ഇഞ്ചിയും മഞ്ഞളും നടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം; അറിയാം വിശദമായി…
നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിയാണ് മഞ്ഞളും ഇഞ്ചിയുമൊക്കെ. ഇവ രണ്ടും തനിവിളയായും ഇടവിളയായും കേരളത്തിൽ കൃഷി ചെയ്യാറുണ്ട്. ചൂടുളളതും അന്തരീക്ഷ ഈർപ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് ഇവയ്ക്ക് അനുയോജ്യം. നടുന്ന സമയത്ത് ചെറിയ തോതിലും വളരുന്ന സമയത്ത് സമൃദ്ധമായും മഴ ലഭിക്കുന്നത് നല്ലതാണ്.
വർഷത്തിൽ ഒരു വിളവ് എന്ന തോതിൽ 7-8 മാസത്തിനുള്ളിൽ വിളക്കാലം അവസാനിക്കുന്ന വിധമാണ് ഇഞ്ചിക്കൃഷി. ഇതിൽ സങ്കരയിനങ്ങൾ സാധ്യമായിട്ടില്ല. പക്ഷേ, കേരള കാർഷിക സർവകലാശാല ടിഷ്യൂ കൾചർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണമേന്മയും രോഗപ്രതിരോധശേഷിയുമുള്ള ഇനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.
ഇനങ്ങൾ
കുറുപ്പംപടി, തൊടുപുഴ, വേങ്ങര, വള്ളുവനാട്, ഏറനാട്, ചേറനാട്, മഞ്ചേരി, വയനാട് ലോക്കൽ, മാനന്തവാടി, കുന്നമംഗലം തുടങ്ങിയ നാടൻ ഇനങ്ങളും മാരൻ, നരസപട്ടം, ജോർഹട്ട്, അസം, ബർദ്വാൻ, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, നാദിയ തുടങ്ങിയ മറുനാടൻ ഇനങ്ങളും റയോഡിജനീറോ, ചൈന, തയ്‌വാൻ, ടാഫിൻജിവ, സിയറാലിയോൺ തുടങ്ങിയ വിദേശ ഇനങ്ങളുമുണ്ട്. റയോഡിജനീറോ, ചൈന, ടാഫിൻജിവ, വയനാട് ലോക്കൽ എന്നിവ പച്ച ഇഞ്ചിക്കും മാരൻ, വയനാട്, മാനന്തവാടി, വള്ളുവനാട്, ഏറനാട്, കുറുപ്പംപടി, തൊടുപുഴ തുടങ്ങിയവ ചുക്കിനും, റയോഡിജനീറോ ഒളിയോറസിൻ നിർമാണത്തിനും യോജ്യം. മാരൻ, ഹിമാചൽ, റയോഡിജനീറോ എന്നിവയ്ക്കു കർഷകർക്കിടയിൽ ഏറെ പ്രചാരമുണ്ട്.
മാരൻ എന്ന ഇനം മൂടുചീയലിനെ ചെറുക്കുന്നു. ഹിമാചൽ, നാദിയ, മാരൻ, റയോഡിജനീറോ എന്നിവ ഇലപ്പുള്ളിയെയും. ആതിര, കാർത്തിക എന്നിവ മൃദുചീയൽ രോഗത്തെയും ബാക്റ്റീരിയൽ വാട്ടത്തെയും പ്രതിരോധിക്കുന്നു. നിമാവിരകൾക്ക് എതിരെ പ്രതിരോധശേഷിയുള്ള ഇനമാണ് മഹിമ. IISR വരദ സംഭരണകാലത്തെ കീടശല്യം ചെറുക്കുന്നു.
വിത്ത് തിരഞ്ഞെടുക്കലും പരിചരണവും
ചെടിക്ക് 6 – 8 മാസം പ്രായമാകുമ്പോൾത്തന്നെ വിത്തിഞ്ചിക്കുള്ള വാരങ്ങൾ അടയാളപ്പെടുത്തണം. മൂപ്പെത്തിയതും രോഗ–കീടബാധ ഇല്ലാത്തതുമായ കിഴങ്ങുകൾ തിരഞ്ഞെടുക്കുക. ഇവ കുമിൾനാശിനി അടങ്ങിയ ലായനി(10 കിലോ വിത്ത് മുക്കുന്നതിന് ഏകദേശം 15 ലീ. ലായനി)യിൽ 30 മിനിറ്റ് മുക്കിവയ്ക്കണം. ഇതിനായി മാങ്കോസെബ് (ഇൻഡോഫിൽ M – 45) എന്ന കുമിൾനാശിനി 3 ഗ്രാം ഒരു ലീറ്റർ വെള്ളം എന്ന തോതിൽ കലക്കിയ ലായനിയിൽ വിത്ത് 30 മിനിറ്റ് മുക്കിയിടുക. തുടർന്ന്, വെള്ളം വാർന്ന ഇഞ്ചി തണലത്തിട്ട് ഉണക്കിയശേഷം കുഴികളിൽ അറക്കപ്പൊടിയോ മണലോ ഇട്ട് അതിനു മീതെ പരത്തിയിടണം.
