കിലോയ്ക്ക് രണ്ടായിരവും കടന്ന് മുന്നോട്ട്; വൻ കുതിപ്പിലും മലയോരത്തെ കർഷകർക്ക് നിരാശ; ഏലക്കർഷകരുടെ ദുരിതത്തത്തിന് കാരണം?
സുഗന്ധവ്യഞ്ജന കൃഷിയിലെ രാജാവെന്ന് പറയാം മലനാട്ടിലെ ഏലകൃഷിയെ. എന്നാൽ ഇത്തവണ ഏലം കർഷകർ നേരിടുന്നത് വൻ പ്രതിസന്ധിയാണ്. വില കുതിച്ചുയരുമ്പോൾ സന്തോഷിക്കേണ്ട കർഷകന് ഉള്ളിൽ വിങ്ങലാണ്. വില കൂടിയപ്പോൾ വിൽക്കാൻ ഏലക്കായ ഇല്ലാത്തതാണ് സങ്കടകരമായ കാര്യം. ശരാശരി 2000 രൂപയാണിപ്പോൾ ഏലക്കയുടെ മോഹവില.
വരൾച്ചയിൽ ഏലക്കൃഷിയാകെ കരിഞ്ഞുണങ്ങി ഉത്പാദനം ഗണ്യമായി ഇടിഞ്ഞതാണ് തിരിച്ചടിയായത്. പുറ്റടി സ്പൈസസ് പാർക്കിൽ ഇടുക്കി മഹിളാ കാർഡമം പ്രൊഡ്യൂസർ കമ്പനി ചൊവ്വാഴ്ച നടത്തിയ ലേലത്തിൽ ശരാശരി വില കിലോയ്ക്ക് 2357.26 രൂപയും കൂടിയ വില കിലോയ്ക്ക് 3851 രൂപയും രേഖപ്പെടുത്തി. ഒരാഴ്ചയായി ശരാശരി വില രണ്ടായിരത്തിന് മുകളിലാണ്. ഇതാണ് പെട്ടെന്ന് വില ഉയരാൻ കാരണമെന്നും വ്യാപാരികൾ പറയുന്നു. ഇതിന് മുമ്പ് 2019 ആഗസ്റ്റ് മൂന്നിന് നടന്ന ലേലത്തിലാണ് ഏലയ്ക്കാ വില റെക്കാഡ് നിരക്കായ കിലോയ്ക്ക് 7000 രൂപ രേഖപ്പെടുത്തിയത്.
എന്നാൽ പിന്നീട് കൊവിഡിനെ തുടർന്ന് ഏലയ്ക്ക വിപണി തകർച്ച നേരിടുകയായിരുന്നു. ഒരു കിലോ ഏലയ്ക്കായുടെ ചില്ലറ വില്പന 900 രൂപയ്ക്ക് താഴെയും കഴിഞ്ഞ വർഷം നടന്നിരുന്നു. ഇപ്പോൾ വില ഉയർന്നപ്പോൾ ചെറുകിട കർഷകരുടെ കൈയിലൊന്നും ഏലയ്ക്ക ഇല്ലാത്ത സ്ഥിതിയാണ്. ഇവിടെ വില കൂടുമ്പോൾ ഗ്വാട്ടിമാല ഏലം ഇറക്കുമതി ചെയ്ത് വ്യാപാരികൾ നേട്ടം കൊയ്യാറുണ്ട്. എന്നാൽ ഇത്തവണ ഗ്വാട്ടിമാലയിലും വരൾച്ച ബാധിച്ചതിനാൽ ഉത്പാദനം തീരെ കുറഞ്ഞതായാണ് അറിവ്.
പുനർ കൃഷിക്ക് വൻചെലവ്
കടുത്തവേനലിൽ ഏലം കരിഞ്ഞുണങ്ങി ആദായം നഷ്ടപ്പെട്ട കർഷകർ ഇനി നേരിടുക പുനർ കൃഷിക്കുള്ള തട്ടയുടെ (തൈ) ക്ഷാമം. മുമ്പ് 25 മുതൽ നൂറും നൂറ്റമ്പതും വരെ നല്ലയിനത്തിൽപ്പെട്ട ഒരു ഏല തട്ടയ്ക്ക് വിലയുണ്ടായിരുന്നു. ഇക്കുറി ഇത് ഇരട്ടിയാകുമെന്ന ഭീതിയിലാണ് കർഷകർ. ഇപ്പോൾ തന്നെ 200 രൂപയായിട്ടുണ്ട് തട്ടയുടെ വില.
കർഷകരുടെ കൈയിൽ വില്ക്കാൻ ഇനി ഏലയ്ക്കയില്ല. അതിനാൽ വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
-ആന്റണി മാത്യു (പ്രസിഡന്റ്, കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ)
കരിഞ്ഞുണങ്ങി ഏലക്കൃഷി
വരൾച്ചയിൽ ഏലക്കൃഷിയാകെ കരിഞ്ഞുണങ്ങിയത് പ്രശ്നമായി. വേനൽ ചൂടിൽ ഇടുക്കി ജില്ലയിലെ ഏലം മേഖലയിൽ 60 ശതമാനവും കരിഞ്ഞുണങ്ങിയെന്നാണ് കാർഷിക മേഖല സന്ദർശിച്ച കൃഷിവകുപ്പ് ഉന്നതതല സംഘത്തിന്റെ വിലയിരുത്തൽ.