കെ എസ് ആർ ടി സി ബസിന്റെ ഡ്രൈംവിം​ഗ് സീറ്റിലും നിഷ ബർക്കത്ത് എത്തി; ആ​ഗ്രഹത്തിനൊപ്പം നിന്ന മന്ത്രിക്ക് നന്ദി അറിയിച്ച് പ്രവാസി യുവതി

 കെ എസ് ആർ ടി സി ബസിന്റെ ഡ്രൈംവിം​ഗ് സീറ്റിലും നിഷ ബർക്കത്ത് എത്തി; ആ​ഗ്രഹത്തിനൊപ്പം നിന്ന മന്ത്രിക്ക് നന്ദി അറിയിച്ച് പ്രവാസി യുവതി

കെ എസ് ആർ ടി സി ബസ് ഓടിക്കാനായില്ലെങ്കിലും ഡ്രൈവിം​ഗ് സീറ്റിലിരുന്ന് ഒരു ഫോട്ടോയെങ്കിലും എടുക്കണമെന്ന ബർക്കത്ത് നിഷയുടെ ആ​ഗ്രഹവും സഫലമായി. ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാറിന് നിഷ ബർക്കത്ത് നൽകിയ അപേക്ഷയിൽ മന്ത്രി അനുഭാവപൂർണമായ നിലപാടെടുത്തതോടെയാണ് പി എസ് സിയുടെ ഡ്രൈവർ പരീക്ഷകളിൽ വനിതകൾക്കും അപേക്ഷിക്കാൻ വഴിയൊരുക്കിയ നിഷക്ക് തന്റെ ആ​ഗ്രഹം സഫലമായത്.

ത‍ൃശൂർ ഡിപ്പോയിലെത്തി ഫോട്ടോയെടുത്താൻ അനുമതി നൽകിയെന്ന് ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനിൽ കുമാർ നിഷയെ അറിയിക്കുകയായിരുന്നു. ജൂൺ മൂന്നാം തീയതി തൃശൂർ ഡിപ്പോയിലെത്തി കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ സീറ്റിലിരുന്ന് ആഗ്രഹം സഫലീകരിച്ചു. ഇഷ്ടം പോലെ ഫോട്ടോയുമെടുത്തു. അവിടെയുണ്ടായിരുന്ന എടിഒ ഉബൈദ്, എൻജിനീയർ സജ്ഞയ്, ഇൻസ്പെക്ടർ രാജ്മോഹൻ തുടങ്ങിയവർ പൂർണ പിന്തുണനൽകി. ആഗ്രഹത്തിനൊപ്പം നിന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന് ഹൃദയം നിറഞ്ഞ് നന്ദി അറിയിക്കുകയാണ് നിഷ.

നാഗലശ്ശേരിയിലെ കിളിവാലൻകുന്ന് വളപ്പിൽ പരേതനായ അബ്ദുൾഹമീദിന്റെയും ഹഫ്‌സത്തിന്റെയും നാലുമക്കളിൽ മൂന്നാമത്തെ കുട്ടിയായ നിഷയുടെ നിശ്ചയദാർഢ്യം നിഷയ്ക്ക് മാത്രമല്ല, ഒട്ടനവധി മലയാളി പെൺകുട്ടികൾക്ക് സർക്കാർ ജോലി ലഭിക്കാൻ കാരണമാകുകയാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 16 ന് നടന്ന പൊലീസ് സേനയിലെ ഡ്രൈവർ തസ്തികയിലേക്കുള്ള പരീക്ഷയിൽ ചരിത്രത്തിലാദ്യമായി വനിതകളും പങ്കെടുത്തു. അതിന് കാരണഭൂതയായ നിഷ ബർക്കത്തും പരീക്ഷയെഴുതിയിരുന്നു.

