ദലിതർക്കും മറ്റ് പാർശ്വൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുമൊപ്പം,മുസ്‍ലിം സമുദായത്തിനും നന്ദി; വിജയത്തിൽ ചന്ദ്രശേഖർ ആസാദ്
ലഖ്നോ: തെരഞ്ഞെടുപ്പ് വിജയത്തിൽ മുസ്‍ലിം സമുദായത്തോട് നന്ദി പറഞ്ഞ് ചന്ദ്രശേഖർ ആസാദ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നാഗിന മണ്ഡലത്തിൽ നിന്നും ആസാദ് വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നന്ദിയറിയിച്ച് രംഗത്തെത്തിയത്.
ദലിതർക്കും മറ്റ് പാർശ്വൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുമൊപ്പം മുസ്‍ലിംകളും തനിക്ക് വേണ്ടി വോട്ട് ചെയ്തുവെന്ന് ആസാദ് പറഞ്ഞു. ഇതിന് ഒന്നും പകരമായി ചെയ്യാൻ തനിക്ക് സാധിച്ചിട്ടില്ലെന്നും ആസാദ് വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ചന്ദ്രശേഖർ ആസാദിന്റെ പരാമർശം.
യു.പിയിൽ കനത്ത തിരിച്ചടിയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിക്കുണ്ടായത്. തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി 37 സീറ്റുകളിൽ വിജയിച്ചിരുന്നു. കോൺഗ്രസ് ആറ് സീറ്റിലും ജയിച്ചിരുന്നു. അതേസമയം, 33 സീറ്റിൽ വിജയിക്കാൻ മാത്രമാണ് ബി.ജെ.പിക്ക് സാധിച്ചത്.
ദലിത് അവകാശങ്ങൾ വേണ്ടി പോരാടുന്ന ചന്ദ്രശേഖർ ആസാദിന്റെ സമരങ്ങൾക്ക് രാജ്യത്ത് ഈയടുത്തായി വലിയ ശ്രദ്ധ ലഭിച്ചിരുന്നു. ജാതിവിവേചനത്തിനെതിരെ വലിയ പോരാട്ടമാണ് ആസാദ് നയിച്ചിരുന്നത്. എല്ലാവരേയും ഉൾക്കൊള്ളുകയെന്ന ആസാദിന്റെ നയത്തിന് മുസ്‍ലിം സമുദായത്തിനിടയിലും സ്വീകാര്യത ലഭിച്ചിരുന്നു.