അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു

 അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു

കോഴിക്കോട്∙ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5) ആണു മരിച്ചത്.

മൂന്നിയൂറിലെ കുളത്തിൽ കുളിച്ചതിനെ തുടർന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂർച്ഛിക്കുകയും ചെയ്തത്. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കൽ കോളജിൽ വച്ചാണ് ഫദ്‌വയ്ക്ക് അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. പല മരുന്നുകൾ നൽകി രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയിൽ ഈ രോഗത്തിന് മരുന്നില്ലാത്തതിനാൽ പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അതിന് സാധിച്ചിരുന്നില്ല. കുട്ടിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതോടെ കൂടെ കുളിച്ച ബന്ധുക്കളായ നാല് കുട്ടികളെ കോഴിക്കോട് മെഡി. കോളജിൽ നിരീക്ഷണത്തിലാക്കുകയും പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഈ നാല് കുട്ടികൾ രോഗലക്ഷണങ്ങൾ മാറിയതോടെ ആശുപത്രി വിടുകയും ചെയ്തിരുന്നു. 100 ശതമാനത്തിനടുത്ത് മരണനിരക്കുള്ള രോഗമാണ് മസ്തിഷ്‌ക ജ്വരമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. അതേസമയം, മൂന്നിയൂർ പ്രദേശത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണ്.

ഈ മാസം 13 മുതൽ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി. 8 ദിവസമായി വെന്റിലേറ്ററിലായിരുന്നു. കബറടക്കം ഇന്നു കടവത്ത് ജുമാ മസ്ജിദിൽ നടക്കും.

സഹോദരങ്ങൾ: ഫംന, ഫൈഹ.സ്രവ പരിശോധനാഫലം നെഗറ്റീവായി നിരീക്ഷണത്തിലുണ്ടായിരുന്ന മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *