ഒസാമ ബിൻ ലാദന്റെ പേരിൽ ബിയർ എത്തി; സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ പ്രിയ ബ്രാൻഡായി മാറിയത് ചെറിയ സമയത്തിനുള്ളിൽ
കൊടും ഭീകരൻ ഒസാമ ബിൻ ലാദൻറെ പേരിൽ ബിയർ എത്തി. ബ്രിട്ടനിലെ ലിങ്കൺഷെയറിലുള്ള മൈക്രോ ബ്രൂവറിയാണ് ഒസാമ ബിൻ ലാഗർ എന്ന ബ്രാൻഡിൽ ബിയർ വിപണിയിലെത്തിച്ചിരിക്കുന്നത്. “ഒസാമ ബിൻ ലാഗർ.. ഇത് സ്ഫോടനാത്മകമാണ്’ എന്നാണ് പുതിയ ബിയറിന് കമ്പനി നൽകിയിരിക്കുന്ന പരസ്യവാചകം. സംഭവം വിപണിയിലെത്തിയതിന് പിന്നാലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ പ്രിയ ബ്രാൻഡായി മാറിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.
അൽ ഖ്വയ്ദയുടെ സ്ഥാപകനായ ലാദൻറെ പേരിൽ പുറത്തിറങ്ങിയ ബിയർ യുവാക്കൾക്കിടയിൽ മാത്രമല്ല, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാ പ്രായക്കാർക്കും പ്രിയങ്കരമായി മാറിയിരിക്കുന്നു. മികച്ച രുചിയും അനുഭൂതിയുമാണ് ബിയർ ജനപ്രിയമാകാൻ കാരാണം. ബിയർ വൈറലായതിനെത്തുടർന്നു ധാരാളം പേരാണ് ബിയർ വാങ്ങാനെത്തുന്നത്.
അതിശയകരമായ ബ്രാൻഡിൽ ലഹരിപാനീയങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ലിങ്കൺഷെയറിലെ ബ്രൂവറി.ചക്രവർത്തിമാരുടെയും രാഷ്ട്രനേതാക്കളുടെയും പേരുകളിൽ വിവിധതരം മദ്യം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് തീവ്രവാദിയുടെ പേരിൽ മദ്യം വിപണിയിലെത്തുന്നത്. കിം ജോംഗ് ആലെ, പുടിൻ പോർട്ടർ എന്നിവ ബ്രൂവറിയുടെ മറ്റു ബിയർ ബ്രാൻഡ് ആണ്. ഇതും യുകെയിലെ ജനപ്രിയ ബിയർ ബ്രാൻഡ് ആണ്.
ദമ്പതികളായ ലൂക്ക്, കാതറിൻ മിച്ചൽ എന്നിവരാണ് ബ്രൂവറി നടത്തുന്നത്. “ഒസാമ ബിൻ ലാഗർ’ വിറ്റുകിട്ടുന്നതിൻറെ വരുമാനത്തിൻറെ ഒരു ഭാഗം, സെപ്റ്റംബർ 11ന് ഒസാമ ബിൻ ലാദൻ നടത്തിയ ഭീകരാക്രമണത്തിലെ ഇരകളുടെ ക്ഷേമത്തിനായി നൽകുമെന്ന് ബ്രൂവറി ഉടമകൾ പറഞ്ഞു.