സ്വർണം വാങ്ങാൻ ഒരുങ്ങിക്കോളൂ..; ഇന്നും ശുഭവാർത്ത തന്നെ, ഇന്നത്തെ സ്വർണവില അറിയാം..
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. ജൂൺ മാസം ആരംഭം തന്നെ ശുഭവാർത്തയാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ലഭിച്ചത്. വ്യാഴവും വെള്ളിയും ഒരേ വിലയിൽ വിപണനം നടന്ന സ്വർണത്തിന് ശനിയാഴ്ചയും വീണ്ടും കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ നിരക്കുകളിൽ മാറ്റമില്ലാതെ തുടർന്നു.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 52880 രൂപയാണ് വില. 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 53200 രൂപയായിരുന്നു. പവന് 53000ത്തിന് താഴേക്ക് എത്തി എന്നതും എടുത്തു പറയണം. കഴിഞ്ഞ മാസം ആറാം തിയ്യതിയാണ് ഇതിന് മുമ്പ് ഈ വില രേഖപ്പെടുത്തിയത്. പിന്നീട് റെക്കോര്‍ഡ് വിലയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചിറങ്ങുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ കുറഞ്ഞ് 6610 രൂപയിലെത്തിയിട്ടുണ്ട്.
മെയ് മാസത്തില്‍ പവന് 55120 രൂപ വരെ വില ഉയര്‍ന്നിരുന്നു. പിന്നീടാണ് താഴാന്‍ തുടങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില തുടര്‍ച്ചയായി ഇടിയുകയാണ്. ഇന്ത്യയില്‍ ഓഹരി വിപണിയില്‍ വലിയ ഉണര്‍വാണ് ഇന്ന് കാണുന്നത്. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്. ഡോളറില്‍ ഇടിവുണ്ടാകുകയാണ്. എണ്ണവില നേരിയ തോതില്‍ കയറുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നിക്ഷേപകരില്‍ ആശ്വാസമുണ്ടാക്കിയിട്ടുണ്ട്. തുടര്‍ഭരണമാണ് എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. ഇതോടെ സാമ്പത്തിക നയത്തില്‍ മാറ്റമുണ്ടാകില്ലെന്ന നിക്ഷേപകരുടെ കരുതലാണ് ഓഹരി വിപണിയിലെ ഇന്നത്തെ മുന്നേറ്റത്തിന് കാരണം. അതേസമയം, നാളെ പുറത്തുവരാനിരിക്കുന്ന ലോക്‌സഭാ ഫലം വിപണിയും ഉറ്റുനോക്കുകയാണ്.
ഡോളര്‍ സൂചികയില്‍ ഇടിവ് വന്നു എന്നതാണ് ആഗോള വിപണിയിലെ പ്രധാന മാറ്റം. 104.59 എന്ന നിരക്കിലാണ് സൂചിക. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഡോളറിനെതിരെ 83.07 എന്ന നിരക്കിലാണ് രൂപ. ഡോളര്‍ സൂചിക ഇടിയുന്നത് സ്വര്‍ണവില കയറാന്‍ കാരണമാകും. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്.
എണ്ണവിലയില്‍ നേരിയ മുന്നേറ്റം പ്രകടമാകുന്നുണ്ട്. ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി ഏറെ കാലം നീളുമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതാണ് എണ്ണവിലയില്‍ മുന്നേറ്റമുണ്ടാകാന്‍ കാരണം. അതേസമയം, പശ്ചിമേഷ്യയില്‍ സമാധാന സാധ്യത കാണുന്നത് ആഗോള വിപണിക്ക് പ്രതീക്ഷ നല്‍കുന്നു. സമാധാന നീക്കങ്ങള്‍ സജീവമായിട്ടുണ്ട്.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 57500 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് അര ലക്ഷത്തിന് മുകളില്‍ കിട്ടും. വില കുറഞ്ഞ സാഹചര്യത്തില്‍ സ്വര്‍ണാഭരണം ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. ആവശ്യമുള്ള വേളയില്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ഇത് സഹായിക്കും. മുഴുവന്‍ തുകയും നല്‍കി സ്വര്‍ണം ബുക്ക് ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ ഉപകാരപ്പെടുക.