എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ ഭരണപക്ഷം; അട്ടിമറി പ്രതീക്ഷിച്ച് പ്രതിപക്ഷം; മഹാവിധിയ്ക്കായി മണിക്കൂറുകൾ മാത്രം
ന്യൂഡൽഹി ∙ തുടർഭരണമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. എന്നാൽ, എക്സിറ്റ് പോളല്ല കാര്യമെന്നും ജനമെഴുതിയ വിധി അനുകൂലമാകുമെന്നും പ്രതിപക്ഷ ഇന്ത്യാസഖ്യം .അടുത്ത 5 വർഷം നമ്മുടെ മഹാരാജ്യം ആരു ഭരിക്കുമെന്ന് ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ആദ്യ ഫലസൂചനകൾ 11 മണിയോടെ പ്രതീക്ഷിക്കാം.
2019 ൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങൾ, എൻഡിഎ 400 കടക്കുമെന്നും പറയുന്നു. ആദ്യം തപാൽ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് അര മണിക്കൂറിനകം യന്ത്രങ്ങളിലെ വോട്ടെണ്ണും. പിന്നീട് നിശ്ചിത വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും വോട്ടർ ആപ്പിലും അപ്പപ്പോൾ വിവരങ്ങൾ കിട്ടും.
44 ദിവസം നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയ ആണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഏപ്രിൽ 19ന് ആയിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്; കഴിഞ്ഞ ഒന്നിന് അവസാന ഘട്ടം നടന്നു. സിക്കിം, അരുണാചൽ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ ഞായറാഴ്ച പ്രഖ്യാപിച്ചു.
എക്സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ ഓഹരി വിപണികളിൽ റെക്കോർഡ് കുതിപ്പാണ് ഇന്നലെ ദൃശ്യമായത്. വില സൂചികകളായ നിഫ്റ്റിക്കും സെൻസെക്സിനും സർവകാല ഔന്നത്യം മാത്രമല്ല അസാധാരണമായ പ്രതിദിന നേട്ടവുമുണ്ടായി. മൂന്നര ശതമാനത്തോളമാണു സൂചികകളിലെ വർധന. നിക്ഷേപകരുടെ ആസ്തിമൂല്യത്തിലുണ്ടായ വർധന 14 ലക്ഷം കോടി രൂപയാണ്.
ഭരണം തുടർന്നാൽ ഈ മാസം 10ന് അകം പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്. 12 നു പ്രധാനമന്ത്രി ജി–7 ഉച്ചകോടിക്കായി ഇറ്റലിക്കു പോകുമെന്നും ബിജെപി വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വസതിയിൽ നടന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ദേശീയ ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
ജനവിധി ഇന്ന് വരാനിരിക്കെ, പ്രതീക്ഷ വിടാതെ പ്രതിപക്ഷ നിര. എക്സിറ്റ് പോൾ പ്രവചിക്കും പോലുള്ള മുന്നേറ്റം ബിജെപിക്കുണ്ടാവില്ലെന്ന് കോൺഗ്രസ് ആവർത്തിക്കുന്നു. ബിജെപി 240– 250 സീറ്റിനു മുകളിൽ പോകില്ലെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. ആർഎസ്എസ്സിന്റെ പക്കലുള്ള കണക്ക് ഇതാണെന്നാണ് കോൺഗ്രസിന്റെ വാദം. എൻഡിഎയിലെ മറ്റു കക്ഷികളെല്ലാം ചേർന്ന് 25– 30 സീറ്റ് നേടിയേക്കാം. ബിജെപി തന്നെ ഭരണം നിലനിർത്തിയാലും കേവല ഭൂരിപക്ഷത്തിനു താഴേക്ക് അവരെത്തിയാൽ പ്രതിപക്ഷത്തിന് ജീവശ്വാസം ലഭിക്കും. സ്വന്തം നിലയിൽ 120– 125 സീറ്റ് നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്.