആയി; 23 മലയാളികളുടെ അടക്കം 31 മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ 10.30ഓടെ കൊച്ചിയിലെത്തിക്കും

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ചികിത്സയിലിരുന്ന ഒരു ഇന്ത്യാക്കാരന്‍ കൂടിയാണ് മരിച്ചത്. കുവൈത്ത് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അപകടത്തില്‍ മരിച്ച 23 മലയാളികളുടെ അടക്കം 31 മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. തമിഴ്‌നാട് സ്വദേശികളുടേയും, കര്‍ണാടക സ്വദേശിയുടേയും മൃതദേഹങ്ങള്‍ കൊച്ചിയില്‍ വെച്ച് വീട്ടുകാര്‍ക്ക് കൈമാറും.

ഏഴു തമിഴ്‌നാട് സ്വദേശികളും ഒരു കര്‍ണാടക സ്വദേശിയുമാണ് കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത്. രാവിലെ 10.30 ഓടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിച്ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. വിമാനത്താവളത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷം വീട്ടുകാര്‍ക്ക് കൈമാറും. വിമാനത്താവളത്തില്‍ അരമണിക്കൂറാകും പൊതുദര്‍ശനം.

ഗാര്‍ഡ് റൂമിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കുവൈത്ത് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം ഇത്തരത്തില്‍ ക്രമക്കേടുകള്‍ ഉണ്ടോയെന്നറിയാന്‍ കൂവൈത്തിലെ ലേബര്‍ ക്യാമ്പുകളില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. 568 കെട്ടിടങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 189 ബേസ്‌മെന്റുകളില്‍ അനധികൃതമായി താമസിപ്പിച്ചിരുന്നവരെ ഒഴിപ്പിച്ചു.

തീപിടിത്തമുണ്ടായ അല്‍ അഹ്മദി ഗവര്‍ണറേറ്റിന് പുതിയ ഗവര്‍ണറെ നിയമിച്ചു. ഷെയ്ഖ് ഹുമൂദ് ജാബര്‍ അല്‍അഹമ്മദ് അല്‍സബ ആണ് പുതിയ ഗവര്‍ണര്‍. കുവൈറ്റ് അമീര്‍ ആണ് പുതിയ ഗവര്‍ണറെ നിയമിച്ച് ഉത്തരവിറക്കിയത്. അപകടത്തില്‍ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. ഇതില്‍ 46 പേരും ഇന്ത്യക്കാരാണ്. 3 പേര്‍ ഫിലിപ്പീന്‍സില്‍നിന്നുള്ളവരാണ്. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പ്രവാസി വ്യവസായികളും ഉള്‍പ്പെടെ 22 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ കുവൈത്ത് സര്‍ക്കാരും സഹായം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *