എട്ട് കോച്ചുകളും160 കിലോമീറ്റർ വേഗതയും; മിനി വന്ദേഭാരത് ട്രെയിൻ ഉടനെത്തും
കൊൽക്കത്ത: വന്ദേഭാരതിന് പിന്നാലെ രാജ്യത്ത് മിനി വന്ദേഭാരത് ട്രെയിനുകളും ട്രാക്കിലേക്കെത്തുന്നു. എട്ട് കോച്ചുകളുമായാണ് മിനി വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രാക്കിലെത്തുന്നത്. മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന മിനി വന്ദേഭാരത് ട്രെയിൻ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഹൗറയിലേക്കാണ് സർവീസ് നടത്തുക. ആറ് മണിക്കൂർ കൊണ്ട് വാരണാസിയിൽ നിന്ന് ഹൗറയിൽ എത്തിച്ചേരാനും കഴിയും.
ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് 15 വന്ദേ ഭാരത് ട്രെയിൻ സെറ്റുകൾ വിതരണം ചെയ്തതിന് പിന്നാലെയാണ് പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപനം. ഈ പുതിയ ട്രെയിനുകൾ എട്ട് കോച്ച് സ്ലീപ്പർ കോച്ചുകളും ചെയർ കാറുകളും എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിലാണ് വരുന്നത്.
വാരണാസി-ഹൗറ വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ നിർദ്ദേശം 2023-ൽ റെയിൽവേ ബോർഡിന് സമർപ്പിച്ചു. അടുത്തിടെ സർക്കാർ രൂപീകരിച്ചതോടെ മിനി വന്ദേ ഭാരത് എക്‌സ്പ്രസ് ഉടൻ ലഭിക്കുമെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നു. പുതിയ എൻഡിഎ സർക്കാർ റെയിൽ ഗതാഗത പദ്ധതികൾ വേഗത്തിലാക്കുമെന്നും പുതിയ യാത്രാ സൗകര്യങ്ങൾ വികസിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകൾ. റൂട്ട് സർവേ പൂർത്തിയാക്കി റെയിൽവേ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചതോടെ, വാരണാസിയിൽ നിന്ന് ഹൗറ വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ വാരണാസിയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.ഒരു വന്ദേ ഭാരത് എക്സ്പ്രസ് വാരണാസിയിൽ നിന്ന് പട്നയിലേക്ക് ഓടുന്നു. മറ്റൊന്ന് വാരണാസി മുതൽ റാഞ്ചി വരെ സഞ്ചരിക്കുന്നു. പുതിയ വാരാണസി-ഹൗറ മിനി വന്ദേ ഭാരത് വാരണാസിയിൽ സർവീസ് നടത്തുന്ന അഞ്ചാമത്തെ ട്രെയിനായിരിക്കും. കാൻ്റ് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന മറ്റ് വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഹൗറയിലേക്കുള്ള ട്രെയിൻ ബനാറസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കും. ട്രെയിൻ സർവീസ് സംബന്ധിച്ച് റെയിൽവേ ബോർഡ് അന്തിമ പ്രഖ്യാപനം നടത്തും.
ഇന്ത്യയിലെ സാംസ്‍കാരിക സമ്പന്നമായ സ്ഥലങ്ങളിൽ ഒന്നാണ് വാരണാസി. കൂടാതെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയാണ്. ഗംഗാ നദീതീരത്തെ അതിമനോഹരമായ ഘാട്ടുകൾ കൂടാതെ, ഭാരത് കലാഭവൻ മ്യൂസിയം, രാംനഗർ കോട്ട, ധമേഖ് സ്‍തൂപം, ഭാരത് മാതാ മന്ദിർ, മാൻ മഹൽ ഒബ്സർവേറ്ററി, ഗോഡോവ്ലിയ മാർക്കറ്റ്, കാശി വിശ്വനാഥ ക്ഷേത്രം എന്നിവയും ഇവിടെയത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും പ്രശസ്‍തമായ ആകർഷണങ്ങളാണ്.
കൊൽക്കത്ത ഒരു പ്രശസ്‍തമായ വിനോദസഞ്ചാര കേന്ദ്രമാണ്. സന്ദർശകർക്ക് സാംസ്കാരികവും കലാപരവുമായ ഉത്സവങ്ങളും അനുഭവങ്ങളും, കൊളോണിയൽ വാസ്തുവിദ്യ, സമൃദ്ധമായ പൂന്തോട്ടങ്ങൾ, കോട്ടകൾ, കൊട്ടാരങ്ങൾ തുടങ്ങിയ അനുഭവങ്ങൾ ഈ മഹാനഗരം നൽകുന്നു. വിക്ടോറിയ മെമ്മോറിയൽ ഹാൾ, ബൊട്ടാണിക്കൽ ഗാർഡൻ, ദഖിനേശ്വർ കാളി ക്ഷേത്രം, സയൻസ് സിറ്റി, ഫോർട്ട് വില്യം, ബേലൂർ മഠം , പ്രിൻസെപ് ഘട്ട്, ഗരിയാഹത്ത് മാർക്കറ്റ് എന്നിവയാണ് ഇവിടത്തെ ഏറ്റവും പ്രശസ്തമായ ചില സ്ഥലങ്ങൾ.