മഴ കനക്കുന്നു; അതിരപ്പള്ളിയും വാഴച്ചാലും അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടയ്ക്കാൻ തീരുമാനം
തൃശൂര്‍: സംസ്ഥാനത്ത് മഴ കനത്തതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിടാൻ തീരുമാനമായി. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന അതിരപ്പള്ളിയും വാഴച്ചാലും അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനാണ് തീരുമാനം. തൃശ്ശൂരിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാച്ചിരിക്കുന്നത്.
വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂർമുഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രവേശനം നിര്‍ത്തിയിട്ടുണ്ട്. നാളെ മുതല്‍ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും തന്നെ പ്രവേശനമുണ്ടായിരിക്കില്ല.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരേക്കാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മഴ കനക്കുന്നതിനൊപ്പം തന്നെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയായിരിക്കും വരും ദിവസങ്ങളില്‍ എന്നും മുന്നറിയിപ്പുണ്ട്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ജനങ്ങള്‍ ജാഗ്രതയോടെ തുടരേണ്ടതാണ്. പ്രത്യേകിച്ച് മലയോര മേഖലകളില്‍ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും. അന്തര്‍സംസ്ഥാന യാത്രയ്ക്കും നിയന്ത്രണമുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് നാലെ വരെ മാത്രമാണ് അനുവദിക്കുന്നത്.
മരം വീഴുന്നതും, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തങ്ങളും പതിയിരിക്കുന്ന കാലാവസ്ഥയാണിത്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള സാധ്യത കാണുന്നിടങ്ങളില്‍ നിന്നെല്ലാം അകലം പാലിക്കുന്നതാണ് ഉചിതം.