വിഷു ബമ്പർ ഭാഗ്യവാനെ ഇന്നറിയാം! കാത്തിരിക്കുന്നത് 12 കോടി; നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം ∙ കേരളം കാത്തിരിക്കുന്ന വിഷു ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്കു രണ്ടിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കാരണം നറുക്കെടുപ്പിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പങ്കെടുക്കില്ല. ഈ നറുക്കെടുപ്പിനുശേഷം 10 കോടിയുടെ മൺസൂൺ ബംപർ വിപണിയിലെത്തും.
കഴിഞ്ഞ വർഷത്തെപ്പോലെ വിഷു ബംപറിന്റെ 42 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറിയും അച്ചടിച്ചത്. കഴിഞ്ഞ വർഷം മുഴുവൻ വിറ്റുപോയി. മഴ കാരണം ഇത്തവണ 15,000 ടിക്കറ്റ് ബാക്കിയാണ്. 300 രൂപയായിരുന്നു ടിക്കറ്റുവില. രണ്ടാം സമ്മാനം ഒരു കോടി വീതം 6 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും ലഭിക്കും. നാലാം സമ്മാനം 6 പേർക്ക് അഞ്ചു ലക്ഷം വീതം.
അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. വിഎ, വിബി, വിസി, വിഡി, വിഇ, വിജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ടിക്കറ്റ് വിറ്റത്. ഇന്നു പുറത്തിറക്കുന്ന മൺസൂൺ ബംപർ ടിക്കറ്റിനു 250 രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്കും നൽകും. ജൂലൈ 31നാണു നറുക്കെടുപ്പ്.