ഇഞ്ചി സംഭരിക്കാനുള്ള കുഴിയുടെ അരികു വശങ്ങളിൽ ചാണകക്കുഴമ്പ് പുരട്ടാം. ഉണങ്ങിയ മണലോ അറക്കപ്പൊടിയോ ഉപയോഗിച്ച് ഇഞ്ചി അടുക്കി സംഭരിക്കാം. ഒരടി വിത്തിഞ്ചി അടുക്കിയതിനുശേഷം 2 സെ.മീ. കനത്തിൽ മണലോ അല്ലെങ്കിൽ അറക്കപ്പൊടിയോ വിതറുക. ഇപ്രകാരം കുഴി നിറയ്ക്കുമ്പോൾ വായുസഞ്ചാരം ഉറപ്പുവരുത്താൻ കുഴിയുടെ മുകൾവശത്ത് അൽപം സ്ഥലം ഒഴിച്ചിടണം. കുഴി ചെറിയ സുഷിരങ്ങളുള്ള മരപ്പലക ഉപയോഗിച്ച് മൂടിയിടുക. ഇടയ്ക്കിടയ്ക്ക് കുഴി പരിശോധിച്ച് രോഗബാധയുള്ള കിഴങ്ങുകൾ നീക്കം ചെയ്യണം.
തണൽ ലഭ്യമായ സ്ഥലങ്ങളിൽ കുഴിയെടുത്തും ഇഞ്ചി സംഭരിക്കാം. മീതെ പാണലിന്റെ ഇലയിട്ടു മൂടുന്നത് കീടബാധയിൽനിന്നു സംരക്ഷണത്തിനും വിത്തിഞ്ചി ചുങ്ങാതിരിക്കുന്നതിനും സഹായകം. ഇപ്രകാരം സൂക്ഷിച്ച ഇഞ്ചി വിത്ത് കൃഷിയിറക്കുന്നതിനു മുൻപ് 20 -25 ഗ്രാം തൂക്കം വരുന്നതും ഒന്നോ രണ്ടോ മുകുളങ്ങളുള്ളതുമായ ചെറിയ കഷണങ്ങളാക്കി മുറിച്ച് വീണ്ടും അതേ കുമിൾനാശിനിയിൽ അര മണിക്കൂർ മുക്കി തണലിൽ ഉണക്കി നടാം. ജൈവകൃഷിക്കായി വിത്തിഞ്ചി 1% വീര്യമുള്ള ബോർഡോമിശ്രിത ലായനിയിൽ 30 മിനിറ്റ് മുക്കിയശേഷം തണലിലിട്ട് വെള്ളം വാർത്തെടുത്താണ് കുഴികളിൽ സൂക്ഷിക്കുന്നത്.
ജൈവീകരീതി
GRB 35-എന്ന ബയോകാപ്സ്യൂൾ മൃദുചീയൽ രോഗം തടയുന്നതിനും ചെടിവളർച്ച ത്വരിതപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു. ഒരു ബയോ കാപ്സ്യൂൾ ഒരു ലീറ്റർ തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ലയിപ്പിച്ച് 8 മണിക്കൂർ നേരം വയ്ക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. ഈ ലായനി 200 ലീറ്റർ വെള്ളത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. നടുന്നതിനു മുൻപ് ഇഞ്ചിവിത്തുകൾ 30 മിനിറ്റ് നേരം ലായനിയിൽ മുക്കുക. പിന്നീട് തണലത്തിട്ട് വെള്ളം വാർന്നശേഷം നടുന്നതിന് ഉപയോഗിക്കാം. ബാക്കിയുള്ള ലായനി ഇഞ്ചി നട്ട തവാരണയിൽ ഒഴിച്ചുകൊടുക്കുക. 20-25 ഗ്രാം ഭാരമുള്ളതും ഒന്നോ രണ്ടോ മുകുളങ്ങളുള്ളതുമായ ഇഞ്ചി വിത്താണ് നടാനുപയോഗിക്കുക. ഒരു ഹെക്ടറിന് 1500 കിലോ വിത്തു വേണം.
ഏക മുകുള പ്രജനനം
നേരിട്ടു നടുന്ന രീതിയാണ് സാധാരണയായി അനുവർത്തിക്കുന്നതെങ്കിലും, 4-6 ഗ്രാം തൂക്കം വരുന്ന ഒറ്റ മുകുളങ്ങൾ ഉപയോഗിച്ച് തൈകൾ ഉണ്ടാക്കി പറിച്ചു നടുന്നരീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ നല്ല ആരോഗ്യമുള്ള നടീൽവസ്‌തു ലഭിക്കുന്നതിനോടൊപ്പം വിത്തിഞ്ചിയുടെ അളവ് കുറയ്ക്കാനും സാധിക്കും.
