പച്ചപ്പാൽ കുടിക്കുന്നത് നല്ലതോ ചീത്തയോ ? റീലെല്ലാം റിയൽ അല്ല..

 പച്ചപ്പാൽ കുടിക്കുന്നത് നല്ലതോ ചീത്തയോ ? റീലെല്ലാം റിയൽ അല്ല..

പ്രകൃതിയിൽനിന്ന് ശുദ്ധമായ രൂപത്തിൽ കിട്ടുന്നതെല്ലാം നല്ലതാണെന്ന് ആണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ ലഭിക്കുന്ന എന്തും അകത്താക്കുന്നത് നല്ലതാണെന്നുള്ള അഭിപ്രായവും നമുക്കുണ്ട്. പക്ഷെ ഈ റീലുകളിൽ കാണുന്നത് മാറ്റി വച്ച് റിയലിസ്റ്റിക്ക് ആയിട്ട് ചിന്തിച്ചാൽ ഇത്തരം പരീക്ഷണങ്ങൾ കൊണ്ടുവരുന്നത് അത്ര നല്ലതല്ലെന്നതാണ് സത്യം.

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള വീഡിയോകളിലൊക്കെ ട്രെൻഡിങ് ആണ് പച്ചപാൽ കുടിക്കുക എന്നത്. പച്ചപ്പാൽ അല്ലെങ്കിൽ അസംസ്കൃതമായ പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന തരത്തിലാണ് ഇത്തരം വീഡിയോകൾ പ്രചരിക്കുന്നത്. എന്നാൽ അസംസ്കൃതമായി പാൽ പാസ്ചറൈസ് ചെയ്തതല്ലെന്നും ഇത് കുട്ടികളുടെയും ഗർഭിണികളുടെയും പ്രായമായവരുടെയും ആരോഗ്യത്തെ ബാധിക്കും എന്നും വിദഗ്ധർ പറയുന്നു.

മുൻപ് തന്നെ നമ്മൾ കേരളീയർ വീടുകളിൽ നിന്നോ പാൽ സൊസൈറ്റികളിൽ നിന്നോ നേരിട്ട് ലഭിക്കുന്ന പാൽ ഉപയോഗിക്കാൻ ഏറെ താല്പര്യമുള്ളവരാണ്. എന്നാൽ ഈ പാൽ തിളപ്പിച്ചതിനുശേഷം ആണ് നമ്മൾ ഉപയോഗിച്ചിരുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇപ്പോഴത്തെ വീഡിയോകളിൽ പറയുന്നത് പാല് തിളപ്പിക്കുമ്പോൾ അതിലെ ബാക്ടീരിയകളും എൻസൈമുകളും ഒക്കെ നഷ്ടമാകുമെന്നും അതുകൊണ്ട് അങ്ങനെ തന്നെ കുടിക്കണം എന്നുമാണ്. ഇത് നിങ്ങൾക്ക് ഒരുപാട് ആരോഗ്യകരമായ ഗുണങ്ങൾ ചെയ്യുമെന്നും വീഡിയോയിൽ പറയുന്നുണ്ട്.

എന്നാൽ മറിച്ചാണ് കാര്യങ്ങൾ. സാൽമോണല്ല, ലിസ്റ്റീരിയ തുടങ്ങിയ ഹാനികരമായ ബാക്ടീരിയകൾ ഉണ്ടായേക്കാവുന്ന പാൽ തിളപ്പിക്കാതെ കുടിക്കുന്നത് ആരോഗ്യത്തിന് വലിയ തിരിച്ചടി ഉണ്ടാക്കും എന്നാണ് വിദഗ്ധർ പറയുന്നത്. അസംസ്കൃത പാൽ മുൻപ് ഉപയോഗിച്ചിട്ടില്ലാത്തവരിൽ ഈ പാൽ കുടിക്കുമ്പോൾ ഓക്കാനവും അല്ലെങ്കിൽ ചർദ്ദിയും അനുഭവപ്പെട്ടേക്കാം എന്നും അവർ വ്യക്തമാക്കുന്നു. എന്തുകൊണ്ടും തിളപ്പിച്ച പാലാണ് ആരോഗ്യത്തിന് നല്ലത് കാരണം അത് ഭക്ഷ്യജന്യ രോഗത്തിന് കാരണമാകുന്ന അപകടകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്നു.കൂടാതെ പാൽ തിളപ്പിക്കുന്നത് എൻസൈമുകളെ നിർജീവമാക്കുകയും അത് കൂടുതൽ കാലം കേടാവാതെ സൂക്ഷിക്കുകയും ചെയ്യുന്നു.

ട്രെൻഡുകൾക്കും വൈറലുകൾക്കും പിന്നിൽ ഓടുന്നവരാണ് നമ്മൾ. അതുകൊണ്ടുതന്നെ പാശ്ചാത്യർ പങ്കുവെക്കുന്ന ആരോഗ്യകരമായ പച്ചപ്പാലിന്റെ അല്ലെങ്കിൽ അസംസ്കൃത പാലിന്റെ ഉപയോഗം നമ്മളും പിന്തുടരാൻ ആലോചിക്കുന്നുണ്ടാവാം. ഈ രീതി അനുവർത്തിക്കാതിരിക്കുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *