തൃശൂരിലെ തോല്‍വി, ജോസ് വള്ളൂരിന്റെയും വിന്‍സന്റിന്റെയും രാജി അംഗീകരിച്ചു; വി.കെ. ശ്രീകണ്ഠന് താല്‍ക്കലിക ചുമതല; അന്വേഷണ വിധേയമായി രണ്ട് നേതാക്കൾക്ക് സസ്പെൻഷൻ

 തൃശൂരിലെ തോല്‍വി, ജോസ് വള്ളൂരിന്റെയും വിന്‍സന്റിന്റെയും രാജി അംഗീകരിച്ചു; വി.കെ. ശ്രീകണ്ഠന് താല്‍ക്കലിക ചുമതല; അന്വേഷണ വിധേയമായി രണ്ട് നേതാക്കൾക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് ഡിസിസി പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയര്‍മാനും രാജിവെച്ചു. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും തൃശൂർ യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റും സമർപ്പിച്ച രാജി കെപിസിസി നേതൃത്വം സ്വീകരിച്ചു. വികെ.ശ്രീകണ്ഠനാണ് തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല.

ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള എം.പി.വിന്‍സന്റ് എക്‌സ് എം.എല്‍.എ.യുടെ രാജി യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശനുമാണ് അംഗീകരിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഉണ്ടായ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടുള്ള രാജി സ്വീകരിച്ചുവെന്നാണ് വിശദീകരണം.

തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വി.കെ.ശ്രീകണ്ഠന്‍ എം.പിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നല്‍കിയതായി കെപിസിസി ജനറല്‍സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു. അതേസമയം, തെരഞ്ഞടുപ്പ് പരാജയം അന്വേഷിക്കാന്‍ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചു.

തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി രാഷ്ട്രീയകാര്യ സമിതി അംഗമായ കെ.സി.ജോസഫ് എക്‌സ് എം.എല്‍.എ , വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിക്കാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ചുമതല നല്‍കിയിരിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സജീവന്‍ കുര്യാച്ചിറ, എം.എല്‍ ബേബി എന്നിവരെ അന്വേഷണ വിധേയമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായും കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *