രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം; ജൂൺ 12ന് നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും സംസ്ഥാന ഏകോപന സമിതിയും മാറ്റിവച്ചു

 രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം; ജൂൺ 12ന് നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും സംസ്ഥാന ഏകോപന സമിതിയും മാറ്റിവച്ചു

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് ജൂൺ 12ന് യുഡിഎഫ് നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും സംസ്ഥാന ഏകോപന സമിതിയും മാറ്റിവച്ചതായി യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു. എൽഡിഎഫ് സര്‍ക്കാരിനെതിരെ ബാർക്കോഴ അഴിമതി ആരോപിച്ചാണ് യുഡിഎഫ് നിയമസഭാ മാർച്ച് നടത്താൻ നിശ്ചയിച്ചിരുന്നത്. കൂടാതെ അന്ന് വൈകുന്നേരം മൂന്നിന് ചേരാനിരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയും മാറ്റി.

അതേസമയം, ബാര്‍ കോഴ ആരോപണത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്ന് നിയമസഭ സ്തംഭിച്ചിരുന്നു. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യം തള്ളിയതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സ്പീക്കറുടെ ഇരിപ്പിടം മറച്ച് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ നടപടികള്‍ വേഗത്തിലാക്കി.

സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തോ സംഭവമുണ്ടെന്ന് പ്രതീതിയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. മന്ത്രി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *