ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരൻ; ചിത്രം വരച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഒന്നരവയസുകാരൻ
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ കലാകാരൻ എന്ന ബഹുമതി നേടിയിരിക്കുകയാണ് ഘാന സ്വദേശിയായ എയ്സ് ലിയാം നാനാ സാം അങ്ക്റ (Ace Liam Nana Sam Ankrah). ഒന്നരവയസിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ കൊച്ചു കലാകാരൻ. ഈ കലാകാരന്റെ ഒമ്പതോളം പെയിന്റിംഗുകള്‍ ഇതിനോടകം വിറ്റുപോയി.
എയ്സ് ലിയാമിന്റെ കഴിവുകള്‍ റിപ്പബ്ലിക് ഓഫ് ഘാനയുടെ പ്രഥമ വനിതയില്‍ നിന്നും ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ നിന്നുമുള്ള അഭിനന്ദനവും നേടി. ഘാനയിലെ മ്യൂസിയം ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന ‘ദി സൗണ്ട്ഔട്ട് പ്രീമിയം എക്സിബിഷന്’ എന്ന തന്റെ ആദ്യ ചിത്ര പ്രദര്‍ശനത്തില്‍ എയ്സ് ലിയാമിന്റെ ഇരുപതില്‍ അധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ചിത്ര പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്ന 10 ചിത്രങ്ങള്‍ എയ്സ് ലിയാം വില്പനയ്ക്ക് വച്ചിരുന്നു. ഇവയില്‍ ഒമ്പതെണ്ണവും വിറ്റ് പോയി.
എയ്സ് ലിയാം നാനാ സാം അങ്ക്റയുടെ അമ്മ ചാന്റല്ലെ, ഒരു ചിത്രകാരിയാണ്. എയ്സിന് ആറ് വയസുള്ളപ്പോഴാണ് ചാന്റെല്ലെ മകന്റെ ചിത്രരചാനാ അഭിരുചി മനസിലാക്കിയത്. ‘ഞാന്‍ ഒരു കമ്മീഷന് വര്‍ക്കില്‍ ജോലി ചെയ്യുമ്പോള്‍, അന്ന് ആറ് മാസം പ്രായമുള്ള ഏയ്സിനെ സ്വസ്ഥനായി ഇരുത്താനായി ഞാന്‍ നിലത്ത് ഒരു ക്യാന്‍വാസ് വിരിച്ചു. പിന്നീട് അതില്‍ കുറച്ച് പെയിന്റ് ഒഴിച്ച് ഏയ്സിനെ അതിലിരുത്തു. മുട്ടില്‍ ഇഴയുന്ന പ്രായത്തില്‍ അന്ന് അവന് ആ ക്യാന്‍വാസ് നിറയതെ പെയിന്റ് പടർത്തി. അതാണ് ഏയ്സിന്റെ ആദ്യത്തെ മാസ്റ്റര്‍പീസ് ചിത്രം, ‘ദി ക്രാൾ’. ചാന്റെല്ലെ മകന്റെ ആദ്യ ചിത്രത്തെ കുറിച്ച് വിവരിച്ചു.
‘സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവന് ചിത്രം വരയ്ക്കാന്‍ ചെയ്യാന്‍ ആവശ്യപ്പെടും. അങ്ങനെ ഇരുകാലില്‍ എഴുന്നേറ്റ് നില്‍ക്കുന്നതിന് മുമ്പ് തന്നെ ചിത്രരചന അവന്റെ പ്രിയപ്പെട്ട ഒന്നായി മാറി. അവന്റെ അമൂര്‍ത്തമായ ചിത്രങ്ങള്‍ അവന് ചുറ്റുമുള്ള ലോകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. നിറങ്ങൾ, ഓരോ വരയുടെയും ആകൃതികൾ, ടെക്സ്ചറുകൾ, അവന്റെ മാനസികാവസ്ഥ. ഓരോ ചിത്രവും മറ്റൊന്നില്‍ നിന്നും വ്യത്യസ്തമാക്കാനുള്ള അവന്റെ ജിജ്ഞാസയുടെയും സന്തോഷത്തിന്റെയും പ്രകടനമാണ്.’ ചാന്റെല്ലെ കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരന് (പുരുഷൻ) എന്ന റെക്കോർഡ് ലഭിച്ചതിനാല്‍ എയ്സിന്റെ ചിത്രകലാഭിരുചിയെ കൂടുതല്‍ മികച്ചതാക്കാനായി അവനെ എവിടെ പഠിപ്പിക്കും എന്ന അന്വേഷണത്തിലാണ് എയ്സിന്റെ അമ്മയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.