കൗമാര പ്രണയം പതിനെട്ടാം വയസ്സിൽ തന്നെ സഫലമായപ്പോൾ നിഷ ഒരുപാട് സന്തോഷിച്ചിരുന്നു. എന്നാൽ, പ്രണയാതുര നാളുകളിലെ സ്നേ​ഹം വിവാഹജീവിതത്തിൽ ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ പത്തൊൻപതാം വയസ്സിൽ വിവാഹമോചിതയാകുമ്പോൾ നിഷയുടെ ഒക്കത്തൊരു പെൺകുഞ്ഞുണ്ടായിരുന്നു – തന്റെ പ്രണയത്തിന്റെയും വിവാഹത്തിന്റെയും ആകെത്തുക. സ്വന്തം മകളെ എങ്ങനെയും വളർത്തി വലുതാക്കുക എന്ന ഒറ്റ ലക്ഷ്യവുമായി സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയ നിഷയുടെ ജീവിതത്തിൽ താങ്ങായി നിന്നത് സ്വന്തം ഉമ്മയായിരുന്നു. ഒരു സർക്കാർ ജോലി എന്ന ലക്ഷ്യവുമായി പി എസ് സി പരീക്ഷകൾ എഴുതാനാരംഭിച്ചു,. യാത്രകൾ എല്ലാം കെ എസ് ആർ ടി സി ബസിൽ. അങ്ങനെയുള്ള യാത്രകളാണ് ഡ്രൈവിം​ഗ് ശ്രദ്ധിക്കാൻ ഇടയാക്കിയത്.

ഡ്രൈവിങ്ങിനോടുള്ള അടക്കാനാവാത്ത ഇഷ്ടം കാരണം 18 വയസ്സിൽതന്നെ ടൂ വീലർ ലൈസൻസ് സ്വന്തമാക്കി. പിന്നാലെ ഫോർ വീലറും. ഡ്രൈവിങ് ഉപജീവനമാർഗമാക്കാമെന്ന ചിന്ത തലയിൽ കയറിയതോടെ 20 വയസ്സിൽ ഹെവി ലൈസൻസും കൈകളിലെത്തി. ദേശീയപാതയിലൂടെയും മറ്റും മാത്രമുള്ള വലിയവണ്ടികളുടെ യാത്ര സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമാണെന്ന വിശ്വാസത്തിലായിരുന്നു ഹെവി ലൈസൻസ് നേടിയത്.

ഹെവി ലൈസൻസ് നേടിയതിന് പിന്നാലെ മണ്ണാർക്കാടുള്ള മൈന കൺസ്ട്രക്ഷൻസിന്റെ ടോറസിന്റെ വളയം പിടിക്കാനുള്ള നിയോ​ഗമെത്തി. 25-ാം വയസ്സിൽ കൊടുങ്ങല്ലൂരിലെ എവർസേഫ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ഹസാർഡസ് ഹെവി ലൈസൻസ് നേടി. പിന്നാലെ പുലാമന്തോടുള്ള സൺഫ്യുവൽസ് പമ്പിലെ 20,000 ലിറ്റർ ലോഡുള്ള വണ്ടിയുടെ വളയം സ്വന്തമാക്കി. ഏഴുമാസം അവിടെ തുടർന്നതിനുശേഷമാണ് കൊച്ചി ഇരുമ്പനത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിൽ നിഷ ബർക്കത്ത് എന്ന ടാങ്കർ ഡ്രൈവറായ യുവതി സൈബർ ലോകത്തും താരമായി. നിഷ ടാങ്കറോടിക്കുന്ന വീഡിയോകൾ സൈബർ ലോകത്ത് വൻ പ്രചാരം നേടി. ഈ വീഡിയോ കണ്ട തൃശ്ശൂർക്കാരനായ പ്രവാസിയും മിഡ് ഏഷ്യബൾക്ക് പെട്രോളിയം കമ്പനി എം.ഡി.യുമായ മനീഷ് മനോഹർ നിഷയെ ദുബായിൽ ടാങ്കർ ഡ്രൈവറാകാൻ ക്ഷണിച്ചു. പാസ്പോർട്ട് എടുക്കാൻ ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും അദ്ദേഹം സഹായിച്ചു.

