ശരിക്കും ഈ കറുത്ത ആപ്പിളുകള്‍ സത്യമാണോ ? ബ്ലാക് ഡയമണ്ട് ആപ്പിളിനെ കുറിച്ച് അറിയാം

 ശരിക്കും ഈ കറുത്ത ആപ്പിളുകള്‍ സത്യമാണോ ? ബ്ലാക് ഡയമണ്ട് ആപ്പിളിനെ കുറിച്ച് അറിയാം

ദിവസവും ഒരു ആപ്പിൾ കഴിക്കൂ, ഡോക്ടറെ അകറ്റിനിർത്തൂ എന്ന് കേട്ടിട്ടില്ലേ ? പഴവർഗങ്ങളിൽ ആപ്പിൾ വഹിക്കുന്ന സവിശേഷ സ്ഥാനം ഇതിൽ നിന്ന് തന്നെ മനസിലാക്കാം. ലോകത്ത് അന്റാർട്ടിക്ക ഒഴിച്ചുള്ള മറ്റു ഭൂഖണ്ഡങ്ങളിലെല്ലാം ആപ്പിൾ വളർത്തപ്പെടുന്നു. യൂറോപ്പിലും അമേരിക്കൻ വൻകരകളിലുമൊക്കെ വ്യാപകമായുള്ള ആപ്പിളിന്റെ യഥാർഥ ജന്മദേശം ഏഷ്യയാണ്. മധ്യേഷ്യയിലാണ് ആപ്പിൾ ആദ്യമായി വളർന്നത്. മാലസ് സീവെർസി എന്ന കാട്ടുമരത്തിൽ നിന്നാണ് ആപ്പിൾ ഉണ്ടായതെന്ന് ഇന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു. കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, വടക്കുപടിഞ്ഞാറൻ ചൈന എന്നിവിടങ്ങളിലാണ് ഈ മരം വളരുന്നത്.

ഒരുപാട് പേരുടെ ഇഷ്ട ഫലമായ ആപ്പിളിന് വിപണിയില്‍ ആവശ്യകത അധികമാണ്. അതുകൊണ്ടുതന്നെ, സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കറുത്ത ആപ്പിള്‍ സത്യമാണോ എന്ന തിരച്ചിലിലാണ് ഏവരും. ചുവപ്പ് നിറത്തിലും പച്ച നിറത്തിലും നാം കണ്ടിട്ടുള്ള ആപ്പിള്‍ കറുപ്പ് നിറത്തിലും കായ്ക്കുന്നുണ്ടോ?

നാം ഇതുവരെ നേരില്‍ കാണാത്തതുകൊണ്ടുതന്നെ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് പറഞ്ഞ് ഉപസംഹരിക്കാനാണ് ഏവരും ശ്രമിച്ചത്. എന്നാല്‍, അത് വ്യാജനല്ല, കറുത്ത നിറത്തിലുള്ള ആപ്പിള്‍ ശരിക്കും ഉള്ളതാണ്. ഒരു വ്യത്യസ്ത പഴവർഗമാണ് ബ്ലാക് ഡയമണ്ട് ആപ്പിൾ. ടിബറ്റിൽ വളരുന്ന ഈ ആപ്പിളിന് പേരു സൂചിപ്പിക്കുന്നതു പോലെ കറുപ്പ് നിറമെന്നു തോന്നിപ്പിക്കുന്ന നിറമാണ്. യഥാർഥത്തിൽ ഈ ആപ്പിളിന് കടുത്ത പർപ്പിൾ നിറമാണ്. ഇത് കറുപ്പ് നിറമായി കണ്ണിന് അനുഭവപ്പെടുന്നതാണ്. മധുരവും പുളിയും കൂടിച്ചേർന്നുള്ള പ്രത്യേക രുചി ഇവയെ ജനപ്രിയമാക്കുന്നു. ടിബറ്റിലെ നിങ്ചി എന്ന പർവത പ്രദേശത്താണ് ഇവ വളരുന്നത്. വ്യത്യസ്തതയുള്ളതിനാൽ വിലയും കൂടുതൽ. ഒരു ആപ്പിളിന് തന്നെ 500 രൂപയൊക്കെ വിലവരും.ഇവ മാർക്കറ്റിൽ അത്ര സുലഭവുമല്ല. ധാരാളം പോഷകമൂല്യങ്ങളും ഈ ആപ്പിളിനുണ്ട്.

ഇത്തരം ആപ്പിളുകൾ ടിബറ്റിൽ മാത്രമാണ് വളരുന്നത്. മറ്റുമേഖലകളിൽ ഇതേ സാഹചര്യങ്ങളും കാലാവസ്ഥയുമുണ്ടെങ്കിലേ ഇവ വളരൂ. മലനിരകളിലുള്ള ഈ കൃഷി ബുദ്ധിമുട്ടും വലിയ അധ്വാനവും വേണ്ടതാണ്. ഈ ആപ്പിളുകൾ മൂത്തു പാകമായി പഴുക്കാനും ധാരാളം സമയമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *