ഇത് കാട്ടിലെ എ ഐ മാജിക്! വിവരങ്ങൾ ഇനി വിരൽത്തുമ്പകലെ; സ്വപ്ന പദ്ധതിക്ക് ചിറകുകൾ നൽകാൻ റെയിൽവേ

 ഇത് കാട്ടിലെ എ ഐ മാജിക്! വിവരങ്ങൾ ഇനി വിരൽത്തുമ്പകലെ; സ്വപ്ന പദ്ധതിക്ക് ചിറകുകൾ നൽകാൻ റെയിൽവേ

പാലക്കാട്: കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത കണ്ടെത്തി സുരക്ഷാ നടപടികൾ മുൻകൂട്ടി സ്വീകരിക്കാൻ പുത്തൻ പദ്ധതികളുമായി റെയിൽവേ. അപകടങ്ങൾക്ക് തടയൊരുക്കാൻ എ.ഐ ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഒരുമാസത്തിനിടെ ട്രെയിൻ തട്ടി രണ്ട് കാട്ടാനകൾ ചരിഞ്ഞതോടെയാണ് റെയിൽവേ പുതിയ നടപടികൾക്കൊരുങ്ങുന്നത്. കോട്ടേക്കാട് ഭാഗത്തെ അപകടങ്ങൾ തടയാൻ എ.ഐയിൽ പ്രവർത്തിക്കുന്ന ഗജരാജ സംവിധാനമാകും സ്ഥാപിക്കുക.

മധുക്കര സെക്ഷനിൽ തമിഴ്നാട് വനംവകുപ്പ് എ.ഐ അടിസ്ഥാനമാക്കി വിപുലമായ കാമറ പദ്ധതി നടപ്പാക്കി. അവിടെ നിന്നു കൊട്ടേക്കാടു വരെ തുടർച്ചയായി നിരീക്ഷണം സാദ്ധ്യമാകുന്ന വിധം 32 കിലോമീറ്റർ ദൂരത്താണ് ഗജരാജ് എന്നറിയപ്പെടുന്ന എലിഫന്റ് ഇൻക്ലൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (ഇ.ഐ.ഡി.എസ്) ആരംഭിക്കുക.

വനത്തിനുള്ളിലൂടെയുള്ള ബി, എ ട്രാക്കിന് 40 മീറ്റർ പരിസരത്ത് എത്തുന്ന ആനകളുടെ സാന്നിദ്ധ്യം ലേസർ സെൻസർ വഴി സ്റ്റേഷൻ മാസ്റ്റർക്കും ലോക്കോ പൈലറ്റിനും ഉടൻ അറിയാൻ കഴിയുന്നതിനാൽ അപകടം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. ആന്ധ്രയിലെ അലിപ്പൂർദ്വാർ ഡിവിഷനിൽ ഉൾപ്പെടെ പലയിടത്തും പരീക്ഷിച്ച പദ്ധതി വിജയമാണെന്നു അധികൃതർ പറഞ്ഞു. പദ്ധതിയുടെ ലൊക്കേഷൻ സർവേ, പ്രോജക്ട് തയാറാക്കൽ, ടെൻഡർ നടപടികൾ റെയിൽവേ ഏജൻസി നടത്തും.

വിവരങ്ങൾ ഞൊടിയിടയിൽ അറിയാം

ഭൂമിക്കടിയിൽ ഒരുമീറ്റർ ആഴത്തിൽ കുഴിച്ചിട്ട ഒപ്ടിക്കൽ ഫൈബർ കേബിളിന്റെ സഹായത്തിൽ ആനയും മറ്റു വന്യമൃഗങ്ങളും ജനവാസമേഖലകളിൽ പ്രവേശിക്കുന്ന വിവരം കൺട്രോൾ സ്റ്റേഷനിൽ ലഭിക്കും. മനുഷ്യനോ മൃഗങ്ങളോ നടക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനങ്ങളെ ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ നിരന്തരം കടന്നുപോകുന്ന ലേസർ തരംഗങ്ങൾ പിടിച്ചെടുത്ത് എ.ഐ അധിഷ്ഠിത സോഫ്റ്റ്‌വെയറിൽ വിശകലനം ചെയ്താണ് വിവരം ശേഖരിക്കുക. ഇത് തത്സമയം ദ്രുതപ്രതികരണസേനയെ (ആർ.ആർ.ടി) വാട്സ്ആപ്പ്, ടെലിഗ്രാം, എസ്.എം.എസ്, ഇമെയിൽ വഴി അറിയിക്കും. മൃഗങ്ങളുടെ യഥാർത്ഥ ലൊക്കേഷൻ ജി.പി.എസ് കോർഡിനേറ്റസ് എന്നിവ സഹിതമാണ് ലഭിക്കുക.

ഓസ്‌ട്രേലിയൻ സാങ്കേതികവിദ്യയിലുള്ള സംവിധാനം രാജ്യത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മൃഗങ്ങളുടെ സാന്നിധ്യമറിയാൻ ഉപയോഗിച്ചുവരുന്നുണ്ട്. വടക്കൻ റെയിൽവേയും ഈ രീതി പിന്തുടരുന്നുണ്ട്.

വ്യക്തതയ്ക്ക് തെർമൽ ക്യാമറ

മൃഗങ്ങളുടെ സഞ്ചാരപാതയിൽ പകലും രാത്രിയുമുള്ള ചിത്രങ്ങൾ കൂടി വ്യക്തതയോടെ നല്കുന്ന തെർമൽ കാമറ സംവിധാനവും ഇതോടൊപ്പം ഉപയോഗിക്കുന്നുണ്ട്. കൺട്രോൾ റൂമിലേക്ക് മൃഗത്തിന്റെ ചിത്രം പകർത്തിനൽകാനാണ് ഇത്. പന്നിമട വനമേഖലയിൽ നാല് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. പന്നിമടയിൽ ഒരുക്കിയ നിരീക്ഷണസംവിധാനത്തിന് എട്ടുലക്ഷത്തോളം രൂപയാണ് ചെലവ്. സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കിയശേഷമാവും തുടർനടപടികളുണ്ടാവുകയെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *