മൺസൂൺ യാത്രകൾ ഇനിയും പ്ലാൻ ചെയ്തില്ലേ? ബാഗ് എടുത്തോളൂ, കേരളത്തിൽ നിർബന്ധമായും പോകണം ഇവിടെ

കേരളത്തിന്റെ ഭംഗി എന്ന പേരിൽ പുറത്തുനിന്നുള്ള വിനോദസഞ്ചാരികൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ആലപ്പുഴയ്ക്ക് അല്ലെങ്കിൽ പാലക്കാടൻ ഗ്രാമങ്ങൾക്കുമായിരിക്കും. പല കലകളായി ഈ പ്രവണത തുടരുന്നു. എന്നാൽ കേരളത്തിൽ ഇനിയും തലയുയർത്തി പിടിച്ചു നിൽക്കുന്ന ടൂറിസം കേന്ദ്രങ്ങളുണ്ട്. ഈ മഴക്കാലത്ത് അവിടേക്ക് പോകാം. മൂടിപ്പുതച്ച് ഉറങ്ങാതെ വളരെ സുരക്ഷിതമായി പോയി വരേണ്ട ചില സ്ഥലങ്ങളെ പരിചയപ്പെടുത്താം.
ബേക്കൽ കോട്ട
അറബിക്കടലിൻറെ തീരത്ത്, ചെങ്കല്ലിൽ കൊത്തിയെടുത്ത ഒരു കവിത പോലെ 35 ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കൽ കോട്ടയും ചുറ്റുമുള്ള ബീച്ചും മഴക്കാലത്ത് കൂടുതൽ സുന്ദരമാകും. കടലിൽ നിന്നും വരുന്ന കാറ്റിൽ, ചെരിഞ്ഞു മുഖത്തേക്ക് പാറി വീഴുന്ന മഴത്തുള്ളികൾ ഉള്ളിൽ പ്രത്യേക അനുഭൂതിയാണ് നൽകുക. ഒരുപക്ഷേ, കേരളത്തിൽ മറ്റെങ്ങും ഇല്ലാത്ത ഒരു റൊമാന്റിക് മുഖമുണ്ട് ഈ ബീച്ചിന്. അതുകൊണ്ടുതന്നെയാണ്, ഇവിടെ ചിത്രീകരിച്ച മണിരത്നം സിനിമയിലെ ‘ഉയിരേ’ എന്ന ഗാനത്തിലെ കാഴ്ചകൾ ഇന്നും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നത്. പള്ളിക്കര ബീച്ച്, ബേക്കൽ ഹോളെ ജലോദ്യാനം, കാപ്പിൽ ബീച്ച്, ചന്ദ്രഗിരി കോട്ട തുടങ്ങിയ കാഴ്ചകളും ബേക്കൽ കോട്ടയ്ക്കടുത്തുണ്ട്.
നെല്ലിയാമ്പതി
പാലക്കാട് നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നെല്ലിയാമ്പതിയെ പറുദീസ എന്നുതന്നെ വിളിക്കാം. പാവപ്പെട്ടവരുടെ ഊട്ടി എന്ന് വിളിക്കുന്ന നെല്ലിയാമ്പതിയിൽ, വർഷം മുഴുവനും സുന്ദരമായ കാലാവസ്ഥയാണ്. എന്നാൽ, മഴക്കാലം ഇവിടെ ഏറെ മനോഹരമാണ്. ചോലക്കാടുകളും പുൽമേടുകളും തേയില, കാപ്പി തോട്ടങ്ങളുമെല്ലാം നിറഞ്ഞ ഈ നിത്യഹരിതഭൂമിയിലേക്കുള്ള യാത്ര തന്നെ ഒരു അനുഭവമാണ്. കാട്ടുമൃഗങ്ങളും നിറഞ്ഞൊഴുകുന്ന കാട്ടരുവികളും വെള്ളച്ചാട്ടങ്ങളുമെല്ലാം നിറഞ്ഞ വഴിയിലൂടെയാണ് ഇവിടേയ്ക്ക് എത്തുന്നത്. പാലക്കാടിനും നെല്ലിയാമ്പതിക്കും ഇടയ്ക്ക് സർക്കാർ ബസ്സുകൾ ഓടുന്നു. മലമ്പ്രദേശങ്ങളിൽ ജീപ്പുകളാണ് പൊതുവെ ഉള്ള ഗതാഗത മാർഗം. കുറഞ്ഞ ചെലവിൽ താമസിക്കാൻ കൈകാട്ടിയിൽ സർക്കാർ നടത്തുന്ന ഒരു അതിഥിഭവനം ഉണ്ട്.
