ഒന്നര മാസം മുൻപ് ദുബായിലെ ബാങ്ക് അക്കൗണ്ടിൽ 100 കോടി യുഎഇ ദിർഹം എത്തി; എന്ത് ചെയ്യണമെന്നറിയാതെ പ്രവാസി
തൊടുപുഴ: തന്റെ ബാങ്ക് അക്കൗണ്ടിൽ 2261 കോടി രൂപ എത്തിയതിന്റെ അമ്പരപ്പിലാണ് പ്രവാസി മലയാളിയായ സാജു ഹമീദ്. ഒന്നര മാസം മുൻപാണ് ദുബായിലെ ബാങ്ക് അക്കൗണ്ടിൽ 100 കോടി യുഎഇ ദിർഹം എത്തിയത്. ബാങ്കുകാർ തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാജു. എന്നാൽ ഒന്നരമാസം കഴിഞ്ഞിട്ടും ബാങ്ക് പണം തിരിച്ചെടുക്കാതിരുന്നത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.
തൊടുപുഴ വെങ്ങല്ലൂർ പുളിക്കലൽ സാജു ഹമീദ് ദുബായിൽ ബിസിനസ് ചെയ്യുകയാണ്. ഒന്നര മാസം മുൻ ദുബായിൽ ഉള്ളപ്പെഴാണ് അക്കൗണ്ടിൽ ഭീമമായ തുക ക്രെഡിറ്റായത് ശ്രദ്ധയിൽപ്പെട്ടത്. ബാങ്കിനു പറ്റിയ അബദ്ധമായിരിക്കുമെന്നും കുറച്ചു ദിവസങ്ങൾക്കകം പണം തിരികെയെടുക്കുമെന്നാണ് കരുതിയത്.
ദുബായിൽ ബാങ്കിൽ ജോലി ചെയ്യുന്ന സുഹൃത്തും സാജുവിനോട് ഇതാണ് പറഞ്ഞത്. ഇതുപ്രകാരം പണം പിൻവലിക്കാതെ കാത്തിരിക്കുകയാണ് സാജു. ഒരു മാസത്തോളമായി സാജു നാട്ടിലുണ്ട്. അടുത്ത മാസം തിരികെ ഗൾഫിൽ എത്തിയ ശേഷം ബാങ്കിൽ നേരിട്ടെത്തി വിവരം പറയാനാണ് സാജുവിന്റെ തീരുമാനം.