രാജ്യത്ത് പെൺകുട്ടികളിൽ പുകവലി ശീലം കൂടുന്നു, ആൺകുട്ടികളിൽ കുറയുന്നു; ഞെട്ടിക്കുന്ന കണക്ക് ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്ത് പുകയില ഉൽപ്പന്നങ്ങളുടെ ആകെ ഉപഭോഗം കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാൽ കൗമാരക്കാരായ പെൺകുട്ടികളിൽ ഈ ശീലം കുത്തനെ കൂടിയതായി റിപ്പോർട്ടിൽ പറയുന്നു. 2009 നും 2019 നും ഇടയിൽ കൗമാരക്കാരായ പെൺകുട്ടികളിൽ പുകവലി ശീലം 3.8 ശതമാനം ഉയർന്നു. എന്നാൽ ഇതേ പ്രായക്കാരായ ആൺകുട്ടികളിൽ ഇതേ സമയത്ത് വളർച്ചാ നിരക്ക് 2.3 ശതമാനമാണ്.
മുതിർന്ന സ്ത്രീകളിലും പുകവലി കൂടുന്നുണ്ട്. എന്നാൽ പ്രായമായ സ്ത്രീകൾ ഈ ശീലം ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്ന് കണക്കുകൾ പറയുന്നു. മുതിർന്ന പുരുഷന്മാരിൽ പുകവലി ശീലം 2.2 ശതമാനം കുറഞ്ഞപ്പോൾ സ്ത്രീകളിൽ ഇത് 0.4 ശതമാനം മാത്രമാണ് കുറഞ്ഞത്. 2019 ലെ കണക്ക് പ്രകാരം പെൺകുട്ടികളിൽ പുകവലിക്കുന്നവർ 6.2 ശതമാനമാണ്. 2017 ലെ കണക്ക് പ്രകാരം ആകെ സ്ത്രീകളിൽ 1.5 ശതമാനമാണ് പുകവലിക്കാർ.
പുകവലി ശീലമാക്കിയവ സ്ത്രീകളും പുരുഷന്മാരും തമ്മിൽ വലിയ അന്തരമില്ലെന്ന് പഠനം തെളിയിക്കുന്നു. 2019 ൽ 7.4 ശതമാനം പെൺകുട്ടികളും 9.4 ശതമാനം ആൺകുട്ടികളും പുകവലി ശീലമുള്ളവരെന്നാണ് കണക്ക്. അതേസമയം 2040 ആകുമ്പോഴേക്കും പുകവലി ജനം തീർത്തും ഉപേക്ഷിക്കുന്ന നിലയിൽ കാര്യങ്ങളെത്തിക്കാനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ട് മുന്നോട്ട് വെക്കുന്നുണ്ട്. 2022 ന് ശേഷം ജനിക്കുന്ന കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങളുടെ ലഭ്യത കുറയ്ക്കാനുള്ള വഴികളാണ് നിർദ്ദേശിച്ചിരിക്കുന്നത്. പുകയില ഉൽപ്പന്നങ്ങളുടെ പരസ്യമോ പ്രചാരണമോ അനുവദിക്കരുത്, പുതിയ പുകയില ഉൽപ്പന്നങ്ങൾ വിലക്കണം, പാക്കറ്റുകളുടെ പുറം കവർ ശൂന്യമായിരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.
പുകവലി ശീലമാക്കുന്നതിലൂടെ ശ്വാസകോശ സംബന്ധികയായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വലിയ തോതിൽ വർധിക്കുന്നുണ്ട്. ശ്വാസകോശ കാൻസറും ഹൃദ്രോഗത്തിനും സാധ്യത വർധിക്കുന്നു. സ്ത്രീകളിൽ ഗർഭപാത്രം ചുരുങ്ങുന്നതിനും, മാസം തികയാതെ പ്രസവിക്കുന്നതിനും കുട്ടികൾക്ക് ശ്വാസകോശ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കുഞ്ഞിന് ജന്മനാ വൈകല്യങ്ങൾക്കുള്ള സാധ്യതകളും കൂടുതലാണ്. പ്രസവ സമയത്ത് കൂടുതൽ ബ്ലീഡിങിനുള്ള സാധ്യതയുമുണ്ട്.
സ്ഥിരമായി പുകവലിക്കുന്ന സ്ത്രീകൾക്ക് 50 വയസിന് മുൻപ് ആർത്തവ വിരാമത്തിന് 43% സാധ്യത കൽപ്പിക്കപ്പെടുന്നു. സ്ഥിരമായി പുകവലിക്കുന്ന സ്ത്രീകൾക്ക് 50 വയസിന് മുൻപ് പുരുഷന്മാരേക്കൾ ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് 2019 ൽ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനം സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീ ശരീരത്തിലെ ഈസ്ട്രജനും പുകയിലയിലെ രാസപദാർത്ഥങ്ങളും തമ്മിൽ കൂടിച്ചേരുന്നതാവാം ഈ സ്ഥിതിക്ക് കാരണമെന്ന് കരുതപ്പെടുന്നു. ഗർഭാശയമുഖത്തെ കോശങ്ങളിലെ ഡിഎൻഎ തകരാറിലാവാനും അതുവഴി കാൻസർ വരാനുള്ള സാധ്യതകളും പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. സ്തനാർബുദം മൂല്യം മരണസാധ്യത പുകവലിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് കൂടുതൽ പുകവലിക്കുന്ന സ്ത്രീകളിലാണെന്നും പഠനങ്ങൾ പറയുന്നുണ്ട്.