സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ തുക വർധിപ്പിച്ചു; നിലവിലെ സ്ലാബ് സംവിധാനം മാറ്റി
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ തുക കൂട്ടാൻ സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നിലവിലെ സ്ലാബ് സംവിധാനം മാറ്റി, പ്രൈമറിക്കും യു.പി.ക്കും പ്രത്യേകം തുക നൽകുമെന്നു് ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രൈമറിതലത്തിൽ ഒരു കുട്ടിക്ക് ആറുരൂപവീതവും യു.പി.യിൽ ഒരു കുട്ടിക്ക് 8.17 രൂപ വീതവുമാണ് ഉച്ചഭക്ഷണച്ചെലവായി നൽകുക.
150 കുട്ടികൾ വരെയുള്ള സ്കൂളുകൾക്ക് കുട്ടിയൊന്നിന് എട്ടു രൂപയും അതിനുമേൽ 500 വരെ ഏഴു രൂപയും 500നുമേൽ കുട്ടികൾക്ക് ആറു രൂപയും എന്നതായിരുന്നു സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഇതുവരെ തുടർന്നുവന്ന സ്ലാബ് സമ്പ്രദായം. ഇത് 2016ൽ അനുവദിച്ച നിരക്കാണ്. ഇതിൽ കേന്ദ്ര വിഹിതം 60 ശതമാനവും സംസ്ഥാന വിഹിതം 40 ശതമാനവുമാണ്. കേന്ദ്ര വിഹിതം കഴിഞ്ഞ ഒക്ടോബർ മുതൽ 8.17 രൂപയായി വർധിപ്പിച്ചെങ്കിലും സ്കൂളുകൾക്ക് ഇപ്പോഴും ലഭിക്കുന്നത് 2016ലെ നിരക്കാണ്.
സംസ്ഥാന സർക്കാർ പണം നൽകുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര വിഹിതം പോലും സംസ്ഥാനം പിടിച്ചുവയ്ക്കുകയാണെന്നു കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചിരുന്നു.