ഈ ഐസ്ക്രീം നിസ്സാരമായി കഴിക്കാമെന്ന് കരുതരുതേ..; ചെകുത്താന്റെ ശ്വാസം എന്ന് വിളിപ്പേരുള്ള ഐസ്ക്രീമിന്റെ വിശേഷങ്ങളറിയേണ്ടേ?

 ഈ ഐസ്ക്രീം നിസ്സാരമായി കഴിക്കാമെന്ന് കരുതരുതേ..; ചെകുത്താന്റെ ശ്വാസം എന്ന് വിളിപ്പേരുള്ള ഐസ്ക്രീമിന്റെ വിശേഷങ്ങളറിയേണ്ടേ?

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് ഐസ്ക്രീമുകൾ. മധുരവും തണുപ്പും ഇഷ്ടപ്പെടുന്നവർ എല്ലാവരും ഐസ്ക്രീം കഴിക്കുമെങ്കിലും കുട്ടികളുടെ ഇഷ്ട വിഭവമായാണ് ഐസ്ക്രീമിനെ വിലയിരുത്തുന്നത്. എന്നാൽ, പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് വിൽക്കാത്ത ഒരു ഐസ്ക്രീം ഈ ലോകത്തുണ്ട് എന്ന് നിങ്ങൾക്കറിയാമോ? സം​ഗതി സത്യമാണ്. ചെകുത്താൻ ശ്വാസം എന്ന് വിളിപ്പേരുള്ള ഈ ഐസ്ക്രീം ആളൽപം ഡെയ്ഞ്ചറാണ്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഐസ്ക്രീമിന്റെ കഥയറിഞ്ഞു വരാം…

ഐസ് ക്രീം പാർലറുകൾ സാധാരണയായി അന്താരാഷ്ട്ര വാർത്തകളിൽ ഇടംപിടിക്കാറില്ല. എന്നാൽ 2018 ലെ വാലൻ്റൈൻസ് ഡേയ്‌ക്ക് തൊട്ടുമുമ്പ്, സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലുള്ള ആൽഡ്‌വിച്ച് കഫേയും ഐസ്‌ക്രീം പാർലറും ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ ഇടംപിടിച്ചു. റെസ്പിറോ ഡെൽ ഡയവോലോ അഥവാ ചെകുത്താന്റെ ശ്വാസം എന്ന് വിളിക്കപ്പെടുന്ന ഐസ്ക്രീം ഇവർ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. അന്നുവരെ ലോകത്തിന് ഐസ്ക്രീമിനെ കുറിച്ചുണ്ടായിരുന്ന എല്ലാ കാഴ്ച്ചപ്പാടുകളെയും മാറ്റിമറിക്കുന്നതായിരുന്നു ഇവരുടെ റെസ്പിറോ ഡെൽ ഡയവോലോ.

സ്ട്രോബെറി അല്ലെങ്കിൽ മറ്റേതൊരു ഐസ്ക്രീമിലും ചേർക്കുന്ന ഫ്ലേവറുകൾ തന്നെയാണ് ഇതിലുമുള്ളത്. എന്നാൽ, റെസ്പിറോ ഡെൽ ഡയവോലോയുടെ നക്ഷത്ര ഘടകം വളരെ ഭയാനകമാണ്. ലോകത്തിലെ ഏറ്റവും എരിവേറിയ മുളകെന്ന് ഖ്യാതി നേടിയ കരോലിന റീപ്പർ കുരുമുളകാണ് ഇതിലെ മെയിൻ.

സാധാരണ നല്ല എരിവോട് കൂടിയ പിരിയൻ മുളകിന് 50,000 -1,75,000 സ്കോവിൽ സ്കെയിൽ യൂണിറ്റ് എരിവാണുള്ളത്. എന്നാൽ, ഈ ഐസ്ക്രീമിന് ഏകദേശം 15,69,300 സ്കോവിൽ സ്കെയിൽ യൂണിറ്റ് എരിവാണുള്ളത് എന്നറിയുമ്പോൾ മാത്രമേ ഇവനെത്ര ഭീകരനാണെന്ന് നമുക്ക് മനസ്സിലാകൂ.

കഠിനമായ എരിവുള്ളതിനാൽ 18 വയസിന് മുകളിലുള്ള ആവശ്യക്കാർക്ക് മാത്രമേ ഈ ഐസ്ക്രീം വിൽക്കുകയുള്ളു. കൂടാതെ, ഐസ്ക്രീം കഴിച്ച് എന്തെങ്കിലും സംഭവിച്ചാൽ സ്വന്തം ഉത്തരവാദിത്വം മാത്രമാണെന്നും റെസ്റ്റോറന്റിന് ബാധ്യതയില്ലെന്നും കാട്ടുന്ന പത്രത്തിൽ ആദ്യം ഒപ്പിടുകയും വേണം.

സ്പിറോ ഡെൽ ഡിയവോളോ ഐസ്ക്രീമിന്റെ റെസിപി സീക്രട്ടാണ്. 2018ൽ ആദ്യമായി അവതരിപ്പിച്ച ഈ ഐസ്ക്രീം സ്കൂപ്പിന് 235 രൂപ വരെയാണ് വില. ഏതായാലും എരിവ് ഉപയോഗിക്കാത്തവർ ഈ ഐസ്ക്രീമിന്റെ അരികിലേക്ക് പോകരുതെന്ന് ഐസ്ക്രീം പരീക്ഷിച്ച ചിലർ പറയുന്നു. ഐസ്ക്രീം കഴിച്ചവരിൽ ചിലർക്ക് ബോധക്ഷയം മുതൽ പാനിക് അറ്റാക്ക് വരെ വന്നതായി പറയപ്പെടുന്നു. ലോകത്തെ ഏറ്റവും അപകടകരമായ ഐസ്ക്രീം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

രസകരമായ മറ്റൊരു സം​ഗതി, ഈ ഐസ്ക്രീം വാങ്ങുന്നവർ തങ്ങൾ സ്വമേധയാ വാങ്ങുന്നു എന്ന സത്യവാങ്മൂലം ഒപ്പിട്ട് നൽകണം എന്നതാണ്. അതായത്, ഈ ഐസ്ക്രീം കഴിക്കുന്നവന്റെ ജീവൻ നഷ്ടമായാൽ കടക്കാരൻ ഉത്തരവാദിയല്ല എന്നുതന്നെ.

Leave a Reply

Your email address will not be published. Required fields are marked *