സ്വർണം വാങ്ങാൻ പറ്റിയ സമയം? അറിയാം ഇന്നത്തെ നിരക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. രണ്ടാഴ്ചയ്ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്.
യു എസ് ഫെഡ് റിസർവ് പലിശ ഉയർത്തില്ലെന്ന സൂചന കിട്ടിയതോടെ സ്വർണ നിക്ഷേപം കുറഞ്ഞിരുന്നു. തിങ്കളാഴ്ച റെക്കോർഡ് വിലയിലെത്തിയ സ്വർണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് ഒരു കാരണമായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 90 രൂപ കുറഞ്ഞു. 6640 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വില 5520 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്നലെ മൂന്ന് രൂപ കുറഞ്ഞു, ഇന്ന് ഒരു രൂപയും. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയാണ്.