ആരോഗ്യവും വലുപ്പവുമുള്ള കിഴങ്ങുകൾ തിരഞ്ഞെടുത്ത് മാങ്കൊസെബ് (0.3%), ലായനിയിൽ 30 മിനിറ്റ് മുക്കിയശേഷം സംഭരിച്ചുവയ്ക്കണം. നടുന്നതിന് ഒരു മാസം മുൻപ് 4-6 ഗ്രാം തൂക്കം വരുന്ന ഒറ്റ മുകുള ങ്ങളുള്ള കഷണങ്ങളായി ഇഞ്ചി മുറിക്കുക. മുള വന്നു തുടങ്ങിയ കഷണങ്ങൾ ഒരിക്കൽക്കൂടി ശുപാർശ ചെയ്‌തിരിക്കുന്ന ലായനിയിൽ 30 മിനിറ്റ് മുക്കിയശേഷം പ്രോട്രേകളിൽ നടാം.
നന്നായി അഴുകിയ ചകിരിച്ചോറും മണ്ണിരക്കംപോസ്റ്റും (75:25) എന്ന അനുപാതത്തിൽ കൂട്ടിച്ചേർക്കുക. ഒരു കിലോ മിശ്രിതത്തിന് 10 ഗ്രാം എന്ന തോതിൽ ട്രൈക്കോഡെർമ കൂടി ചേർക്കണം. നന്നായി യോജിപ്പിച്ചതിനുശഷം ഈ മിശ്രിതം കൊണ്ട് പ്രോട്രേയിലുള്ള കുഴികൾ നിറയ്ക്കാം. ഒറ്റ മുകുളമായി മുറിച്ചിട്ടുള്ള ഇഞ്ചിക്കഷണങ്ങൾ പ്രോട്രേയിൽ നട്ടതിനുശേഷം തണലിൽ വയ്ക്കുക. പൂവാലി ഉപയോഗിച്ച് ആവശ്യാനുസരണം നനയ്ക്കുക. നട്ട് 30-40 ദിവസങ്ങൾക്കുള്ളിൽ തൈകൾ തയാർ.
സ്ഥലം തിരഞ്ഞെടുക്കൽ
സമുദ്രനിരപ്പിൽനിന്ന് 1500 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ ഇഞ്ചിക്കൃഷി ചെയ്യാമെങ്കിലും 300 മുതൽ 900 മീറ്റർവരെ ഉയരമുള്ള പ്രദേശങ്ങളാണ് ഉത്തമം. ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥ നന്ന്. മഴയെ ആശ്രയിച്ചോ നനച്ചോ ഇഞ്ചിക്കൃഷി ചെയ്യാം. വർഷത്തിൽ 150–300 സെ.മി. വരെ മഴ ആവശ്യമാണ്. നടുന്ന സമയത്ത് മിതമായും, വളർച്ചസമയത്ത് സമൃദ്ധമായും മഴ പെയ്യുന്നതു കൊള്ളാം. വിളവെടുക്കുന്നതിന് ഒരു മാസം മുൻപെങ്കിലും മഴ നിലച്ചിരിക്കണം. മിതമായ (25%) തണലിൽ കൃഷി ചെയ്യാമെങ്കിലും സൂര്യപ്രകാശം നന്നായി ലഭിക്കുന്നിടങ്ങളിലാണ് നല്ല വിളവ് ലഭിക്കുക. തെങ്ങിൻതോപ്പിലും കമുകിൻതോപ്പിലും ഇടവിളയായും അതുപോലെ ഒരു വിള മാത്രം എടുക്കുന്ന വയലുകളിലും ഇഞ്ചി കൃഷി ചെയ്യാം. പുതിയതായി റബർ നട്ട തോട്ടങ്ങളിലും ആദ്യത്തെ 3 വർഷം ഇഞ്ചിക്കൃഷി ചെയ്യാം.
