എഴുപതാം വയസിൽ ആദ്യത്തെ മുട്ടയിട്ട് ‘ഗെർട്രൂഡ്’ എന്ന ഫ്ലെമിംഗോ; പക്ഷേ, ഗെർട്രൂഡിന് അമ്മയാവാൻ സാധിക്കില്ല !
പക്ഷികൾക്ക് അതിന്റെ എഴുപതാം വയസിൽ മുട്ടയിടുമോ ? മുട്ടയിടുന്നത് പോയിട്ട് അവയ്ക്ക് അത്രയും നാൾ ആയുസുണ്ടോയെന്ന് പോലും ഉറപ്പിച്ച് പറയാനാവില്ല. എന്നാൽ എഴുപതാം വയസിൽ അങ്ങനെയൊന്ന് സംഭവിച്ചെന്ന് അവകാശപ്പെട്ട് യുകെയിലെ നോർഫോക്കിലെ പെൻസ്‌തോർപ്പ് നേച്ചർ റിസർവ് രംഗത്തെത്തി.
ഇവിടുത്തെ അന്തേവാസികളായ 65 ല്‍ അധികം വരുന്ന ഫ്ലെമിംഗോകളില്‍ ഗെർട്രൂഡ് എന്ന് വിളിപ്പേരുള്ള ഫ്ലെമിംഗോയാണ് തന്‍റെ എഴുപതാം വയസില്‍ ജീവിതത്തില്‍ ആദ്യമായി മുട്ടയിട്ടതെന്ന് പെൻസ്‌തോർപ്പ് നേച്ചർ റിസർവ് പറയുന്നു. തന്‍റെ ജീവിതകാലം മുഴുവൻ ‘പ്രണയത്തിന്‍റെ നിർഭാഗ്യത്തില്‍’ ചെലവഴിച്ചതിന് ശേഷമാണ് ഗെർട്രൂഡ് മുട്ടയിട്ടതെന്ന് റിസർവ് മാനേജിംഗ് ഡയറക്ടർ ബെൻ മാർഷൽ പറയുന്നു. അതേസമയം ഗെർട്രൂഡിന് യൌവനം കഴിഞ്ഞുവെന്നത് ആ അപൂര്‍വ്വ സംഭവത്തെ കൂടുതല്‍ സവിശേഷമാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണഗതിയില്‍ ഫ്ലെമിംഗോകള്‍ തങ്ങളുടെ സ്വാഭാവിക പരിതസ്ഥിതിയില്‍, കാടുകളില്‍ 40 വയസുവരെ മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ. ഗെർട്രൂഡിനാകട്ടെ വയസ് 70 -തായി. ഗെർട്രൂഡിന് മുട്ട വന്ധ്യതയാണ്. എഴുപതാം വയസില്‍ ഗെർട്രൂഡ് ഇട്ട മുട്ട വിരിയുകയില്ല. എങ്കിലും ആദ്യ മുട്ടയിട്ട ശേഷം അവളുടെ മാതൃത്വ പ്രകടം ആവിസ്മരണീയമായിരുന്നുവെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു. ഗിൽ എന്ന് പേരിട്ടിരിക്കുന്ന 37 വയസ്സുള്ള ഫ്ലെമിംഗോയാണ് ഗെർട്രൂഡിന്‍റെ പങ്കാളി. ഗെർട്രൂഡിന്‍റെ മുട്ട വിരിയില്ലെങ്കിലും മറ്റ് നിരവധി ഫ്ലെമിംഗോകളുടെ മുട്ട ഈ വര്‍ഷം വിരിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗെർട്രൂഡിന് സ്വന്തമായി കുട്ടികളുണ്ടാകില്ലെങ്കിലും മറ്റ് കുട്ടികളെ വളര്‍ത്താനും പരിപാലിക്കാനും അവളും തയ്യാറാകും.
അഞ്ച് ആറ് വര്‍ഷം പ്രായമാകുമ്പോള്‍ തന്നെ ഫ്ലെമിംഗോകള്‍ സാധാരണയായി ഇണകളെ കണ്ടെത്തി സ്വന്തം കുടുംബം ആരംഭിക്കുന്നു. ഇണകളെ ആകര്‍ഷിക്കുന്നതിനായി ആണ്‍ ഫ്ലെമിംഗോകള്‍ ചിറക് വിടര്‍ത്തി മനോഹരമായ രീതിയില്‍ നൃത്ത ചുവടുകള്‍ വയ്ക്കുന്നു. ഒരു ഇണചേരൽ സീസണിൽ ഇവ ഒരു മുട്ട മാത്രമാണ് ഇടുക. സാധാരണയായി ദ്വീപുകളിലോ തടാകത്തിന്‍റെ തീരപ്രദേശങ്ങളിലോ ആണ് ഇവ കൂടുണ്ടാക്കുക. ഭൂമിക്ക് മുകളില്‍ 12 ഇഞ്ച് വരെ ഉയരമുള്ള കൂടുണ്ടാക്കി അവയിലാണ് ഇവ മുട്ടകളിടുന്നത്. ഏതാണ്ട് ആറ് ആഴ്ചവരെ സമയം വേണം ഒരു മുട്ട വിരിയാന്‍. മാതാപിതാക്കള്‍ ഇരുവരും മാറി മാറി അടയിരുന്നാണ് മുട്ട വിരിയിക്കുക. ഒരാള്‍ ഭക്ഷണം തേടുമ്പോള്‍ മറ്റേയാള്‍ അടയിരിക്കുന്നു.