4.75 കോടി രൂപയുടെ മക്ലാരൻ ജി ടി എലി കരണ്ടു; വെളിപ്പെടുത്തലുമായി കാർത്തിക് ആര്യൻ
ബോളിവുഡിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് കാർത്തിക് ആര്യൻ. താരത്തിന് സിനിമയോടും വാഹനങ്ങളോടും വലിയ ആവേശമാണ്. ഇപ്പോഴിതാ വാഹനപ്രേമിയായ അദ്ദേഹത്തിന്റെ ഗാരേജിലെ വാഹനം എലി നശിപ്പിച്ചെന്ന വാർത്തയാണ് പുറത്തുവരുന്നത്. മക്ലാരൻ ജി ടി യുടെ മാറ്റ് ആണ് എലി കരണ്ടത്. 4.75 കോടി രൂപ വിലവരുന്ന വാഹനത്തെ പൂർവസ്ഥിതിയിലാക്കാൻ പിന്നീട് തനിക്ക് ലക്ഷങ്ങൾ മുടക്കേണ്ടി വന്നുവെന്ന് കാർത്തിക് ആര്യൻ വെളിപ്പെടുത്തി.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ. സ്ഥിരമായി ഉപയോഗിച്ചിരുന്നത് വേറൊരു വാഹനമായിരുന്നു. മക്ലാരനിലെ യാത്ര വളരെ ചുരുക്കമായിരുന്നു. വാഹനം ഗാരിജിൽ സുരക്ഷിതമായി തന്നെയാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ എലി വാഹനത്തിൽ കയറിപ്പറ്റുകയും മാറ്റ് പൂർണമായും നശിപ്പിക്കുകയും ചെയ്തു. പിന്നീട് അത് പഴയപോലെ ആക്കിയെടുക്കാൻ ലക്ഷങ്ങളാണ് ചെലവാക്കേണ്ടി വന്നത്. എലി മൂലം തനിക്കു സംഭവിച്ച ദുരവസ്ഥയെ കുറിച്ച് കാർത്തിക് ആര്യന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സൂപ്പർ ഹിറ്റായി ഓടിയ ഭൂൽ ഭൂലയ്യ -2 വിന്റെ വിജയമാഘോഷിക്കുന്നതിന്റെ ഭാഗമായി സിനിമയുടെ നിർമാതാവും ടി സീരിസിന്റെ ഉടമയുമായ ഭൂഷൺ കുമാർ, കാർത്തിക് ആര്യന് സമ്മാനിച്ചതാണ് മക്ലാരൻ ജി ടി. ഇന്ത്യയിലെ ആദ്യത്തെ മക്ലാരൻ എന്ന സവിശേഷതയും ഈ വാഹനത്തിനുണ്ട്. ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 180 കോടിയിലേറെ രൂപയാണ്. ആ സന്തോഷത്തിൽ 2022 ലാണ് ഭൂഷൺ കുമാർ, താരത്തിന് ഈ വാഹനം സമ്മാനിച്ചത്. ഈ മക്ലാരൻ ജി ടി കൂടാതെ ലംബോർഗിനി ഉറൂസ് ക്യാപ്സൂൾ എഡിഷൻ, പോർഷെ ബോക്സ്റ്റർ, ബി എം ഡബ്ള്യു 5 സീരീസ്, മിനി കൂപ്പർ എസ് കൺവെർട്ടബിൾ തുടങ്ങി ആഡംബരത്തിന്റെ മറുവാക്കുകൾ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരുപിടി വാഹനങ്ങൾ കാർത്തിക് ആര്യന്റെ ഗാരിജിലുണ്ട്.
2019 ൽ ആഗോള വിപണിയിൽ അവതരിപ്പിച്ച വാഹനത്തിന്റെ ക്ലാസിക് ഓറഞ്ച് നിറമാണ് കാർത്തിക് ആര്യന്റെ ഗാരിജിലെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് കാറുകളിൽ ഒന്നായ ജി ടി യ്ക്ക് കരുത്ത് പകരുന്നത് 4.0 ലീറ്റർ വി8 എൻജിനാണ്. 611 ബി എച്ച് പി പവറും 630 എൻ എം ടോർക്കും ഉല്പാദിപ്പിക്കുമിത്. ഏഴ് സ്പീഡ് ഡ്യൂവൽ ക്ലച്ച് ട്രാൻസ്മിഷനാണ് വാഹനത്തിന്റെ ഗീയർ ബോക്സ്. 327 കിലോമീറ്ററാണ് പരമാവധി വേഗമായി നിജപ്പെടുത്തിയിരിക്കുന്നത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.2 സെക്കൻഡുകൾ മാത്രം മതി.