ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ…; റിമി ടോമിയുടെ ജിമ്മിലെ ചിത്രങ്ങൾ വൈറൽ

നടിയും അവതാരകയും കൂടിയാണ് ഗായിക റിമി ടോമി. മലയാളികൾക്ക് പ്രിയങ്കരിയായ താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. എപ്പോഴും പ്രസരിപ്പോടെയാണ് താരത്തെ കാണാനാകുക. ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സൈബർ ലോകത്ത് വൈറലാകുന്നത്. ജിമ്മിൽ വർക്കൗട്ടിനിടെ പകർത്തിയ ദൃശ്യങ്ങളാണ് താരം ആരാധകർക്കായി പങ്കുവച്ചത്.
‘ആത്മവിശ്വാസം നിങ്ങളെ കൂടുതൽ ആകർഷണീയരാക്കും. നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും പ്രവൃത്തികൾ ആസ്വദിച്ചുകൊണ്ടേയിരിക്കൂ. അത് വീടിനകത്തോ പുറത്തോ ഉള്ളതായിരിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് റിമി ചിത്രങ്ങൾ പങ്കിട്ടത്. വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. റിമിയുടെ പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു.
ഗായിക ഫിറ്റ്നെസ് നിലനിർത്തുന്നതിന്റെ രഹസ്യമാണ് പലരും തിരയുന്നത്. രസകരമായ കമന്റുകളും ചിത്രങ്ങൾക്കു താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘വേൾഡ് വൈഡ് ഫുഡ് അടി. എന്നിട്ട് ഹെവി വർക്കൗട്ട്. അമ്പാനെ കൊള്ളാം’, ‘ഏതാ ഈ കൊച്ചുകുട്ടി, റിമിയുടെ അനിയത്തി ആണോ?’, ‘ഏതു കോളേജിലാ പഠിക്കുന്നെ?’ എന്നിങ്ങനെയാണ് ആരാധകർ കുറിക്കുന്നത്. ചില കമന്റുകളോട് റിമി ഇമോജികളിലൂടെ പ്രതികരിച്ചിട്ടുമുണ്ട്.
ആഹാരപ്രിയ ആയിരുന്ന റിമി ടോമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. കൃത്യമായ വ്യായാമവും യോഗയുമെല്ലാം തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് റിമി മുൻപ് പറഞ്ഞിട്ടുണ്ട്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും ഗായിക അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. എത്ര തിരക്കിലായാലും വ്യായാമം മുടങ്ങാതെ റിമി ശ്രദ്ധിക്കാറുണ്ട്.