വനവാസക്കാലത്ത് രാമനും ലക്ഷ്മണനും സീതയും ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സീതാർകുണ്ട്, കേശവൻപാറ, ചുള്ളിയാർ, മീങ്കാര അണക്കെട്ടുകൾ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെയില ഉല്പാദിപ്പിക്കുന്ന മണലരൂ എസ്റ്റേറ്റ് തുടങ്ങിയവയെല്ലാം ഈ യാത്രയിൽ സന്ദർശിക്കാം.
വയനാട്
മഴക്കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ മനോഹരമാകുന്ന പ്രദേശങ്ങളിൽ ഒന്നാണ് വയനാട്. എവിടെ നോക്കിയാലും കുളിരും കോടമഞ്ഞും മഴത്തുള്ളികളും മായാജാലം തീർക്കുന്ന മലനിരകളും പച്ചപ്പുമാണ് മൺസൂണിലെ വയനാടിൻറെ മുഖമുദ്ര. പൂക്കോട് തടാകം, ബാണാസുര സാഗർ അണക്കെട്ട്, മീൻമുട്ടി വെള്ളച്ചാട്ടം, എടക്കൽ ഗുഹകൾ, വയനാട് വന്യജീവി സങ്കേതം, കുറുവ ദ്വീപ് തുടങ്ങിയവയെല്ലാം ഈ യാത്രയിൽ സന്ദർശിക്കാവുന്നതാണ്. ചെമ്പ്ര, ബ്രഹ്മഗിരി, ചിറപ്പുല്ല്, കാറ്റുകുന്ന് തുടങ്ങിയ സ്ഥലങ്ങൾ മനോഹരമാണെങ്കിലും, മഴക്കാലത്ത് അപകടസാധ്യത കണക്കിലെടുത്ത് ഇവിടെ ട്രെക്കിങ് നിരോധനം ഏർപ്പെടുത്താറുണ്ട്.
അതിരപ്പിള്ളി
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻറെ മനോഹാരിതയെക്കുറിച്ച് വർണിക്കാൻ തുടങ്ങിയാൽ തീരില്ല. ചുറ്റും വനത്തിൻറെ കാഴ്ചയും കാട്ടുകിളികളുടെ ശബ്ദവും കുളിരുമെല്ലാമായി സഞ്ചാരികളെ ഇരുകയ്യും നീട്ടി അതിരപ്പിള്ളി സ്വീകരിക്കും. ബാഹുബലി, രാവൺ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾക്ക് അരങ്ങൊരുക്കിയ ഈ വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിലാണ്. ഏതാണ്ട് 24 മീറ്റർ ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന വെള്ളച്ചാട്ടം കാണാൻ മഴക്കാലമാകുമ്പോൾ ആളുകളുടെ തിരക്കാണ്. അടുത്തുള്ള രണ്ടു ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവയും സന്ദർശിക്കാം.
തേക്കടി
മഴയുടെ ഭംഗി ആസ്വദിക്കാൻ പറ്റിയ മറ്റൊരിടം തേക്കടിയാണ്. പെരിയാർ വന്യജീവി സങ്കേതവും പെരിയാർ തടാകവുമെല്ലാം കാണുക മാത്രമല്ല, പെരിയാർ തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്യാം, നാച്വറൽ വോക്കിങ്, ഗ്രീൻ വോക്കിങ്, ക്ലൗഡ് വോക്കിങ് തുടങ്ങി ഒട്ടേറെ ആക്ടിവിറ്റികളും ഇവിടെയുണ്ട്. ചുറ്റുമുള്ള പ്രദേശങ്ങളിലൂടെ ട്രെക്കിങ്, ഹൈക്കിങ് എന്നിവയ്ക്കും സൗകര്യമുണ്ട്. കൂടാതെ, ബോർഡർ ഹൈക്കിംങ്, വൈൽഡ് ലൈഫ് ട്രെയിൻ, റോക്ക് ക്ലൈംബിങ്, ബാംബൂ റാഫ്റ്റിങ്ങ് എന്നിങ്ങനെയുള്ള വെറൈറ്റി വിനോദങ്ങളുമുണ്ട്. താമസത്തിനായി മികച്ച ഹോംസ്റ്റേകളും റിസോർട്ടുകളും ഉള്ളതിനാൽ, ഹണിമൂണിനും കുടുംബത്തോടൊപ്പം പിക്നിക്കിനുമെല്ലാം മികച്ച ഇടമാണ് തേക്കടി.
തേക്കടിക്കടുത്ത് വണ്ടൻമേടെന്ന ഒരു കൊച്ചുഗ്രാമമുണ്ട്. ലോകത്തിൽ ഏറ്റവുമധികം ഏലയ്ക്ക ഉത്പാദിപ്പിക്കുന്ന തോട്ടങ്ങൾ നിറഞ്ഞ ഈ ഗ്രാമവും യാത്രയിൽ ഉൾപ്പെടുത്താം.