ബാർ കോഴ: യു.ഡി.എഫ് പ്രക്ഷോഭത്തിന്​, ലോക കേരള സഭയിൽ പങ്കെടുക്കില്ല

 ബാർ കോഴ: യു.ഡി.എഫ് പ്രക്ഷോഭത്തിന്​, ലോക കേരള സഭയിൽ പങ്കെടുക്കില്ല

തിരുവനന്തപുരം: ബാർ കോ​ഴ ആരോപണത്തിൽ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ്​ പ്രക്ഷോഭത്തിലേക്ക്​. കന്റോൺമെന്റ് ഹൗസിൽ ചേർന്ന യു.ഡി.എഫ് ഏകോപനസമിതി യോ​ഗത്തിലാണ് തീരുമാനം. ആദ്യപടിയായി ഘടകകക്ഷികൾ അവരുടേതായ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിക്കും. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്​ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി വിഷയം ഉന്നയിക്കും.

പ്രവാസിക്ഷേമം എന്ന വ്യാജേന കോടിക്കണക്കിന് രൂപ ധൂർത്തടിക്കുന്ന ലോക കേരള സഭയിൽ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കില്ലെന്നും മുന്നണി കൺവീനർ എം.എം. ഹസൻ വ്യക്തമാക്കി. അതേസമയം, പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ യു.ഡി.എഫിന്റെ പ്രവാസി സംഘടന പ്രതിനിധികൾക്ക് ലോക കേരള സഭയിൽ പങ്കെടുക്കാം.

സ്പീക്കർ അധ്യക്ഷനായി നിയമസഭയുടെ മാതൃകയിൽ ലോക കേരള സഭ നടത്തുന്നുവെന്ന ആശയത്തിനോട് യു.ഡി.എഫിന് വിയോജിപ്പുണ്ട്. പ്രതിനിധികൾ ബില്ല് അവതരിപ്പിക്കുന്നതും മുഖ്യമന്ത്രി അം​ഗീകരിക്കുന്നതുമൊക്കെ അനുചിതമാണ്. നിയമസഭയുടെ ശങ്കരൻ തമ്പി ഹാളിൽ പരിപാടി നടക്കുന്നുവെന്നതല്ലാതെ നിയമസഭയുമായി ഈ പരിപാടിക്ക് ഒരു ബന്ധവുമില്ല. കഴിഞ്ഞ ലോക കേരള സഭകളുടെ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാണോയെന്നും ഹസൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *