പ്രവേശനോത്സവത്തില്‍ കുട്ടികളെ സ്വീകരിച്ച് ഇപ്പിയും ചിപ്പിയും; കളർ കൂട്ടാൻ ഒരുക്കിയത് റോബോട്ടിക് ആനയെയും നായയെയും

 പ്രവേശനോത്സവത്തില്‍ കുട്ടികളെ സ്വീകരിച്ച് ഇപ്പിയും ചിപ്പിയും; കളർ കൂട്ടാൻ ഒരുക്കിയത് റോബോട്ടിക് ആനയെയും നായയെയും

കൊച്ചി: അവധിയാഘോഷമെല്ലാം മടക്കിവച്ച് അക്ഷരമുറ്റത്തേക്ക് എത്തിയിരിക്കുകയാണ് കുരുന്നുകൾ. പല സ്കൂളുകളിലും കുട്ടികളെ സ്വീകരിക്കാൻ വ്യത്യസ്ത കാര്യങ്ങൾ ആണ് ഒരുക്കിയിരുന്നത്. കൊച്ചിയിൽ സ്കൂൾ പ്രവേശനോത്സവത്തിന് കുട്ടികളെ വരവേൽക്കാൻ ഒപ്പമുണ്ടായിരുന്നത് ആനയും നായയും ഒക്കെയാണ്. സംഭവം ഒറിജിനൽ അല്ല കേട്ടോ, എല്ലാം റോബോട്ടുകളാണ്. കാലടി ശ്രീ ശാരദാ വിദ്യാലയത്തിലാണ് ഈ വ്യത്യസ്തമായ സ്കൂൾ തുറക്കൽ കാഴ്ച്ച. ഇപ്പി, ചിപ്പി എന്ന് പേരിട്ടിരിക്കുന്ന റോബോട്ടുകളാണ് കൂട്ടികളെ പുതിയ അധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്തത്.

കുട്ടികൾക്കൊപ്പം ആടിയും പാടിയും ഇവർ സ്കൂൾ പ്രവേശനോത്സവം ആഘോഷമാക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യകളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്താനുള്ള അവസരം കൂടിയായി സ്കൂൾ പ്രവേശനോത്സവത്തെ മാറ്റി എന്നതാണ് പ്രത്യേകത.

ആനയെ തലോടിയും തമ്പികൈയിൽ മുത്തമിട്ടും കുട്ടികൾ സ്നേഹം പ്രകടിപ്പിക്കുമ്പോൾ വലിയ ചെവിയാട്ടി തലകുലുക്കി കുട്ടികളെയും യന്തിരൻ ആന വരവേറ്റു. ഒപ്പം കൂട്ടുകാരെ കണ്ട സന്തോഷത്തിൽ നാല് കാലിലും തുള്ളിച്ചാടി അവരെ വട്ടമിട്ട കളിക്കുന്ന റോബോ നായക്കുട്ടിയെ തൊട്ടു തലോടാനും കുട്ടികൾ മടി കാണിച്ചില്ല.

അതേസമയം സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8.45 ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക കായിക പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 30,373 അധ്യാപകരെ നിയമിച്ചിട്ടുണ്ട്. അധ്യാപകർ കുട്ടികൾക്ക് പാഠപുസ്തകത്തിലെ അറിവ് മാത്രമല്ല, ലോകത്തെയും സമൂഹത്തെയും കുറിച്ചുള്ള അറിവുകളും പകരാൻ കഴിയണം. അധ്യാപകർക്ക് സ്വയം നവീകരിക്കാനുള്ള പിന്തുണ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖല തകർച്ചയുടെ വക്കിൽ എത്തിയപ്പോഴാണ് 2014ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ 923 സ്കൂളുകളുടെ കെട്ടിട നിർമാനത്തിന് കിഫ്‌ബി വഴിയാണ് ഫണ്ട്‌ അനുവദിച്ചത്. കഴിഞ്ഞ അവധിക്കാലം വലിയ ചൂടായിരുന്നു. അവസാനിക്കാറായപ്പോൾ കനത്ത മഴയും. ഇത്തവണ അസാധാരണമായ അവധിക്കാലമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *