എന്‍ഡിഎ മന്ത്രിസഭയിലെ പദവി വീതം വയ്പ്പ് ചർച്ചകൾ അവസാന ഘട്ടത്തിൽ; മൂന്നാം മോദി മന്ത്രിസഭയിലേക്ക് ആരൊക്കെ? വിട്ടുവീഴ്ച്ചയില്ലാതെ ടിഡിപിയും ജെഡിയുവും
ന്യൂഡല്‍ഹി: പുതിയ എന്‍ഡിഎ മന്ത്രിസഭയിലെ പദവി വീതം വയ്പ്പ് ചർച്ചകൾ അവസാന ഘട്ടത്തിൽ. ജെഡിയു, ടിഡിപി പാർട്ടികളുമായി ഇന്നത്തോടെ ധാരണയിൽ എത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. ബിജെപി മന്ത്രിമാർ ആരൊക്കെ എന്നതിൽ നാളെ വരെ അഭ്യൂഹങ്ങൾ തുടരും. നാളെയാണ് മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ.
ക്യാബിനറ്റ് മന്ത്രി, സഹമന്ത്രി സ്ഥാനങ്ങൾ അഞ്ചെണ്ണം വരെ വേണമെന്ന നിലപാടിലാണ് ടിഡിപിയും ജെഡിയുവും. നിതീഷ് കുമാറുമായും ചന്ദ്രബാബു നായിഡുവുമായും ഇന്നലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ചർച്ച നടത്തി. അതേസമയം ശിവസേന, ലോക് ജന ശക്തി പാർട്ടി, ആർഎല്‍ഡി, ജെഡിഎസ്, ഉൾപ്പെടെയുള്ള പാർട്ടികളുടെ കാര്യത്തിൽ ധാരണയായിട്ടുണ്ട്. എല്‍ജെപിക്കും ശിവസേനക്കും ക്യാബിനറ്റ് പദവി ഉറപ്പാണ്. ഘടക കക്ഷി മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്താലും വകുപ്പുകൾ സംബന്ധിച്ച് സത്യപ്രതിജ്ഞയ്ക്ക് ശേഷം തിങ്കളാഴ്ച മാത്രമേ തീരുമാനം ഉണ്ടാകൂ എന്നാണ് വിവരം.
ബിജെപി മന്ത്രിമാരുടെ കാര്യത്തിൽ പ്രമുഖരുടെ കാര്യത്തിലും വ്യക്തത വരാൻ കാത്തിരിപ്പ് ഇനിയും നീളും. അമിത് ഷാ നിർമല സീതാരാമൻ എന്നിവർ സംഘടനാ രംഗത്തേക്ക് മടങ്ങുമോ എന്ന് കൂടി ഉറപ്പായ ശേഷമേ മന്ത്രിസഭയിലെ ഇവരുടെ സാന്നിധ്യം സംബന്ധിച്ച് സ്ഥിരീകരണം ഉറപ്പാകൂ. പ്രാദേശിക സന്തുലിതാവസ്ഥ, ജാതി സമവാക്യം, ഘടക കക്ഷികളുടെ മന്ത്രിസഭയിലെ പ്രാതിനിധ്യം എന്നിവ കൂടി പരിഗണിച്ചാകും ബിജെപി മന്ത്രിമാരുടെ കാര്യത്തിൽ ധാരണയാവുക.
പഴയ മന്ത്രി സഭയിലെ പ്രധാനപ്പെട്ട പല മുഖങ്ങളും ഇത്തവണ മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കില്ല. 2019 ലെ രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത് ആരെല്ലാം മന്ത്രിമാരാകുമെന്ന സസ്പെൻസ് അവസാന മണിക്കൂര്‍ വരെ നിലനിർത്തിയ ശേഷമാണ്. ഇത്തവണയും കാര്യങ്ങളുടെ പോക്ക് ആ വഴിക്ക് തന്നെയാണ്.