മഴക്കാലകൃഷിക്ക് അനുയോജ്യം വെണ്ടയും വഴുതനയും; തൈകളുടെ വളപ്രയോഗവും കളനിയന്ത്രണവും പരിചയപ്പെടാം

 മഴക്കാലകൃഷിക്ക് അനുയോജ്യം വെണ്ടയും വഴുതനയും; തൈകളുടെ വളപ്രയോഗവും കളനിയന്ത്രണവും പരിചയപ്പെടാം

മഴക്കാലത്തെ കൃഷി രീതിക്ക് ഏറെ അനുയോജ്യം മുളക്, കുറ്റിപ്പയർ, വെണ്ട, വഴുതന, പാവൽ, പടവലം തുടങ്ങിയ പച്ചക്കറികളാണ്. ഈ സമയം കൃഷിയിറക്കുമ്പോൾ ചെടികൾക്കു നല്ല പരിചരണം ഉറപ്പാക്കണം. തൈകൾക്ക് കൃത്യമായ വളപ്രയോഗവും കളനിയന്ത്രണവും നടത്തി കൃഷി മെച്ചപ്പെടുത്താം.

മഴക്കാലത്ത് നല്ല നീർവാർച്ച ഉറപ്പാക്കാന്‍ വാരങ്ങൾ കോരി ഉയർത്തി തൈ നടുന്നതാണ് ഉചിതം. സൗകര്യപ്രദമായ നീളത്തിലും 10–15 സെ.മീ. ഉയരത്തിലും 30 സെ.മീ. വീതിയിലും വാരങ്ങൾ കോരാം. വിളകളുടെ വളർച്ച, സ്വഭാവം എന്നിവയനുസരിച്ച് വാരങ്ങൾ തമ്മിലുള്ള അകലം ക്രമീകരിക്കണം. ഉദാഹരണത്തിന് വെണ്ട, കുറ്റിപ്പയർ, മുളക്, വഴുതന മുതലായ വിളകളുടെ വാരങ്ങൾ തമ്മിൽ 30 സെ.മീ. അകലം നൽകാം. പടരുന്ന വിളകളായ മത്തൻ, കുമ്പളം മുതലായവയ്ക്ക് വാരങ്ങൾ തമ്മിൽ 3 മീറ്റർ അകലം നൽകേണ്ടതാണ്.

തയാറാക്കിയ വാരങ്ങളിൽ മണ്ണുപരിശോധനാറിപ്പോർട്ട് അനുസരിച്ച് ആവശ്യമെങ്കിൽ സെന്റിന് 2 കിലോ എന്ന തോതിൽ കുമ്മായം വിതറണം. 5–6 ദിവസത്തിനുശേഷം വാരങ്ങളിൽ സെന്റിന് 100 കിലോ എന്ന തോതിൽ ജൈവവളം ചേർക്കണം. കൃത്യതാക്കൃഷിരീതിയിൽ വാരങ്ങൾ തയാറാക്കി തുള്ളിനനയൊരുക്കിയശേഷം പുതയിട്ട് തൈകൾ നടുന്നത് വളപ്രയോഗം, കളനിയന്ത്രണം എന്നിവ സുഗമമാക്കുകയും വിളവ് മെച്ചപ്പെടുത്തുകയും ചെയ്യും. തയാറാക്കിയ വാരങ്ങളിൽ 50 സെ.മീ. അകലത്തിൽ പയർ, വെണ്ട, മുളക്, വഴുതന മുതലായവ നടാം. മത്തൻ, കുമ്പളം മുതലായവ ഒരു മീറ്റർ അകലത്തിൽ നടണം.

മഴക്കാലകൃഷിക്കു യോജ്യം മുളക്, കുറ്റിപ്പയർ, വെണ്ട, വഴുതന, പാവൽ, പടവലം, കോവൽ, മഞ്ഞൾ, കുമ്പളം എന്നിവയാണ്. ഇവയുടെ അത്യുൽപാദനശേഷിയുള്ള ഹൈബ്രിഡ് തൈകൾ ഓർഡർ അനുസരിച്ചു തയാറാക്കി നൽകുന്ന സർക്കാർ, സ്വകാര്യ നഴ്സറികളുണ്ട്. പ്രധാനപ്പെട്ട ചില ഇനങ്ങളുടെ വിവരങ്ങൾ താഴെ:

തൈകൾ പറിച്ചുനടുന്നത് മുഴുവൻ ചെടികളും ഒരേപോലെ വളർന്ന് വിളവെടുപ്പിലെത്തുന്നതിന് സഹായകം. വിത്തു മുളച്ച് തൈ ആകുന്നതിനുള്ള കാലതാമസവും ഒഴിവാകും. പ്രോട്രേകളിലെ മണ്ണില്ലാമിശ്രിതത്തിൽ ഉണ്ടാകുന്ന തൈകളാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ഇത്തരം തൈകൾ മൊത്തം മിശ്രിതം അടക്കം വേരോടുകൂടി ട്രേകളിൽനിന്ന് അടർത്തി എളുപ്പത്തിൽ നടാം. അതുകൊണ്ടുതന്നെ ഒരു തൈ പോലും വാടിപ്പോകാതെ എളുപ്പത്തിൽ ചുവടുറപ്പിക്കും. പച്ചക്കറികൾ ഹ്രസ്വകാല വിളകളായതുകൊണ്ട് നട്ട് 5–6 ദിവസം കഴിയുമ്പോൾ തന്നെ ശുപാർശപ്രകാമുള്ള വളപ്രയോഗം ആരംഭിക്കാം. കനത്ത മഴ ലഭിക്കുന്ന സമയമാകുമ്പോഴേക്കും നല്ല വളർച്ച ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *