ട്വന്റി20 ലോകകപ്പ് ; പാക്കിസ്ഥാനെതിരെ യുഎസ്എയ്ക്ക് അട്ടിമറി ജയം

 ട്വന്റി20 ലോകകപ്പ് ; പാക്കിസ്ഥാനെതിരെ യുഎസ്എയ്ക്ക് അട്ടിമറി ജയം

ഡാലസ് ∙ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ മുൻ ചാംപ്യൻമാരായ പാക്കിസ്ഥാനെ വീഴ്ത്തിയ നവാഗതരായ യുഎസ് ഈ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയം സ്വന്തമാക്കി. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത യുഎസ് 18 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് നേടാനായത് 13 റൺസ്. ഇന്ത്യൻ വംശജനായ പേസ് ബോളർ സൗരഭ് നേത്രാവൽക്കർ യുഎസിനായി സൂപ്പർ ഓവറിൽ തിളങ്ങിയപ്പോൾ 3 വൈഡ് അടക്കം 7 എക്സ്ട്രാ റൺ വഴങ്ങിയ ബോളർ മുഹമ്മദ് ആമിറിന്റെ ബോളിങ് പാക്കിസ്ഥാന് തിരിച്ചടിയായി.

നേരത്തേ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ യുഎസിന്റെ മറുപടി 3 വിക്കറ്റ് നഷ്ടത്തിൽ 159 റൺസിൽ അവസാനിച്ചു. ജയിക്കാൻ 5 റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ ഫോർ നേടിയ യുഎസ് ബാറ്റർ നിതീഷ് കുമാറാണ് മത്സരം സൂപ്പർ ഓവറിലേക്കു നീട്ടിയത്. അർധ സെഞ്ചറി നേടിയ യുഎസിന്റെ ഇന്ത്യൻ‌ വംശജനായ ക്യാപ്റ്റൻ മോനക് പട്ടേലാണ് (50) പ്ലെയർ ഓഫ് ദ് മാച്ച്. തുടർച്ചയായ രണ്ടാം ജയത്തോടെ എ ഗ്രൂപ്പിൽ പോയിന്റ് പട്ടികയിൽ യുഎസ് ഒന്നാംസ്ഥാനത്ത് എത്തി.

160 റൺസിന്റെ വിജയലക്ഷ്യമുയർത്തിയശേഷം വലിയ ആത്മവിശ്വാസത്തോടെയാണ് പാക്കിസ്ഥാൻ ‌ടീം ബോളിങ്ങിനിറങ്ങിയത്. 4 പേസർമാർ അണിനിരക്കുന്ന ബോളിങ് നിരയിലായിരുന്നു അവരുട‌െ പ്രതീക്ഷ. എന്നാൽ തുടക്കം മുതൽ ക്രീസിലുറച്ചുനിന്ന് ക്യാപ്റ്റൻ മോനക് പട്ടേൽ (38 പന്തിൽ 50) ടീമിനെ 14 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 111 എന്ന നിലയിലെത്തിച്ചു.

അടുത്ത ഓവറിൽ മോനക് പുറത്തായതോട‌െ യുഎസ് പരുങ്ങിയെങ്കിലും കാനഡയ്ക്കെതിരായ മത്സരത്തിലെ വിജയശിൽപി ആരോൺ ജോൺസ് (36 നോട്ടൗട്ട്) വീണ്ടും രക്ഷകനായി. ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ഒരു പന്തിൽ 5 റൺസ് എന്ന നിലയിലേക്ക് യുഎസിന്റെ ലക്ഷ്യം ചുരുങ്ങി. അവസാന പന്തിൽ ഫോർ നേടി നിതീഷ് മത്സരം സൂപ്പർ ഓവറിലേക്കു നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *