പായസമല്ല! സേമിയ കൊണ്ട് മറ്റൊരു കിടിലൻ മധുരം ഇതാ
സേമിയ എന്ന് കേൾക്കുമ്പോൾ പായസം ആണ് ആദ്യം മനസ്സിലേയ്ക്ക് എത്തുക. സേമിയ ഉപയോഗിച്ച് ഉപ്പുമാവും തയ്യാറാക്കാം. എന്നാൽ ഇവയൊന്നുമല്ലാതെ സേമിയയും ഡ്രൈ ഫ്രൂട്സും ചേർത്തൊരു മധുരം തയ്യാറാക്കാം. വളരെ എളുപ്പത്തിൽ ഈ മധുരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
Step 1:
ഒരു പാൻ ചൂടാക്കി അതിൽ നെയ്യ് ചേർത്ത് ഉരുക്കിയെടുക്കുക. ഇതിലേയ്ക്ക് ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചേർത്ത് രണ്ട് മിനിറ്റോളം ഒന്ന് വഴറ്റിയെടുക്കുക. ഏലയ്ക്കാപ്പൊടി, കശുവണ്ടി, ഉണക്കമുന്തിരി, ബദാം എന്നിവ കൂടെ ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് നേരം വറുത്തെടുക്കുക.
Step 2:
ഇതിലേയ്ക്ക് സേമിയ കൂടെ ചേർത്ത് സേമിയയുടെ നിറം മാറി വരുന്നത് വരെ ഏകദേശം 3-4 മിനിറ്റ് ഇളക്കികൊടുക്കുക.
Step 3:
ഖോയ കൂടെ ചേർത്ത് നന്നായി ഇളക്കുക. ഖോയ നന്നായി അലിഞ്ഞ്, സേമിയ മൃദുവാകുന്നത് വരെ പാകം ചെയ്യണം.
Step 4:
ഇതിലേയ്ക്ക് ചൂടുവെള്ളം കൂടെ ചേർക്കുക. വെള്ളം തിളച്ച് വറ്റി വരണം. എന്നാൽ ഡ്രൈ ആകാതിരിക്കാനും ശ്രദ്ധിക്കണം. ഇതിലേയ്ക്ക് പഞ്ചസാര കൂടെ ചേർത്ത് നന്നായി ഇളക്കണം.
Step 5:
തുടർച്ചയായി ഇളക്കികൊണ്ടേയിരിക്കണം. മീഡിയം തീയിൽ 3-4 മിനിറ്റ് പാകം ചെയ്യുക. ഇനി തീ അണച്ച് ഒരു പത്ത് മിനിറ്റ് ഇതൊന്ന് മാറ്റി വെയ്ക്കാം. ശേഷം പിസ്ത, ബദാം എന്നിവ ചേർത്ത് അലങ്കരിച്ച ശേഷം രുചികരമായ ഈ സേമിയ മധുരം വിളമ്പാവുന്നതാണ്.