ഐഫോണ്‍ ബാറ്ററി ഹെല്‍ത്ത് 80% വരെ കുറയുന്നത് ഈ കാരണത്താലാണ്…; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

 ഐഫോണ്‍ ബാറ്ററി ഹെല്‍ത്ത് 80% വരെ കുറയുന്നത് ഈ കാരണത്താലാണ്…; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐഫോണിന്റെ ബാറ്ററി ഹെൽത്ത് എങ്ങനെ സംരക്ഷിക്കാം എന്നത് സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ ഇന്നും നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഐഫോണിന്റെ ബാറ്ററി ഹെൽത്ത് മോശമാകുന്നു എന്നതാണ് ഇതിൻറെ കാരണം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇതിനുപിന്നിൽ നിരവധി ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഫോൺ നിൽക്കുന്ന ഇടത്തെ താപനിലയും റീച്ചാർജ് ചെയ്യുന്ന രീതിയും ബാറ്ററി കപ്പാസിറ്റിയെ ബാധിക്കുന്നു. നിശ്ചിതകാലത്തെ ഉപയോഗത്തിനൊടുവില്‍ ലിഥിയം അയേണ്‍ ബാറ്ററികളുടെ ശേഷി ഉപഭോഗത്തിനനുസരിച്ച് കുറയുന്നത് സ്വാഭാവികമാണ്.

ഫോണിന്റെ ചാര്‍ജിങ് സൈക്കിളിന്റെ എണ്ണം നിശ്ചിത പരിധിൽ എത്തുന്നതിന് അനുസരിച്ച് ആപ്പിളിന്റെ ലിഥിയംഅയേണ്‍ ബാറ്ററിയുടെ ഹെല്‍ത്ത് അഥവാ ഫോണിന്റെ ശേഷി 80% വരെ കുറയും. സാധാരണ 500 ചാര്‍ജിങ് സൈക്കിള്‍ പൂര്‍ത്തിയാവുമ്പോഴേക്കുമാണ് ഇത് 80 ശതമാനത്തിലെത്തുക. ഓരോരുത്തരുടേയും ഉപയോഗരീതി അനുസരിച്ച് ഓരോരുത്തരുടേയും ചാര്‍ജിങ് സൈക്കിള്‍ ദൈര്‍ഘ്യം വ്യത്യാസപ്പെട്ടേക്കും.

ആപ്പിള്‍ ചാര്‍ജിങ് സൈക്കിള്‍ എങ്ങനെ?

എപ്പോള്‍ വേണമെങ്കിലും ഐഫോണ്‍ ബാറ്ററി ചാര്‍ജ് ചെയ്യാം. ഇതിനായി ബാറ്ററി 100% ഉപയോഗിച്ച് തീര്‍ക്കണം എന്നില്ല. ചാര്‍ജിങ് സൈക്കിള്‍ അടിസ്ഥാനമാക്കിയാണ് ബാറ്ററിയുടെ പ്രവര്‍ത്തനം. ഓരോ തവണ ബാറ്ററി ഉപയോഗിക്കുമ്പോഴും ബാറ്ററിയുടെ 100% ശേഷി അടിസ്ഥാനമാക്കി ഉപഭോഗം കണക്കാക്കും. അത് എത്രതവണ ചാർജ് ചെയ്തു എന്ന അടിസ്ഥാനത്തിലല്ല കണക്കാക്കുന്നത്. ഉദാഹരണത്തിന്, ബാറ്ററി ചാര്‍ജ് ചെയ്ത് ഒരു ദിവസം 75% മാത്രമാണ് ഉപയോഗിച്ചത് എന്നിരിക്കട്ടെ, തൊട്ടടുത്ത ദിവസം ഫോണ്‍ വീണ്ടും ചാര്‍ജ് ചെയ്തതിന് ശേഷം 25% ഉപയോഗിക്കുമ്പോള്‍ അത് ഒരു ചാര്‍ജിങ് സൈക്കിള്‍ ആയി കണക്കാക്കും. ചാര്‍ജിങ് സൈക്കിള്‍ എണ്ണം ഫോണില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഒറ്റ റീച്ചാര്‍ജില്‍, രണ്ട് ദിവസങ്ങളിലായി ഉപയോഗിക്കുമ്പോള്‍ ചാര്‍ജിങ് സൈക്കിള്‍ രണ്ട് ദിവസത്തേക്ക് ലഭിക്കുന്നു.

നിശ്ചിത എണ്ണം റീച്ചാര്‍ജിങ് നടന്നുകഴിഞ്ഞാല്‍ ബാറ്ററിയുടെ ശേഷി കുറയുമെന്നാണ് ആപ്പിള്‍ പറയുന്നത്. ഓരോ ചാര്‍ജിങ് സൈക്കിള്‍ പൂര്‍ത്തിയാകുമ്പോഴും ഐഫോണ്‍ ബാറ്ററി ഹെല്‍ത്തില്‍ നിശ്ചിത അളവ് കുറവുണ്ടാവുന്നു. ചാര്‍ജ് സൈക്കിള്‍ നിശ്ചിത പരിധി കഴിയുന്നതോടെ അത് 80 ശതമാനത്തോളം പരിമിതപ്പെടും. ഓരോ ഉല്പന്നത്തിനും അനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാവും.

