മലയാളികൾക്ക് പ്രിയം നോണ്‍വെജ്ജിനോട്; കൂടുതല്‍ പണം ചെലവഴിച്ചത് ഇറച്ചിക്കും മീനിനും മുട്ടയ്ക്കും, റിപ്പോർട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് നോണ്‍വെജ്ജിനോട് ഏറ്റവും പ്രിയം മലയാളികള്‍ക്ക്. മുട്ട, മത്സ്യം, മാംസം തുടങ്ങി സസ്യേതര വിഭാഗത്തിനായാണ് കേരളം ഭക്ഷണച്ചെലവിൻ്റെ ഏറ്റവും കൂടുതൽ വിഹിതം ചെലവഴിച്ചതെന്ന് കേന്ദ്രം അടുത്തിടെ പുറത്തുവിട്ട 2022-2023 ഗാര്‍ഹിക ഉപഭോഗ ചെലവുകളുടെ സര്‍വെ ഫലത്തിൽ ചൂണ്ടികാണിക്കുന്നു.
സംസ്ഥാനത്തിലെ ഗ്രാമപ്രദേശങ്ങളിൽ ആളുകൾ തങ്ങളുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം സസ്യേതര വിഭാഗത്തിനായാണ് ചെലവഴിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരപ്രദേശങ്ങളിൽ ഇത് 19.8 ശതമാനവുമാണ്. ഈ വിഭാഗത്തില്‍ അസം രണ്ടാം സ്ഥാനത്തും (20 ശതമാനം) പശ്ചിമ ബംഗാള്‍ മൂന്നാം സ്ഥാനത്തുമാണ് (18.9 ശതമാനം). ഇന്ത്യയിലെ 18 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവെയിൽ നഗരപ്രദേശങ്ങളിൽ പട്ടികവർഗ കുടുംബങ്ങൾ ഏറ്റവും സമ്പന്ന വിഭാഗമായി കണ്ടെത്തിയ ഏക സംസ്ഥാനവും കേരളമാണ്.
മൊത്തം ഭക്ഷണച്ചെലവിൽ പഴങ്ങൾക്കായി ചെലവഴിക്കുന്നതിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. നഗരത്തിലുള്ളവർ 12 ശതമാനം ചെലവഴിക്കുമ്പോൾ ഗ്രാമത്തിലുള്ളവർ പഴങ്ങള്‍ക്കായി 11.3 ശതമാനമാണ് ചെലവഴിക്കുന്നത്. കൂടാതെ ഗ്രാമീണ പ്രദേശങ്ങളിൽ പ്രതിശീര്‍ഷ പ്രതിമാസ ഗാര്‍ഹിക ചെലവ് (MPCE) ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയതും കേരളത്തിലാണ്. 5924 രൂപയാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. 3773 രൂപയാണ് ദേശീയ ശരാശരി.
എന്നാൽ നഗരങ്ങളിൽ എത്തുമ്പോൾ ഹരിയാന, തെലങ്കാന, തമിഴ്നാട് എന്നിവയ്ക്ക് ശേഷം നാലാം സ്ഥാനത്താണ് കേരളം. എംപിസിഇയിലെ നഗര-ഗ്രാമ വ്യത്യാസം കേരളത്തിൽ ഏറ്റവും താഴ്ന്നതാണ് (19 ശതമാനം). ഇതില്‍ ദേശീയ ശരാശരി 71 ശതമാനമാണ്. കേരളത്തിലെ നഗരങ്ങളിലെ പട്ടികവർഗ കുടുംബങ്ങൾക്ക് എംപിസിഇ 9373 രൂപയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
അതേസമയം രാജ്യത്ത് ആളുകള്‍ കൂടുതല്‍ പണം ചെലവാക്കുന്നത് പാനീയങ്ങള്‍, ലഘുഭക്ഷണങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം എന്നിവയ്ക്കായാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ ഒരു ശരാശരി കുടുംബം അവരുടെ വരുമാനത്തിന്റെ 46 ശതമാനം ഭക്ഷണത്തിനായാണ് ചെലവഴിക്കുന്നത്. ഇതില്‍ 9.62 ശതമാനം തുക സംസ്‌കരിച്ച പാനീയങ്ങള്‍ക്കും ഭക്ഷണത്തിനുമായി ചെലവഴിക്കുന്നു. 8.33 ശതമാനം വിഹിതം പാലിനും പാല്‍ ഉല്‍പന്നങ്ങള്‍ക്കും വേണ്ടിയും 4.91 ശതമാനം വിഹിതം ധാന്യങ്ങള്‍ക്കും ധാന്യ ഉല്‍പന്നങ്ങള്‍ക്കുമായി ചെലവഴിക്കുന്നുവെന്നും റിപ്പോട്ടില്‍ പറയുന്നു.