തൃശൂരില്‍ കഞ്ചാവ് വേട്ട, 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍
തൃശൂര്‍: ഒറീസയില്‍ നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്ന 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ കൊടകരയില്‍ പൊലീസ് പിടികൂടി. എറണാകുളം ജില്ല കോടനാട് സ്വദേശി കോട്ട വയല്‍ വീട്ടില്‍ അജി വി നായര്‍ 29 വയസ്സ്, പാലക്കാട് ആലത്തൂര്‍ ചുള്ളി മട സ്വദേശി ശ്രീജിത്ത് 22 വയസ് എന്നിവരെയാണ് കൊടകര സബ് ഇന്‍സ്‌പെക്ടര്‍ ശ്രീമതി സി ഐശ്വര്യ അറസ്റ്റു ചെയ്തത്.
ഒറീസയിലെ ഭ്രാംപൂരില്‍ നിന്ന് കാറില്‍ രഹസ്യമായി കൊണ്ടുവന്നിരുന്ന കഞ്ചാവാണ് നെല്ലായി ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെ കൊടകര പൊലീസും, ജില്ലാ ലഹരി വിരുദ്ധ സേനയും, ചാലക്കുടി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കഞ്ചാവ് കടത്തിയ ഹ്യുണ്ടായ് വെര്‍ണ്ണ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് ചാക്കുകളില്‍ കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ ഒരു കോടിയോളം രൂപ വിലമതിക്കും. മധ്യ കേരളത്തിലെ യുവാക്കളെ മയക്കു മരുന്നിനടിമകളാക്കാവുന്ന കഞ്ചാവു ശേഖരമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി നടന്നുവരുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിനിടെ കേരളത്തിലേക്ക് വന്‍ കഞ്ചാവു ശേഖരം കടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്ന് തൃശൂര്‍ റേഞ്ച് ഡി ഐ ജി ശ്രീമതി അജിത ബീഗം ഐ പി എസ്സിന്റെ നിര്‍ദേശാനുസരണം തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മ്മ ഐ പി എസിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ടു നിന്ന അന്വേഷണത്തിലൊടുവിലാണ് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് ശൃംഖലകളിലൊന്നിനെ പിടികൂടാന്‍ സാധിച്ചത്. എറണാകുളം കേന്ദ്രീകരിച്ചുള്ള വില്‍പ്പനക്കായാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സൂചനയെന്നും ഈ സംഘത്തിലെ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായും പൊലീസ് അറിയിച്ചു.
മധ്യ കേരളത്തില്‍ വില്‍പ്പനക്കായി കൊണ്ടു വന്ന കഞ്ചാവാണ് നെല്ലായിയില്‍ നിന്ന് പിടികൂടിയത്. രണ്ട് മാസത്തിലധികമായി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ടീം നടത്തിയ പരിശ്രമത്തെ തുടര്‍ന്നാണ് ഈ സംഘത്തെ ഇത്ര വലിയ തോതിലുള്ള കഞ്ചാവ് സഹിതം പിടികൂടാന്‍ കഴിഞ്ഞത്. വളരെ ആസൂത്രിതമായി ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലാണ് കേരളാതിര്‍ത്തി കടത്തി കഞ്ചാവ് കൊണ്ടു വരുന്നത്.