ഏറെ സന്തോഷവും വരുമാനവുമുള്ള ജോലി ദുബായിൽ ലഭിച്ചിട്ടും നാട്ടിൽ തന്നെ തന്റെ ഇഷ്ടജോലി ചെയ്യണമെന്ന ആ​ഗ്രഹം നിഷയുടെ ഉള്ളിൽ മായാതെ കിടന്നു. നാട്ടിൽ സർക്കാർ സർവീസിൽ ഡ്രൈവറായാൽ ജീവിതം സുരക്ഷിതമെന്ന് നിഷയ്ക്കറിയാമായിരുന്നു. അങ്ങനെയാണ് പൊലീസിൽ ഡ്രൈവറാകണം എന്ന ആ​ഗ്രഹം മുളയ്ക്കുന്നത്. എന്നാൽ, പോലീസും എക്‌സൈസും ഉൾപ്പെടെയുള്ള പല വകുപ്പുകളിലും ഡ്രൈവർമാരായി സ്ത്രീകളെ എടുക്കുന്നില്ലെന്നറിഞ്ഞതോടെ നിരാശയായി. പക്ഷേ, അത് അവിടംകൊണ്ട് വിട്ടുകളയാൻ തോന്നിയില്ല. പോലീസ് ഡ്രൈവർമാരായി വനിതകളെയും നിയമിക്കണമെന്ന ആവശ്യവുമായി പലർക്കും നിവേദനം നൽകി. കൂട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും. ശരിയാക്കാം എന്ന മുഖ്യമന്ത്രിയുടെ വാക്ക് പ്രതീക്ഷപകർന്നെങ്കിലും ഏറെനാൾ കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയായിരുന്നു.

ദുബായിൽ നിന്ന് ഒരു വർഷത്തിന് ശേഷം നാട്ടിലെത്തിയപ്പോഴേക്കും നിഷ നൽകിയ പരാതി അടങ്ങിയ ഫയൽ ഒരുപാട് ദൂരം മുന്നോട്ട് സഞ്ചരിച്ചിരുന്നു. മുഖ്യമന്ത്രിക്കു നിഷ കൊടുത്ത നിവേദനം ഭരണ പരിഷ്കാര വകുപ്പിന് കൈമാറുകയും അവർ അത് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് വനിതകളെ ഡ്രൈവർ തസ്തികയിലേക്ക് പരിഗണിക്കാൻ പിഎസ് എസി പരീക്ഷ നടത്താൻ നിർദ്ദേശം നൽകി.

2023 ൽ കേരള പൊലീസ് സേനയിലെ ഡ്രൈവർ തസ്തികയിലേക്ക് വനിതകളെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. 17,000 ത്തോളം പേരാണ് പിഎസ്എസിക്ക് അപേക്ഷ നൽകിയത്. ഇതിൽ 300 ഓളം പേർ സ്ത്രീകളായിരുന്നു. ഏപ്രിൽ 16 ന് നടന്ന പരീക്ഷയെഴുതാൻ നിഷയും ​ഗൾഫിൽ നിന്നെത്തിയിരുന്നു.

പരീക്ഷ എളുപ്പമായിരുന്നില്ലെന്നാണ് നിഷ പറയുന്നത്. എങ്കിലും സ്ത്രീകൾക്കും ഡ്രൈവർ തസ്തികയിലേക്ക് നേരിട്ട് അപേക്ഷിക്കാൻ അവസരമൊരുങ്ങിയല്ലോ എന്ന സന്തോഷം മറച്ചുവെക്കുന്നുമില്ല പരീക്ഷയിൽ വിജയിച്ചാൽ ഫിസിക്കൽ, പരിശീലന ടെസ്റ്റുകളുണ്ട്. ആ കടമ്പകളും കടന്നാൽ മാത്രമേ സേനയുടെ ഭാഗമാകാൻ കഴിയുകയുളളൂ. വനം വകുപ്പിലും ഫയർ ഫോഴ്സിലും സമാന അപേക്ഷ നൽകിയിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

തനിക്ക് ഡ്രൈവറാകാൻ പ്രചോദനമായ കെഎസ്ആർടിസി ബസിന്റെ വളയം പിടിക്കണമെന്നതായിരുന്നു നിഷയുടെ ആ​ഗ്രഹം. അതിന് ഇനിയുമേറെ കടമ്പകൾ കടക്കേണ്ടതുണ്ടെന്നും നിഷയ്ക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ ആനവണ്ടിയുടെ ഡ്രൈവിങ് സീറ്റിലിരുന്നൊരു ഫോട്ടോയെടുക്കാനെങ്കിലും കഴിയണമെന്ന മോഹം ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിനെ അറിയിക്കുകയായിരുന്നു. നിഷയുടെ ജീവിതകഥ മനസ്സിലാക്കിയ മന്ത്രിയും ഈ പോരാളിയുടെ ആ​ഗ്രഹത്തിനൊപ്പം നിന്നതോടെയാണ് ആനവണ്ടിയുടെ ഡ്രൈംവിം​ഗ് സീറ്റിലിരിക്കാൻ നിഷക്ക് അവസരമൊരുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *