കള്ളനെ കുടുക്കും ‘ക്ലോയ്’; എൽജിയുടെ ഈ നിർമിത ബുദ്ധി വീട്ടിലുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാവും

 കള്ളനെ കുടുക്കും ‘ക്ലോയ്’; എൽജിയുടെ ഈ നിർമിത ബുദ്ധി വീട്ടിലുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാവും

ജോലിക്കുവേണ്ടി പുറത്തേയ്ക്ക് പോകുമ്പോളും തിരികെ വരുമ്പോളും വീട്ടിൽ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടാകും. തിരക്കിട്ട് അവയൊക്കെ ചെയ്യുകയും അന്നേദിവസം വേണ്ട തയ്യറെടുപ്പുകൾ നടത്തുകയുമൊക്കെ ചെയ്യും. എന്നാൽ അത്തരം കാര്യങ്ങൾക്ക് അല്പം ആശ്വാസമാകുന്നൊരു എഐ പ്രോഡക്ട് വൈകാതെ വിപണിയിലെത്തും. ഈ ഉപകാരണത്തിലൂടെ ചില കാര്യങ്ങൾക്ക് സഹായകമാകും എന്നത് മാത്രമല്ല വീട്ടിലെത്തുന്ന കള്ളനെ കുടുക്കാനും ഉപകാരപ്പെടും. ഹോം അപ്ലയൻസസ് കമ്പനിയായ എൽ.ജി ആണ് ഈ ഉപകരണത്തിന് പിന്നിൽ. നിർമ്മിതബുദ്ധിയിൽ (എ.ഐ) പ്രവർത്തിക്കുന്ന ‘ക്ലോയ്’ എന്ന റോബോട്ട് ആണ് സാധനം. ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തുമ്പോൾ പൂമുഖപ്പടിയിൽ ‘ക്ലോയ്’ ഉണ്ടാവും. ശബ്ദവും മുഖത്തെ ഭാവങ്ങളും തിരിച്ചറിഞ്ഞ് കുശലാന്വേഷണം നടത്തും. സന്ദർഭത്തിന് യോജിച്ച പാട്ടു വയ്ക്കും. അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങൾ ഓർമ്മിപ്പിക്കും.

ഗൂഗിളിന്റെ എ.ഐ മോഡലായ ജെമിനിയാണ് റോബോട്ടിൽ ഉപയോഗിച്ചിട്ടുള്ളത്.ഭാഷകളും കമ്മാൻഡുകളും അതിവേഗം പഠിച്ചെടുക്കുന്ന റോബോയെ ജൂണിൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന ഗൂഗിൾ ക്ലൗഡ് സമ്മിറ്റിൽ പ്രദർശിപ്പിക്കും. 2025 തുടക്കത്തിൽ വിപണിയിലെത്തും.

ക്ലോയ് റോബോ കള്ളൻമാരെ കുടുക്കും. മുന്നിൽ ഘടിപ്പിച്ചിട്ടുള്ള ഒന്നിലധികം ക്യാമറയിലൂടെ ചുറ്റും നടക്കുന്നതെല്ലാം റോബോ കാണും. കള്ളന്മാർ വീട്ടിൽ കയറിയാൽ കണ്ടെത്തി ഉടമയെ അറിയിക്കും. മനുഷ്യനോട് സംസാരിക്കുന്ന രീതിയിൽ വ്യക്തിവിവരങ്ങൾ പറഞ്ഞുകൊടുക്കാം. ഇത് ഓർത്തുവച്ച് വീട്ടിലുള്ളവരെ തിരിച്ചറിയുമെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ചോദ്യങ്ങൾക്ക് മനുഷ്യനെപ്പോലെ മറുപടി നൽകും. ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യും. കാലാവസ്ഥ പ്രവചിക്കാനും മഴയുള്ള ദിവസങ്ങളിൽ ട്രാഫിക്ക് ബ്ലോക്കിന് സാദ്ധ്യതയുണ്ടെന്നും നേരത്തേ ഓഫീസിലേയ്ക്ക് ഇറങ്ങണമെന്നും ഓർമ്മിപ്പിക്കാനുള്ള ശേഷിയും റോബോട്ടിനുണ്ടെന്ന് കമ്പനി പറയുന്നു.

ആതുരസേവന രംഗത്തും ക്ലോയെ പ്രയോജനപ്പെടുത്താം. ആശുപത്രി വാർഡുകളിൽ മരുന്നെത്തിക്കാനും അടിയന്തര സാഹചര്യത്തിൽ ഡോക്ടറെ വിളിക്കാനും സാധിക്കും വിധമാണ് റോബോയുടെ രൂപകല്പന. നാലു കംപാർട്ട്മെന്റുകളിലായി 30 കിലോഗ്രാം മരുന്നുവരെ സൂക്ഷിക്കാൻ സാധിക്കുന്ന മോഡലും പുറത്തിറക്കും. കിടപ്പുരോഗികളെ പരിചരിക്കാനും മരുന്നെടുത്ത് നൽകാനും കഴിവുണ്ട്. 2022 മുതൽ റോബോ നിർമ്മാണത്തിന്റെ ചർച്ച ആരംഭിച്ചെങ്കിലും കഴിഞ്ഞവർഷമാണ് രൂപകല്പന ആരംഭിച്ചത്. ദക്ഷിണ കൊറിയയിലും ചൈനയിലുമായാണ് നിർമ്മാണം. 11 മണിക്കൂർ വരെ റോബോട്ടിലെ ബാറ്ററി ചാർജ് നിലനിൽക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *