മോശം കാലാവസ്ഥ; ലഭിക്കുന്ന വാർത്തയിൽ ആശങ്ക; അപകടസ്ഥലം ഇനിയും കണ്ടെത്താനായിട്ടില്ല; പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന് ജനത
ടെഹ്റാന്: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഹെലികോപ്റ്റര്‍ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായിട്ടില്ല. അപകട സ്ഥലത്തുനിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. കനത്ത മഴയും കാറ്റും മൂടല്‍മഞ്ഞുമാണ് രക്ഷാപ്രവര്‍ത്തനം വൈകിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രസിഡന്റിന്റെ ആരോഗ്യം സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി 40 ടീമുകളെയാണ് അയച്ചിരിക്കുന്നത്. ഡ്രോണുകളും ആംബുലന്‍സുകളും രക്ഷാസംഘത്തിനൊപ്പമുണ്ട്. ഹെലികോപ്റ്ററിലുള്ളവരുമായി ബന്ധപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രസിഡന്റിനായി പ്രാര്‍ത്ഥിക്കാന്‍ ഇറാന് ജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രസിഡന്റിനായി പ്രാര്‍ത്ഥനകള്‍ നടക്കുകയാണ്. ഇറാന് ദേശിയ ടെലിവിഷന്‍ പ്രസിഡന്റിനായുള്ള പ്രാര്‍ത്ഥന സംപ്രേക്ഷണം ചെയ്തു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി എന്നാണ് ഇറാന് വാര്‍ത്ത ഏജന്‍സി വ്യക്തമാക്കിയത്. പ്രസിഡന്റിന്റെ ഹെലികോപ്റ്ററിനൊപ്പമുണ്ടായിരുന്ന മറ്റൊരു ഹെലികോപ്റ്ററും അപകടത്തില്‍പ്പെട്ടെന്നും ഏജന്‍സി വ്യക്തമാക്കി.
അസര്ബൈജാന് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ജോല്‍ഫ നഗരത്തില്‍ വച്ചാണ് അപകടമുണ്ടായത്. തലസ്ഥാനമായ ടെഹ്റാനില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അപകടമെന്ന് ഇറാന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. വിദേശകാര്യ മന്ത്രി ഹുസൈന് ആമിര്‍ അബ്ദുല്ലാഹിയാനും കിഴക്കന്‍ അസര്ബൈജാന് പ്രവിശ്യയുടെ ഗവര്‍ണര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു.