മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; മോഹൻലാലിന് ക്ഷണം; അസൗകര്യമറിയിച്ച് നടൻ
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിനെ ക്ഷണിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ മോഹൻലാലിനെ നേരിട്ട് ക്ഷണിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ചടങ്ങിൽ പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നാണ് മോഹൻലാൽ വ്യക്തമാക്കിയത്.
ഇന്ന് വൈകീട്ട് 7.15 ന് രാഷ്‌ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്ര മോദിയോടൊപ്പം പ്രധാന ക്യാബിനറ്റ് അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഘടക കക്ഷി പാർട്ടികൾ നാമ നിർദേശം ചെയ്ത അംഗങ്ങളും അധികാരമേൽക്കും. സ്പീക്കറെ പിന്നീട് തീരുമാനിക്കും.
വൈകിട്ട് 7.15ന് പ്രൗഢഗംഭീരമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. 2014ലും 2019ലും ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുള്ള സർക്കാരുകളെയാണ് നരേന്ദ്ര മോദി നയിച്ചത് എങ്കിൽ ഘടകകക്ഷികൾ കൂടി കടിഞ്ഞാൺ കൈവശപ്പെടുത്തിയ മന്ത്രിസഭയെയാണ് മോദി ഇനി നയിക്കുക.
ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്താണ് സർക്കാർ രൂപീകരണം. മൂന്നു ക്യാബിനറ്റ് സ്ഥാനവും ബിഹാറിന് പ്രത്യേക പദവിയുമാണ് നിതീഷ്കുമാറിന്റെ ഡിമാൻഡ്. 12 എംപിമാരാണ് വിലപേശാനുള്ള ജെഡിയുവിന്റെ ആയുധം.
16 സീറ്റുള്ള ടിഡിപി മൂന്ന് ക്യാബിനറ്റ് സ്ഥാനവും മൂന്നു സഹമന്ത്രി സ്ഥാനവും കൂടാതെ ലോക്സഭാ സ്പീക്കർ കസേര കൂടി ചോദിക്കുന്നുണ്ട്. മത്സരിച്ച അഞ്ച് സീറ്റിലും ജയിച്ച എൽ ജെ പി , ഒരു കേന്ദ്രമന്ത്രി സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും ആവശ്യപെടുന്നു. 7 സീറ്റ് കൈമുതലുള്ള ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ, ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി സ്‌ഥാനവും ആവശ്യപ്പെടുന്നു