നടീൽരീതി
നല്ല ജൈവാംശം, വളക്കൂറ്, നീർവാർച്ച, വായുസഞ്ചാരം എന്നിവയുള്ള മണ്ണാണ് ഏറ്റവും യോജിച്ചത്. ഏകദേശം 45 സെ.മീ. ആഴമുള്ള മണ്ണ് മതി. വേനൽമഴയോടെ ഒരു മീറ്റർ വീതിയും 30 സെ.മീ. ഉയരവും ആവശ്യാനുസരണം നീളവുമുള്ള വാരങ്ങൾ എടുക്കണം. ഇഞ്ചിവിത്ത് (25 ഗ്രാം ഭാരമുള്ള) 25 സെ.മീ. അകലത്തിൽ, ചാണകപ്പൊടിയിട്ട് വാരങ്ങളിൽ നടാം. വാരങ്ങൾ തമ്മിൽ 50 സെ.മീ. ഇടയകലം വേണം. മണ്ണിന്റെ അമ്ലക്ഷാരസൂചിക 6-7 ആയിരിക്കണം. അമ്ലത കൂടിയ മണ്ണിൽ കുമ്മായമിട്ട് അമ്ലത കുറയ്ക്കുക. ഒരു കൃഷിയും ചെയ്യാതെ കിടന്ന മണ്ണ് ഇഞ്ചിക്ക് ഉത്തമം. ധാരാളം വളം വലിച്ചെടുക്കുന്നതു കൊണ്ടും മണ്ണിൽക്കൂടി രോഗം പകർത്തുന്ന ബാക്ടീരിയയും കുമിളുകളും പടരുന്നതുകൊണ്ടും ഒരേ സ്ഥ ലത്ത് തുടർച്ചയായി ഇഞ്ചിക്കൃഷി ചെയ്യരുത്. 2 വർഷത്തെ ഇടവേളയെങ്കിലും അടുത്ത കൃഷിക്കു നൽകണം. വിളവെടുക്കുമ്പോൾ എല്ലാ കടകളും വൃത്തിയായി പറിച്ചു നീക്കണം. രോഗ, കീടബാധയുള്ള ഇഞ്ചിക്കഷണങ്ങൾ അവിടെക്കിടന്നാൽ വരും വർഷങ്ങളിൽ രോഗബാധ കൂടും.
മഞ്ഞൾ
പ്രധാന നാടൻ ഇനങ്ങൾ ദുഗ്ഗിരാല, തെക്കൂർ പെറ്റ, സുഗന്ധം, അമലാപുരം, ഈറോഡ് ലോക്കൽ, മൂവാറ്റു പുഴ, ലക്കടോങ്. ഗവേഷണകേന്ദ്രങ്ങളിൽ വികസിപ്പിച്ചെടുത്ത കൂടുതൽ ഉൽപാദനക്ഷമതയും ഗുണമേന്മയുമേറിയ സുവർണ, സുഗുണ, സുദർശന, IISR പ്രഭ, IISR പ്രതിഭ, ആലപ്പി സുപ്രീം, കേദാരം, രാജേന്ദ്ര സോണിയ, മെഗാ ടെർമെറിക്, കാന്തി, ശോഭ, സോന, വർണ, സുഗന്ധം, പ്രദതി എന്നീ ഇനങ്ങളുണ്ട്.
വിത്തു മഞ്ഞളിന്റെ വലുപ്പവും തൂക്കവും
ഓരോ സ്ഥലത്തെയും അതേപോലെ ഇനത്തിന്റെയും മണ്ണിന്റെയും അടിസ്ഥാനത്തിൽ മഞ്ഞളിന്റെ വലുപ്പവും തൂക്കവും വ്യത്യാസപ്പെടും. കൂടുതൽ വിളവ് ലഭിക്കുന്നതിനു വിത്തുമഞ്ഞൾ 20-25 ഗ്രാം തൂക്കമുള്ള ഒന്നോ രണ്ടോ മുകുളങ്ങളോടു കൂടിയ കഷണങ്ങളാക്കുന്നു. പൊതുവെ ഹെക്ടറിന് 1500-2500 കിലോ മഞ്ഞളാണു വേണ്ടത്. ജൈവികരീതിയിൽ ജിആർബി 35 എന്ന ബാക്‌ടീരിയ അടങ്ങുന്ന ഒരു കാപ്സ്യൂൾ 200 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനിയിൽ കിഴങ്ങുകൾ 30 മിനിറ്റ് മുക്കിവച്ചിട്ടു നട്ടാൽ ചെടിയുടെ വളർച്ചയും രോഗപ്രതിരോധശേഷിയും വർധിക്കും. ഏക മുകുള പ്രജനനരീതി വഴി നടീൽവസ്തുവിന്റെ അളവ് ഒരു പരിധിവരെ കുറയ്ക്കാം. വിത്തുമഞ്ഞൾ മരുന്നു പുരട്ടി സൂക്ഷിക്കുന്നവിധം, നിലമൊരുക്കൽ, നടീൽ, പുതയിടൽ, കളനിയന്ത്രണം, വിളവെടുപ്പ്, ഏക മുകുള പ്രജനനം, സ്ഥലം തിരഞ്ഞെടുക്കൽ, അനുയോജ്യമായ മണ്ണ് എന്നിവ ഇഞ്ചിയുടേതുപോലെതന്നെ.