ബാറ്ററി ഹെല്‍ത്ത് സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

ഫോണ്‍ നിൽക്കുന്നയിടത്തെ താപനില ക്രമീകരിക്കാൻ ശ്രദ്ധിക്കുക.അന്തരീക്ഷത്തിലെ അമിതമായ ചൂടും തണുപ്പും ബാറ്ററി ശേഷിയെ ബാധിച്ചേക്കും.
ബാറ്ററി പൂര്‍ണമായും ഉപയോഗിച്ച് തീര്‍ക്കരുത്. 20 ശതമാനത്തിനും 40 ശതമാനത്തിനും ഇടയില്‍ ബാറ്ററി റീച്ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്
രാത്രി ബാറ്ററി ചാര്‍ജ് ചെയ്യാനിടരുത്
ഒപ്റ്റിമൈസ്ഡ് ചാര്‍ജിങ് ഫീച്ചര്‍ ഉപയോഗിക്കുക. ഈ ഫീച്ചര്‍ നിങ്ങളുടെ ചാര്‍ജിങ് രീതി പഠിക്കുകയും അതിനനുസരിച്ച് ചാര്‍ജിങ് സമയം ക്രമീകരിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഫോണ്‍ ബാറ്ററി ചാർജിങ് പരിധി 80 ശതമാനം വരെ ആക്കി നിശ്ചയിക്കാനുമാവും.
സ്‌ക്രീന്‍ ബ്രൈറ്റ്‌നെസും ടൈംഔട്ട് സമയവും കുറയ്ക്കുക. ബ്രൈറ്റ്‌നെസ് കുറയ്ക്കുന്നതും, ഓട്ടോ ലോക്ക് സമയം കുറയ്ക്കുന്നതും ബാറ്ററി ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി ചാര്‍ജ് സൈക്കിള്‍ ദൈര്‍ഘ്യം വര്‍ധിപ്പിക്കാം.
ബാക്ഗ്രൗണ്ട് ആപ്പ് റിഫ്രഷ് ഓഫാക്കുക – പശ്ചാത്തലത്തില്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ബാറ്ററിയുടെ അമിത ഉപയോഗം ഇതുവഴി കുറയ്ക്കാം.
സെറ്റിങ്‌സ് വഴി ഓരോ ആപ്പിന്റെയും പശ്ചാത്തല പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാവും.
ലോ പവര്‍ മോഡ് ഓണ്‍ ആക്കുക – ഇതുവഴി പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് ബാറ്റിയുടെ അമിത ഉപയോഗം തടയാനാവും
ഐഒഎസ് പതിവായി അപ്ഡേറ്റ് ചെയ്യുക – അപ്ഡേറ്റുകളില്‍ പലപ്പോഴും നൂതനമായ ഊര്‍ജ്ജ സംരക്ഷണ സാങ്കേതികവിദ്യകള്‍ ഉള്‍പെടുത്താറുണ്ട്. അതിനാല്‍ നിങ്ങളുടെ iOS അപ്‌ഡേറ്റ് ചെയ്യുന്നത് ബാറ്ററി ക്ഷമത നിലനിര്‍ത്താന്‍ സഹായിക്കും.
ലൊക്കേഷന്‍ സേവനങ്ങള്‍ നിയന്ത്രിക്കുക – ബാറ്ററി കളയുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ലൊക്കേഷന്‍ സേവനങ്ങള്‍. ആപ്പുകള്‍ നിരന്തരം ലൊക്കേഷന്‍ സംവിധാനം ഉപയോഗിക്കുന്നത് ബാറ്ററി നഷ്ടത്തിനിടയാക്കും. ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രം അല്ലെങ്കില്‍ ഒരിക്കലും ഉപയോഗിക്കേണ്ട എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം.
ബാറ്ററി ഉപയോഗം നിരീക്ഷിക്കുക: ബാറ്ററി സെറ്റിങ്‌സില്‍ ഏറ്റവും കൂടുതല്‍ ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഐഒഎസ് നല്‍കുന്നുണ്ട്. ഇത് പരിശോധിച്ച് ആപ്പുകളെ നിയന്ത്രിക്കാവുന്നതാണ്.
ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത് – ചാര്‍ജ് ചെയ്യുമ്പോള്‍ വലിയ പ്രവര്‍ത്തനക്ഷമത ആവശ്യമായിവരുന്ന ജോലികള്‍ക്കായി ഐഫോണ്‍ ഉപയോഗിക്കരുത്. ഇത് ഫോണ്‍ ചൂടാവുന്നതിനിടയാക്കുകയും ബാറ്ററിയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *